27 July 2024, Saturday
KSFE Galaxy Chits Banner 2

കാംകോ സുവർണജൂബിലി നിറവിൽ

ഷാജി ഇടപ്പള്ളി
കൊച്ചി
December 5, 2023 9:53 pm

കാർഷിക യന്ത്രോല്പാദന മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) സുവർണജൂബിലി നിറവിൽ. കാർഷിക രംഗത്തെ യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ട് ജപ്പാനിലെ കുബോട്ട കമ്പനിയുമായി ചേർന്ന് 1973 ൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച സ്ഥാപനമാണ് കാംകോ. നെടുമ്പാശേരിക്കടുത്തു അത്താണിയിൽ ആരംഭിച്ച സ്ഥാപനം അരനൂറ്റാണ്ടിനിടയിൽ ആറ് യൂണിറ്റുകളിലായി പ്രവർത്തനങ്ങൾ വിപുലപ്പെടുകയും ചെയ്തു. മണ്ണിളക്കൽ, ഉഴവ്, കളനീക്കൽ, ജലസേചനം, നിരത്തൽ, മരുന്ന് തളിക്കൽ, വരമ്പ് വയ്ക്കൽ, ചരക്ക് നീക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായുള്ള പവർ ടില്ലർ എന്ന യന്ത്രമാണ് ആദ്യം നിർമ്മിച്ചിരുന്നതെങ്കിലും പിന്നീട് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പവർ റീപ്പർ, മിനി ട്രാക്ടർ, ഗാർഡൻ ടില്ലർ, പവർ വീഡർ, മൈക്രോ വീഡർ, വിവിധ തരം റൈസ് മില്ലുകൾ, പമ്പ് സെറ്റുകൾ തുടങ്ങിയവയുടെ ഉല്പാദനവും വിപണനവും ആരംഭിച്ചു. 

ട്രാക്ടർ യുണിറ്റ് ഉൾപ്പെടെ അത്താണിയിൽ രണ്ടും കളമശ്ശേരി, കഞ്ചിക്കോട്, മാള, കണ്ണൂർ ഉൾപ്പെടെ ആറും യൂണിറ്റുകളാണ് നിലവിലുള്ളത്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ഉയർന്ന നിലവാരമുള്ള ഉല്പന്നങ്ങളും സേവനങ്ങളും നൽകിയതിലൂടെയും ജീവനക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവും ഒത്തുചേർന്നതിലൂടെ കർഷകരുടെയും ഉപഭോക്താക്കളുടെയും പൂർണവിശ്വാസം നേടിയുമാണ് ഈ പൊതുമേഖലാ സ്ഥാപനം നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. 1973ൽ 1.64 കോടി മുതൽ മുടക്കിൽ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് 220 കോടി വിറ്റുവരവുള്ള കമ്പനിയായി വളർന്നു. 1984 മുതൽ തുടർച്ചയായി പ്രവർത്തനലാഭം കൈവരിക്കുന്ന സ്ഥാപനമാണ്. കോവിഡ് കാലയളവിൽ മാത്രമാണ് ചെറിയ പ്രതിസന്ധി നേരിട്ടത്. സുവർണ ജൂബിലിയുടെ പശ്ചാത്തലത്തിൽ വിപണനമേഖല വിപുലപ്പെടുത്താനും പുതിയ ഉല്പന്നങ്ങൾ വിപണിയിലിറക്കാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് കാംകോ ചെയർമാൻ സി കെ ശശിധരൻ പറഞ്ഞു. 

നെല്ല്, തെങ്ങ്, റബ്ബർ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലെ കീടനാശിനി പ്രയോഗത്തിനും കീടാക്രമണത്തിന്റെ നിരീക്ഷണത്തിനും ഉതകുന്ന അഗ്രി ഡ്രോണുകൾ കേരള സ്റ്റാർട്ടപ്പ് മിഷൻ കമ്പനിയായ ഫ്യുസിലേജ് ഇന്നൊവേഷൻ എന്ന സംരംഭത്തിന്റെ സഹകരണത്തോടെ ഉല്പാദനം ആരംഭിച്ചു. വിവിധ ഇടവിള കൃഷിയ്ക്ക് അനുയോജ്യമായ മിനി ട്രാക്ടർ, ഉയർന്ന ഇന്ധനക്ഷമതയുള്ളതും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതുമായ എക്കോ ലെപ്പാർഡ് പവർ വീഡർ, ചെറുകിട, ഇടത്തരം ഫാമുകളിൽ കാര്യക്ഷമമായി വിളവെടുപ്പ് നടത്തുന്നതിന് ഉപകാരപ്രദമായ മിനി കമ്പയ്ൻഡ് ഹാർവെസ്റ്റർ, ചെലവ് കുറഞ്ഞ ഇലക്ട്രിക് കാർഷിക ഉപകരണങ്ങൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഡയറക്ടർ ബോർഡിന്റെ ഇടപെടൽ. 

Eng­lish Summary:kamco is cel­e­brat­ing its gold­en jubilee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.