27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 2, 2024
July 1, 2024
January 31, 2024
December 18, 2023
December 12, 2023
September 21, 2023
September 21, 2023
September 18, 2023

ജന്‍വിശ്വാസ് ബില്‍ ജനദ്രോഹം; പൊതുജനാരോഗ്യം തകര്‍ന്നടിയും

Janayugom Webdesk
ന്യൂഡൽഹി
August 1, 2023 10:52 pm

വ്യവസായ സൗഹൃദമാകുന്നതിനായി രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം പരിമിതമാക്കുന്ന ജന്‍വിശ്വാസ് ബില്‍ പൊതുജനാരോഗ്യ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പാസാക്കിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ മരുന്ന് നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന വീഴ്ചകളും അശ്രദ്ധയും കുറ്റങ്ങളുടെ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമാകും.
1940ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്റ്റിലെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കിയ നടപടിയോടെ സ്വകാര്യ കമ്പനികള്‍ നിയമത്തിന്റെ പരിധിക്ക് പുറത്താകുമെന്നും, കുറ്റക്കാരെ ശിക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലേയ്ക്ക് നയിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താനും, വ്യവസായം ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കമ്പനികളില്‍ നടക്കുന്ന ചെറു നിയമ ലംഘനങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് മോഡി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ജനങ്ങളുടെ ആരോഗ്യം ഭീഷണിയിലാക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്റ്റിലെ കുറ്റകൃത്യങ്ങള്‍ ജന്‍വിശ്വാസ് ബില്‍ വഴി കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതുവഴി മരുന്ന് നിര്‍മ്മാണത്തിലെ പാകപ്പിഴയ്ക്ക് ഇനി മുതല്‍ കമ്പനികളെ ശിക്ഷിക്കാനോ, ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ കഴിയാതെ വരും. അതേസമയം ഇന്ത്യന്‍ മരുന്നുകമ്പനികള്‍ ആഗോളതലത്തില്‍ തന്നെ ഗുണനിലവാര പിഴവുകളുടെ പേരില്‍ പ്രതിക്കൂട്ടിലാണെന്നും വിദഗ്ധര്‍ എടുത്തുപറയുന്നു. പല രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍ കൂട്ടമരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
മരുന്നിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും അത് ലംഘിച്ചാല്‍ പിഴ ഈടാക്കാനും നാല് വിഭാഗം വ്യവസ്ഥകളാണ് നിലവിലുള്ളത്. ബില്‍ നിയമമാകുന്നതോടെ ഈ നാല് വ്യവസ്ഥകളും ഇല്ലാതാകും. ഇതുവരെ നല്‍കി വന്നിരുന്ന പിഴത്തുക ഗണ്യമായി കുറയുകയും ചെയ്യും.

വ്യാജ മരുന്ന്-ഗുണനിലവാരം കുറഞ്ഞ മരുന്ന്-ഗുരുതര ഭവിഷ്യത്ത് വരുത്തി വയ്ക്കുന്ന മരുന്നുകള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും പത്ത് ലക്ഷം രൂപ വരെ പിഴ ചുമത്തിയിരുന്നത് ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അഞ്ച് ലക്ഷമായി ചുരുങ്ങും. മരുന്ന് നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ ചുമത്തുന്ന പിഴയില്‍ കുറവ് വരുത്തിക്കൊണ്ട് 2022ല്‍ തന്നെ മോഡി സര്‍ക്കാര്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്റ്റില്‍ ഭേദഗതി വരുത്തിയിരുന്നു.

ശിശുമരണം: ചുമമരുന്ന് ഉല്പാദനം നിര്‍ത്താന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കാമറൂണില്‍ ആറു കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമമരുന്ന് ഉല്പാദന കമ്പനി റെയ്മാൻ ലാബ്സിനോട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഗുണനിലവാരം കുറഞ്ഞ മരുന്നുകളുടെ നിര്‍മ്മാണത്തിനെ തുടര്‍ന്ന് നടപടി നേരിടുന്ന നാലാമത്തെ ഇന്ത്യൻ കമ്പനിയാണ് ഇത്.
വിദേശ രാജ്യങ്ങളില്‍ നിരവധി കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിര്‍മ്മിത ചുമമരുന്നുകള്‍ കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റെയ്മാൻ ലാബ്സ്. മൂന്ന് ചുമമരുന്ന് നിര്‍മ്മാതാക്കളുടെ ലൈസൻസ് ഇതുവരെ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Jan­vish­was Bill is a pub­lic nui­sance; Pub­lic health will suffer

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.