18 April 2024, Thursday

ലഹരി കൊലപാതകം: നാടിനോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 12:36 pm

തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണം.

കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് ‑എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. അതോടൊപ്പം ഈ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയർന്നു വരണം. അവരും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിൽ എത്തിക്കൂടാ. അവർക്ക് കൈത്താങ്ങ് നൽകാൻ നമുക്കാകെ ഉത്തരവാദിത്വമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകാമെന്ന് സർക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടാം. തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെയാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഐ(എം) അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂർ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാള്‍ ചികിത്സയിലാണ്. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഐ(എം) നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. സംഭവത്തില്‍ ലഹരി മാഫിയയില്‍ ഉള്‍പ്പെട്ട മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തിരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ലഹരി വില്പന ചൊദ്യംചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സൺ മർദ്ദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ഒത്തൂതീർപ്പിന് എന്ന നിലയിലാണ് ജാക്സണും സംഘവും ഖാലിദിനെയും മറ്റും റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയിൽ കയ്യൽ കരുതിയ കത്തിയെടുത്ത് ജാക്സൺ ഖാലിദിനെ കുത്തി. തടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയുണ്ട്.

 

Eng­lish Sam­mury: Drunk­en mur­der: A chal­lenge to the coun­try, said the Chief Minister

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.