6 January 2025, Monday
KSFE Galaxy Chits Banner 2

മണിരത്നവും ചോള ചരിത്രവും

എം സി വസിഷ്ഠ്
October 16, 2022 4:00 am

തിയേറ്ററുകളെ പൂരപ്പറമ്പുകളാക്കി, ബോക്സോഫീസിൽ സുനാമികൾ തീർത്തുകൊണ്ട് പൊന്നിയിൻ ശെൽവൻ എന്ന ചിത്രത്തിന്റെ ജൈത്രയാത്ര തുടരുന്നു.
നമ്മുടെ സാധാരണ സിനിമാ പ്രേക്ഷകർക്ക് എപ്പോഴും താല്പര്യമുള്ളതാണ് വലിയ കാൻവാസിൽ, ബഹുതാരങ്ങൾ അഭിനയിക്കുന്ന വലിയ ചിത്രങ്ങൾ. ആ ഒരു പൊതുനിരീക്ഷണത്തെ ശരിവെക്കുന്നതാണ് പൊന്നിയിൻ ശെൽവൻ ബോക്സോഫിൽ നേടുന്ന അഭൂതപൂർവമായ ഈ വിജയം. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ ശെൽവൻ എന്ന നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ ശെൽവൻ അഥവാ പി എസ് 1 എന്ന ചലച്ചിത്രത്തിന്റെ ആധാരവും ചോള രാജവംശത്തിലെ അധികാരങ്ങളും ഉപചാപങ്ങളും ഒക്കെയാണ്. ഇന്ത്യൻ ചരിത്രത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിലായി അധികാരം കയ്യാളിയ രണ്ട് ചോളരാജവംശങ്ങളെ നമുക്ക് കാണാം. ഒന്ന് സംഘ സാഹിത്യ കൃതികളിൽ പരാമർശിക്കപ്പെടുന്ന ചോളന്മാർ. മൗര്യ ചക്രവർത്തിയായ അശോകന്റെ ഖാൽസി ലിഖിതത്തിൽ മൗര്യ സാമ്രാജ്യത്തിനു പുറത്തുള്ള ദക്ഷിണേന്ത്യൻ രാഷ്ട്രീയ ശക്തികളിൽ ഒന്നായ ചോളന്മാരെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. ആദ്യത്തെ ചോള രാഷ്ട്രീയ ശക്തി അപ്രത്യക്ഷമായതിനു ശേഷം നാലോ അഞ്ചോ നൂറ്റാണ്ടുകൾ കഴിഞ്ഞാണ് രണ്ടാം ചോളന്മാർ അഥവാ മദ്ധ്യകാല ചോളന്മാർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

ഇന്ത്യൻ ചരിത്രത്തിൽ രണ്ട് ചോളരാജവംശങ്ങൾ ഉണ്ടെങ്കിലും രണ്ടിനെയും ബന്ധിപ്പിക്കുന്ന തെളിവുകൾ നമുക്ക് ലഭിച്ചിട്ടില്ല. ചുരുക്കത്തിൽ ഒന്നാം ചോളരാജവംശത്തിന്റെ തുടർച്ചയാണ് മദ്ധ്യകാല ചോളന്മാർ എന്നു നമുക്ക് ആധികാരികമായി പറയാൻ കഴിയില്ല. വിജയാല ചോളനാണ്(850–870 CE) രണ്ടാം ചോളരാജവംശത്തിന്റെ സ്ഥാപകൻ. ഏതാണ്ട് 850 സിഇ യിൽ ഫലഭൂയിഷ്ഠമായ കാവേരി തടത്തിലെ തഞ്ചാവൂരാണ് തന്റെ ആസ്ഥാനമായി വിജയാലൻ തെരഞ്ഞെടുത്തത്. ചോളരാജവംശം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് വിജയാലൻ വടക്കൻ തമിഴ്‌നാട് അഥവാ തൊണ്ടൈ മണ്ഡലത്തിലെ കാഞ്ചിയെ കേന്ദ്രമാക്കി ഭരിച്ചിരുന്ന പല്ലവരുടെ സാമന്തരായിരുന്നു എന്ന് കരുതപ്പെടുന്നു. 

