ഉയർച്ചയിലേക്കുള്ള
നെട്ടോട്ടത്തിൽ
തോറ്റുപോയവരുടെ
അവശേഷിപ്പുകളില്ലാതെ
മാഞ്ഞുപോയ
ചുരങ്ങളെ കണ്ടിട്ടുണ്ടോ?
പ്രതീക്ഷയുടെ കൊടുമുടികളേറെ
താണ്ടിയപ്പോൾ
അറിയാതെ
തടഞ്ഞുവീണ വഴികളാണത്.
ജയിച്ചവർക്കൊപ്പമെത്താൻ
കഠിനപ്രയത്നം ചെയ്ത്
പരാജയമടഞ്ഞവർ
സ്വപ്നംകണ്ട പടവുകൾ.
ഒപ്പമെത്താനുള്ള വെമ്പലുകളുടെ
നിശ്വാസങ്ങളുതിർന്ന
അദൃശ്യ മുദ്രകളുണ്ടതിൽ.
അമിതാവേശത്തിന്റെ
അടിത്തറയിളക്കിയ
തഴമ്പു പിടിച്ച
കാൽപ്പാടുകളുണ്ടതിൽ.
വേഗതയേറിയതു കൊണ്ടാകാം
കല്ലുകൾ ഇളകിമാറിയതും
അടയാളങ്ങൾ
അവശേഷിക്കാതെ പോയതും.
ഇളകിയ കല്ലുകൾക്കും
മാഞ്ഞുപോയ അടയാളങ്ങൾക്കും
പറയുവാനുണ്ടാകുമെന്നും
നോവിലിറ്റിച്ചെഴുതിയ
തിരുശേഷിപ്പുകളുടെ
വിസ്മൃതിയിലാണ്ട
വീരഗാഥകൾ! !
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.