19 December 2024, Thursday
KSFE Galaxy Chits Banner 2

ബിൽക്കീസ് ബാനുവിനും ടി ജെ ജോസഫിനും മുന്നിലെ നീതി

രമേശ് ബാബു
മാറ്റൊലി
January 25, 2024 4:30 am

താധിഷ്ഠിത രാഷ്ട്രീയം ശക്തമാകുന്ന ദേശങ്ങളിലും സമൂഹത്തിലും നിയമവാഴ്ചയും നീതിബോധവും സമ്മർദം നേരിട്ടു കൊണ്ടിരിക്കും. വർഗീയതയും വർഗീയകലാപവും മനുഷ്യരെ അവർക്ക് പോലും പിടികിട്ടാത്ത വിധം ക്രൂരഹൃദയരാക്കി മാറ്റും. ഈ അവസ്ഥകളുടെ എടുത്തുകാട്ടാവുന്ന ഉദാഹരണങ്ങളാണ് ബിൽക്കീസ് ബാനുവിന്റെയും പ്രൊഫ. ടി ജെ ജോസഫിന്റെയും ദുരിതാനുഭവങ്ങൾ. രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രധാനപ്രമേയം മതാധിഷ്ഠിത രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കുന്ന വർത്തമാനകാല അന്തരീക്ഷത്തിൽ നീതിദേവതയുടെ വാസം എത്രത്തോളം സ്വസ്ഥവും ശാന്തവുമാകുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
ഗുജറാത്തിൽ 2002ൽ നടന്ന ഗോധ്ര കൂട്ടക്കൊലയെ തുടർന്നുണ്ടായ കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനും കുടുംബത്തിനും വർഗീയഭ്രാന്തൻമാരിൽ നിന്ന് കഠോരമായ ആക്രമണം നേരിടേണ്ടിവന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഗ്രാമങ്ങളിൽ പോലും മുസ്ലിം ജനവിഭാഗങ്ങൾ വേട്ടയാടപ്പെടാൻ തുടങ്ങി. ബിൽക്കീസും മറ്റ് ബന്ധുക്കളുമടക്കം 17 പേർ പ്രാണരക്ഷാർത്ഥം പലായനം തുടങ്ങി. ചപ്പർവാഡയിൽ വച്ച് ഇവരുടെ സംഘത്തെ കലാപകാരികൾ ആക്രമിക്കുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയായ ബിൽക്കീസിനെയും അമ്മയെയും മറ്റ് മൂന്ന് സ്ത്രീകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. മൂന്നര വയസുള്ള സലീഹയെന്ന മകളെ ബിൽക്കീസിന് മുന്നിൽ വച്ച് ഒന്നാംപ്രതി ശെെലേഷ് ഭട്ട് നിലത്തടിച്ചുകൊന്നു. ബിൽക്കീസിന്റെ അമ്മയടക്കം 14 പേർ കൊല്ലപ്പെട്ടു. മരിച്ചെന്ന് കരുതിയാണ് അക്രമികൾ ബിൽക്കീസിനെ ഉപേക്ഷിച്ചുപോയത്. ഇവരെ ആക്രമിച്ചവരിൽ അയൽവാസികൾപോലും ഉണ്ടായിരുന്നു. ബിൽക്കീസ് അനുഭവിച്ച കൊടിയ പീഡനങ്ങളിലും ദുഃഖത്തിലും തളരാതെ പൊലീസിനെ സമീപിച്ചെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. നിയമപാലകർക്കൊപ്പം സംസ്ഥാന ഭരണകൂടവും പ്രതികൾക്ക് അനുകൂലമായതോടെ വിചാരണയുടെയും തടവിന്റെയും പല ഘട്ടങ്ങൾ കടന്ന് പ്രതികൾ 2022 ഓഗസ്റ്റ് 15ന് ജയിൽ മോചിതരായപ്പോൾ നടുങ്ങിയത് നീതിയുടെ കാവൽ മാലാഖമാരും സാമാന്യജനങ്ങളുമാണ്.

 


ഇതുകൂടി വായിക്കൂ:  ബിൽക്കീസ് ബാനു കേസ് തുടരേണ്ടിവരുമോ?