850 ൽ സ്ഥാപിക്കപ്പെട്ട ചോളരാജവംശം ഏതാണ്ട് 1278 സിഇ വരെ ചരിത്രത്തിൽ നിലനിന്നു. ചോളരാഷ്ട്രീയ ചരിത്രത്തിന് നിരവധി ഘട്ടങ്ങളുണ്ട്. ഇതിൽ ആദ്യത്തെ ഘട്ടമാണ് ഏതാണ്ട് 850 സിഇ മുതൽ 955 സിഇ വരെ. വിജയാല ചോളൻ, ആദിത്യ ചോളൻ(870–907 CE), പരാന്തക ചോളൻ ഒന്നാമൻ(907–955CE) എന്നിവരായിരുന്നു ഈ ഘട്ടത്തിലെ ചോളഭരണാധികാരികൾ. ചോള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും സങ്കീർണ്ണമായ കാലഘട്ടമായിരുന്നു 955 മുതൽ 985 വരെയുള്ള കാലഘട്ടം. അതായത് പരാന്തക ചോളൻ ഒന്നാമന്റെ മരണം മുതൽ രാജരാജ ചോളൻ ഒന്നാമൻ അധികാരത്തിലെത്തുന്നത് വരെയുള്ള കാലഘട്ടം. പരാന്തക ചോളൻ ഒന്നാമന്റെ മരണത്തിന് ശേഷം അധികാരത്തിലെത്തിയത് ഗണ്ഡാരാദിത്യ ചോളനായിരുന്നു. എന്നാൽ വളരെ കുറച്ചു കാലം മാത്രമേ ഗണ്ഡാരാദിത്യ ചോളൻ അധികാരത്തിലുണ്ടായിരുന്നുള്ളു. ഗണ്ഡാരാദിത്യനുശേഷം രാജാവാകേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ മകൻ ഉത്തമ ചോളനായിരുന്നുവെങ്കിലും ഉത്തമ ചോളന് പ്രായക്കുറവുള്ളത് കൊണ്ട് അധികാരത്തിലെത്തിയത് ഗണ്ഡാരാദിത്യ ചോളന്റെ സഹോദരൻ അരിഞ്ജയ ചോളനായിരുന്നു. അരിഞ്ജയ ചോളന്റെ മരണത്തെ തുടർന്ന് അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ മകനായ സുന്ദര ചോളനായിരുന്നു. 

സുന്ദര ചോളൻ അഥവാ പരാന്തക ചോളൻ രണ്ടാമന്റെ അവസാന കാലഘട്ടത്തിലൂടെയാണ് നോവലിന്റേയും ചലച്ചിത്രത്തിന്റെയും കഥാതന്തു വികസിക്കുന്നത്. സുന്ദരചോളന്റെ അവസാനകാലത്ത് ചോളന്മാരെ അട്ടിമറിച്ചുകൊണ്ട് ഭരണം പിടിച്ചെടുക്കുവാൻ ചോളന്മാർ മുമ്പ് പരാജയപ്പെടുത്തിയ പാണ്ഡ്യരാജാവായ വീരപാണ്ഡ്യന്റെ അനുയായികളും രാജ്യഭരണം തനിക്ക് അവകാശപ്പെട്ടതെന്ന് വിശ്വസിക്കുന്ന ഉത്തമചോളനും ചോളരാജ്യത്തിലെ നാട്ടുപ്രമാണിമാരും, ചോളരാജ്യത്തിലെ ഖജനാവ് സൂക്ഷിപ്പുകാരനും തഞ്ചാവൂർ കോട്ടയുടെ സംരക്ഷകനും ചേർന്ന് ചോളഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. സുന്ദരചോളന്റെ മൂത്ത മകനായ ആദിത്യ കരികാലനും മകളായ കുണ്ഡാവി, ഇളയമകനായ അരുൾമൊഴി വർമൻ, സൈന്യാധിപനായ വല്ലാവരായൻ വന്തിയതേവൻ എന്നിവരിലൂടെയാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. 

