7 September 2024, Saturday
KSFE Galaxy Chits Banner 2

കേരളം ഉറ്റുനോക്കിയ നേതാവ്; വളര്‍ന്നത് യുവജന പ്രസ്ഥാനത്തിലൂടെ

സരിത കൃഷ്ണൻ
December 9, 2023 9:15 am

പൊന്‍കുന്നത്തിനടുത്ത് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടില്‍ നിന്നും ഇടത് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയായിരുന്നു കാനം രാജേന്ദ്രൻ. ഏന്തയാറിലെ മർഫി സായിപ്പിന്റെ തോട്ടത്തിലെ കണക്കുപിള്ള പരമേശ്വരൻ നായരുടെ മകൻ രാജേന്ദ്രൻ, കമ്മ്യൂണിസ്റ്റ് നേതാവായി വളർന്നത് ഒരു സുപ്രഭാതത്തിലായിരുന്നില്ല. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും പിൻബലത്തിൽ വിപ്ലവത്തിന്റെ പാതയിൽ പഠിച്ചും പ്രവർത്തിച്ചും വളർന്ന അദ്ദേഹം ചെറുപ്രായത്തിൽ പാർട്ടിയുടെ നേതൃത്വത്തിലെത്തി, കമ്മ്യൂണിസ്റ്റുകാരുടെ പ്രിയപ്പെട്ട സഖാവായി വളർന്നു. കോട്ടയത്തുനിന്ന് ചുവപ്പൻ മനസുമായി വളർന്ന നേതാവാണ് അദ്ദേഹം.

എഐവെെ
എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 23-ാം വയസിൽ സംസ്ഥാന സെക്രട്ടറിയായി. എ ബി ബർധന്റെ കൂടെ യുവജന സംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. നിയമസഭാ സാമാജികനെന്ന നിലയിലും കാനം ചരിത്രത്തിന്റെ ഭാഗമാണ്. നിര്‍മ്മാണത്തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ എന്ന ആശയം സഭയിലുന്നയിച്ചത് അദ്ദേഹമാണ്. ഇത് പിന്നീട് നിയമമായി മാറി. സമീപകാലത്ത് രാഷ്ട്രീയ കേരളവും മാധ്യമ ലോകവും ഏറെ താല്പര്യത്തോടെ ഉറ്റുനോക്കിയിരുന്ന വ്യക്തിത്വമായിരുന്നു കാനം.

ഇടതുപക്ഷത്തെ തിരുത്തൽശക്തിയെന്ന് അറിയപ്പെടുന്ന സിപിഐയുടെ അമരക്കാരന്റെ വാക്കുകൾക്ക് എന്നും മാധ്യമങ്ങളും പൊതുജനവും ചെവിയോർത്തു. തിരുത്തേണ്ട കാര്യങ്ങളെ തിരുത്താനും മുന്നണിയിലും രാഷ്ട്രീയത്തിലും നിലപാടുകൾ വ്യക്തമാക്കാനും തെല്ലും മടികാണിച്ചില്ല. അതുകൊണ്ടു തന്നെ മുന്നണിയെയോ, സർക്കാരിനെയോ ബാധിക്കുന്ന വിഷയങ്ങളിൽ കാനത്തിന്റെ നിലപാടുകൾക്ക് എല്ലാക്കാലവും പ്രാധാന്യമേറി. എത്ര പ്രകോപിപ്പിക്കുന്ന വിഷയമായാലും അളന്നുകുറിച്ച വാക്കുകളിൽ കൃത്യമായ നിലപാടായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.