 

എന്നാൽ ബിൽക്കീസിന്റെ പതറാത്ത പോരാട്ടവീര്യവും നിശ്ചയദാർഢ്യവും മൂലം, പ്രതികൾ നേടിയ മോചനം പരമോന്നത നീതിപീഠം റദ്ദാക്കിയിരിക്കുകയാണ്. ഗത്യന്തരമില്ലാതെ 11 പ്രതികളും ഇപ്പോൾ കീഴടങ്ങിയിരിക്കുന്നു.
പ്രതികളിൽ നിന്നുള്ള നിരന്തര ഭീഷണിയെ തുടർന്നായിരുന്നു പക്ഷപാതപരമായ സമീപനം പുലർത്തിയ ഗുജറാത്തിൽ നിന്ന് വിചാരണ മാറ്റണമെന്ന് ബിൽക്കീസ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുംബെെ കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. മഹാരാഷ്ട്രയിലെ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് ജയിലിൽ കഴിയുന്നവർക്ക് ശിക്ഷയിളവ് നൽകാൻ ഗുജറാത്തിന് അധികാരമില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പ്രതികളുടെ മോചനം റദ്ദാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന് ശിക്ഷയിളവിനുള്ള അധികാരമില്ലെന്ന 2022 മേയ് 13ലെ സുപ്രീം കോടതി ഉത്തരവ് മറച്ചുവച്ച് പ്രതികളിലൊരാൾ തട്ടിപ്പിലൂടെ നേടിയ മോചന ഉത്തരവാണ് ഇപ്പോൾ അസാധുവായിരിക്കുന്നത്. പ്രതികളുടെ മോചനത്തിന് പിൻബലമായ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാത്ത ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ‘ഭരണകൂടം അതിന്റെ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ കോടതി ഇടപെടുന്നതിനെയാണ് നിയമവാഴ്ചയെന്ന് പറയുന്നത്. നിയമവാഴ്ച തകർന്നാൽ ഭരണഘടന നൽകുന്ന തുല്യതാ അവകാശത്തിന്റെ നിഷേധമാകും സംഭവിക്കുക’ എന്നാണ് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്വൽ ഭൂയാനും വിധിപ്രസ്താവത്തിൽ പറഞ്ഞിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ബിൽക്കീസ് ബാനു; പെൺമയുടെ മാനം


 

കീഴടങ്ങിയ 11 പ്രതികൾക്കും അനുകൂലമായി മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സർക്കാരിന് നടപടികൾ കെെക്കൊള്ളാനായേക്കുമെന്ന ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമങ്ങളാണ് നിലനിൽക്കുന്നതെന്നൊരു പിടിവള്ളിയുണ്ട്. കേസുകെട്ടുകളുടെ നൂലാമാലകളിൽ പ്രതികളെ വീണ്ടും കുരുക്കിയിടാൻ ഈ നിയമങ്ങൾ സഹായകമാകും. സ്ത്രീ ശക്തിയാണെന്ന ഭാരതീയ സങ്കല്പത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് അതിജീവിത ബിൽക്കീസ് ബാനു.
തീവ്ര മതവാദികൾ രാഷ്ട്രീയത്തിൽ ഇടപെടുകയും അധികാരത്തിലേക്കുള്ള പാതയിൽ വോട്ടുബാങ്കുകൾ സൃഷ്ടിച്ച് വിലപേശൽ ശക്തിയാർജിക്കുകയും ചെയ്യുമ്പോൾ സമൂഹം വെറും നോക്കുകുത്തിയാകുന്ന കാഴ്ചയാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കെെവെട്ട് കേസിൽ കേരളം കണ്ടത്. ഇസ്ലാം മതവിശ്വാസികൾ അവരുടെ പ്രവാചകനായി കണക്കാക്കുന്ന മുഹമ്മദിന്റെ പേര് ഒരു ചോദ്യപേപ്പറിൽ ഉപയോഗിച്ചതിനാണ് ജോസഫ് സാറിനെതിരെ 2010 ജൂലെെ നാലിന് ഭീകരർ കൊലപാതകശ്രമം നടത്തിയത്. (ചോദ്യപേപ്പറിലൂടെ പ്രൊഫ. ടി ജെ ജോസഫ് ഒരു മതനിന്ദയും നടത്തിയിട്ടില്ലെന്ന് നീതിപീഠം കണ്ടെത്തിയിരുന്നു). കെെവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ 13 വർഷമായി തിരഞ്ഞെങ്കിലും കണ്ണൂരിലെ മട്ടന്നൂരിൽ നിന്നും എൻഐഎ സംഘമാണ് പിടികൂടിയത്. മറ്റ് പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ട ശേഷമാണ് ഇയാൾ പിടിയിലായിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: ബിൽക്കീസ് ബാനു കേസ്; ദുരന്തമുഖങ്ങളുടെ മറ്റൊരു കണ്ണാടി


 