ചരിത്രത്തിൽ സംഭവിച്ചത് 969 സിഇ യി ൽ ആദിത്യ കരികാലൻ കൊല്ലപ്പെടുന്നു. അതിനെ തുടർന്ന് തൊട്ടടുത്ത വർഷം സുന്ദര ചോളൻ മരണപ്പെടുകയും ചെയ്തിരുന്നു. അപ്പോൾ ന്യായമായും രാജാവാകേണ്ടിയിരുന്നത് ആദിത്യ കരികാലന്റെ ഇളയ സഹോദരൻ സുന്ദരചോളന്റെ മകൻ അരുൾമൊഴി വർമൻ പൊന്നിയൻ ശെൽവൻ ആയിരുന്നു എന്നാൽ അധികാരത്തിലെത്തിയത് മധുരാന്തകൻ എന്ന പേരിലറിയപ്പെടുന്ന ഖണ്ഡാരാജ്യത്തെ ചോളന്റെ മകൻ ഉത്തമചോളനാണ്. 970 മുതൽ 985 വരെ ആണ് ഉത്തമചോളന്റെ കാലം. 985 ലാണ് രാജരാജ ചോളർ അധികാരത്തിലെത്തുന്നത്. പക്ഷേ 987 ലാണ് ഉത്തമ ചോളന്റെ മരണം. അപ്പോൾ ഉത്തമ ചോളനെ അട്ടിമറിച്ചിട്ടാണോ രാജരാജ ചോളൻ അധികാരത്തിലെത്തിയത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 

രാജരാജ ചോളന്റേയും (985‑1014 CE) മകൻ രാജേന്ദ്ര ചോളന്റേയും (1014–1044 CE) കാലത്താണ് ചോളന്മാർ ദക്ഷിണേന്ത്യയിലെ ഒരു വലിയ രാഷ്ട്രീയ ശക്തിയായി വികസിക്കുന്നത്. ആ കാലഘട്ടത്തിലാണ് ദ്രാവിഡ ശൈലിയിലുള്ള ക്ഷേത്ര നിർമ്മാണം അതിന്റെ ഏറ്റവും ഉന്നതിയിലെത്തുന്നത്. തഞ്ചാവൂരിലും ഗംഗൈകൊണ്ടചോളപുരത്തും ചിദംബരത്തും ചോളന്മാർ നിർമ്മിച്ച ക്ഷേത്രങ്ങൾ വാസ്തുശില്പ വിസ്മയങ്ങളാണ്. കാർഷിക സമ്പദ് വ്യവസ്ഥയുടെ വികാസം, വ്യക്തമായ നികുതി പിരിവ് സമ്പ്രദായം, വൻകിട ജലസേചന പദ്ധതികളുടെ ആസൂത്രണം, ദീർഘദൂര കടൽ വ്യാപാരത്തിന്റെ വികസനം, വർത്തക സംഘങ്ങളുടെ സാന്നിദ്ധ്യം, ഭക്തി സന്യാസിമാരുടെ പ്രവർത്തനം, കലയുടെയും സാഹിത്യത്തിന്റേയും വികാസം ഇതെല്ലാം ചോള കാലഘട്ടത്തിന്റെ മുഖ്യ സവിശേഷതകളാണ്. ചോളന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അവരുടെ ശക്തമായ നാവിക സൈന്യമായിരുന്നു. കടലിനെ ഉപയോഗിച്ച് കരയെ നിയന്ത്രിക്കുക എന്നുള്ള തന്ത്രം പയറ്റിയ ഇന്ത്യയിലെ ആദ്യത്തെ രാജവംശമാണ് ചോളരാജവംശം. ശക്തമായ നാവികസൈന്യത്തിന്റെ സഹായത്തോടെ അവർ ശ്രീലങ്കയിലും മാലിദ്വീപിലും ഇന്ന് ഇന്തോനേഷ്യ എന്ന പേരിലറിയപ്പെടുന്ന പഴയ ശ്രീവിജയ രാജ്യത്തും ചൈനയിലും രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങൾ ഉണ്ടാക്കി. 

