കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന് മോചനം. പിഴ ഒടുക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാനാകില്ലന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
മദ്യദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെയും ആറ്റിങ്ങല്‍ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30.45 ലക്ഷം രൂപ പിഴ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. വിധി സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. പിഴ തുക കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ട വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. രണ്ടുപേര്‍ക്ക് പിഴ അടയ്ക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മണിച്ചനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുകയും ഗവര്‍ണര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ അടയ്ക്കാത്തതിന്റെ പേരില്‍ ജയില്‍ മോചനം നീളുകയായിരുന്നു.
English Summary: Kalluvathukkal alcohol disaster; Supreme Court orders release of accused Manichan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.