ആകെ 42 പ്രതികളിൽ 31 പെരെ ഉൾപ്പെടുത്തിയാണ് 2015ൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. 13 പേരെ ശിക്ഷിച്ചപ്പോൾ 18 പേരെ വെറുതെ വിട്ടു. പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, വധശ്രമം, മതസ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. രാജ്യത്തിന്റെ മതേതതര ഘടനയ്ക്ക് ഭീഷണിയാണ് പ്രതികളുടെ നടപടികളും പ്രവർത്തനവുമെന്ന് കോടതി വിലയിരുത്തുകയും ചെയ്തു. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ പൂമാലയിട്ടും മധുരം നൽകിയും സ്വീകരിച്ചതുപോലുള്ളൊരു വരവേല്പായിരുന്നു രാജ്യവിരുദ്ധരായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കെെവെട്ടുകേസ് പ്രതികൾക്കും ലഭിച്ചതെന്നോർക്കണം. രാജ്യദ്രോഹികളെയും സാമൂഹിക വിരുദ്ധരെയും ഒറ്റപ്പെടുത്തുകയും വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന് പകരം അവരെ ഭയന്ന് കഴിയുന്ന അവസ്ഥയാണ് സംജാതമായത്. ഭീകരരുടെ ആക്രമണത്തിൽ കെെ പോയ ജോസഫ് സാറിനെ ജോലിയിൽ നിന്ന് തൊടുപുഴ ന്യൂമാൻ കോളജ് അധികൃതർ പിരിച്ചുവിട്ടു. അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. കുടുംബം ശിഥിലമായി. ജോസഫ് സാർ ഉൾപ്പെട്ട സഭയുടെ നീതിബോധം എന്തെന്നും അവർ ആരെയാണ് ഉപാസിക്കുന്നതെന്നും വെളിവാക്കപ്പെട്ട സംഭവം കൂടിയായിരുന്നു കെെവെട്ടുകേസ്. മനസിൽ ചെകുത്താനെ കുടിയിരുത്തി കയ്യിൽ ജപമാലയും കഴുത്തിൽ ക്രൂശിത രൂപവുമായി നിർലജ്ജം പ്രഘോഷണങ്ങൾ തുടരുന്നതിൽ എന്തർത്ഥം?
ജോസഫ് സാറിനെ ഒറ്റിക്കൊടുത്ത അദ്ദേഹത്തിന്റെ വിദ്യാർത്ഥിനി ഗുരുശാപത്തിന്റെ താപം തലമുറകൾക്കായി ഏറ്റുവാങ്ങി മനസ്താപത്തിന്റെ നരകത്തീയിൽ വെന്തുരുകാൻ വിധിക്കപ്പെട്ടവളായി എവിടെയോ സ്വാസ്ഥ്യമറിയാതെ കഴിയുന്നുണ്ടാവും. മഴുകൊണ്ട് ജോസഫ് സാറിന്റെ കൈവെട്ടിയ സവാദ് 13 വർഷക്കാലമായി കേരളത്തിൽ തന്നെ പെണ്ണുംകെട്ടി മക്കളുമായി സസുഖം കഴിഞ്ഞുവെങ്കിൽ അത് ആരുടെ കഴിവും കഴിവുകേടുമാണ്? സവാദിനെ പിടികൂടിയ ശേഷം ജോസഫ് സർ പറഞ്ഞത്, “എന്നെ പോലെ അയാളും ഒരു ഇരയാണ്. അയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചവർ ഇപ്പോഴും മറഞ്ഞിരിക്കുന്നു.”
ബിൽക്കീസ് ബാനു കേസിലെ പ്രതിലോമശക്തികളെ കോടതി വെളിപ്പെടുത്തുകയും നിശിതമായി വിമർശിക്കുകയും ഗൂഢഅജണ്ടകളെ പൊളിച്ചടുക്കുകയും ചെയ്തു. സവാദിന് പിന്നിലെ പ്രേരകശക്തികൾ ഇപ്പോഴും ആൾക്കൂട്ടത്തിനിടയിൽ തന്നെയുണ്ട്. എൻഐഎ കോടതികൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ജയ്ശ്രീറാം ധ്വനികളുടെ ഹുങ്കാരത്തിനുള്ളിലും അവിലും മലരും സൂക്ഷിച്ചോ എന്നൊരു പ്രതിധ്വനിയും കേൾക്കുന്നില്ലേ? തീവ്രവാദത്തിന്റെ വാക്കുകളിൽ പോലും പ്രതിഫലിക്കുന്നത് ഭയവും ഭീഷണിയുമായിരിക്കും.

മാറ്റൊലി

‘നിയമവാഴ്ചയുണ്ടെങ്കിൽ മാത്രമേ വ്യക്തിസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾക്ക് നിലനില്പുള്ളൂ.’- സുപ്രീം കോടതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.