ചോളകാലഘട്ടം ഭക്തി പ്രസ്ഥാനത്തിന്റെ കാലഘട്ടം കൂടിയായിരുന്നു. ചോളരാജ്യത്ത് വൈഷ്ണവസന്യാസിമാരായ അൾവാർമാരും ശൈവ സന്യാസിമാരായ നായനാർമാരും വളരെ സജീവമായിരുന്നു. ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രം വൈഷ്ണവ സന്യാസിയായ ആൾവാർ ആണ്. ആൾവാർമാരും നായനാർമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ സൂചിപ്പിക്കുന്ന രംഗവും ചിത്രത്തിന്റെ ആദ്യഭാഗത്തുണ്ട്. ചോളകാലഘട്ടം തമിഴകവും ശ്രീലങ്കയും തമ്മിലുള്ള വ്യാപാരബന്ധത്തിന്റെ കാലഘട്ടം കൂടിയാണ്. ചിത്രത്തിൽ രോഗശയ്യയിലുള്ള സുന്ദരപാണ്ഡ്യന്റെ ചീനയിൽ നിന്നുള്ള വൈദ്യർ ചികിത്സിക്കുന്ന രംഗങ്ങളുണ്ട്. ചോളകാലഘട്ടത്തിൽ ചോളരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടുവാഴികൾ അഥവാ ചീഫ്സ് ഉണ്ടായിരുന്നു. ഈ നാട്ടു പ്രമാണിമാർ ചോളചരിത്രത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ദുർബലമായ ചോളരാജാക്കന്മാരുടെ കാലത്ത് അവർ സംഘടിക്കുകയും ചോള രാജാക്കന്മാരുടെ ആധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ രാജരാജ ചോളന്റെയും രാജേന്ദ്രചോളന്റേയും ഭരണ കാലഘട്ടത്തിൽ ചോളരാജ്യത്തെ നാട്ടുപ്രമാണിമാർ നിശബ്ദരായിരുന്നു എന്നാണ് സുബ്ബരായലുവിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ചോളരാജ്യത്തിലെ പ്രമാണികൾ സംഘടിക്കുകയും ചോളഭരണാധികാരികൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതുമായ ദൃശ്യങ്ങളുണ്ട്. 

ചോളന്മാർക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ഥലമാണ് ശ്രീലങ്ക. ആ ബന്ധവും ചിത്രം ചൂണ്ടിക്കാണിക്കുന്നു, ശ്രീലങ്കയിൽ ബുദ്ധമതസന്യാസിമാർക്കുണ്ടായിരുന്ന സ്വാധീനത്തെയും അശോകനാണ് ശ്രീലങ്കയിൽ ബുദ്ധമതം എത്തിച്ചത് എന്നുള്ള പരാമർശങ്ങളും നമുക്ക് ചിത്രത്തിൽ കാണാം. ചോളലിഖിതങ്ങളിൽ പലയിടത്തും ചോളരാജകുടുംബങ്ങളിലെ സ്ത്രീകൾ ക്ഷേത്രങ്ങൾക്കും മറ്റും ദാനങ്ങൾ നൽകുന്നതിന്റെ സൂചനകളുണ്ട്. ചിത്രത്തിൽ ചോള രാഷ്ട്രീയഘടനയുടെ മേൽതട്ടിലെത്തിയില്ലെങ്കിലും ചോളരാജ്യകാര്യങ്ങളിലും അധികാരമത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്ന ശക്തരായ സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചരിത്രപശ്ചാത്തലത്തിലുള്ള സിനിമകൾ നിർമ്മിക്കുക എന്നത് ഏറെ പ്രയാസകരവും വൻ മുടക്കുമുതൽ ആവശ്യപ്പെടുന്നതുമാണ്. എന്നാൽ ചരിത്രപശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ ചരിത്രകാരനുള്ളതിനേക്കാൾ സ്വാതന്ത്ര്യം ചലച്ചിത്ര പ്രവർത്തകർക്കുണ്ട്. ആ സ്വാതന്ത്ര്യം ആവോളം മണിരത്നം ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുമുണ്ട്. 

നോവലിനോട് പരമാവധി നീതി പുലർത്തി പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കൊണ്ട് വളരെ ഉദ്വേഗജനജനകമായ ഒരു ആഖ്യാനരീതിയാണ് തിരക്കഥാകൃത്തും സംവിധായകനും ചിത്രത്തിലുടനീളം സ്വീകരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു രാജവംശത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട്, അതേ സമയം ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ട് സാധാരണ സിനിമയുടെ വാണിജ്യ സിനിമയുടെ ഫോർമുലകൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിക്കൊണ്ട് വെള്ളിത്തിരയിൽ ഒരു ദൃശ്യവിസ്മയവും സൃഷ്ടിക്കുവാൻ മണിരത്നത്തിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ പൊന്നിയിൻ ശെൽവൻ എന്ന സിനിമ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ, ബോക്സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൽ യാതൊരു അതിശയവും ഇല്ല.

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.