28 March 2024, Thursday

Related news

March 26, 2024
March 25, 2024
March 18, 2024
March 17, 2024
March 15, 2024
March 10, 2024
March 9, 2024
March 5, 2024
March 5, 2024
February 29, 2024

51 കാരിയായ ഭാര്യയെ 28 കാരന്‍ ഷോക്കടിപ്പിച്ച് കൊ ല പ്പെടുത്തിയ കേസില്‍ വിചാരണയ്ക്ക് അനുമതി

Janayugom Webdesk
തിരുവനന്തപുരം
November 30, 2022 1:15 pm

സ്വത്ത് തട്ടിയെടുക്കാനായി 51 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 28 കാരനായ ഭര്‍ത്താവ് അരുണിനെ വിചാരണ ചെയ്യാന്‍ കോടതി അനുമതി. 2020ലാണ് അനന്തപുരി ആശുപത്രി ഫ്രണ്ട് ഓഫീസ് സ്റ്റാഫായ അരുണ്‍, കാരക്കോണം സ്വദേശിനിയായ ശിഖാ കുമാരിയെ വിവാഹം ചെയ്യുന്നത്. സ്വത്ത് തട്ടിയെടുത്ത ശേഷം ശിഖാ കുമാരിയെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു അരുണിന്റെ പദ്ധതി. തുടര്‍ന്ന് 2020ന് ക്രിസ്തുമസ് രാത്രിയില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അരുണിന് കർശന ഉപാധികളോടെ സെപ്റ്റംബർ 5ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹൈക്കോടതി ഉത്തരവും ജാമ്യ ബോണ്ട് സഹിതം പ്രതിയും ജാമ്യക്കാരും ഹാജരായതിനെ തുടർന്ന് മജിസ്ട്രേട്ട് ഷിബു പ്രതിയെ ജാമ്യത്തിൽ വിട്ടു. സമ്പന്ന കുടുംബാംഗമായ ശിഖയിൽ നിന്നും വിവാഹ സമയത്തും മുമ്പും ലഭിച്ച സ്വത്തുക്കൾ തട്ടിയെടുത്തുള്ള രണ്ട് മാസത്തെ വിവാഹ ജീവിതത്തിൽ കുഞ്ഞിനെ വേണമെന്ന് 51 കാരിയായ ഭാര്യ ആവശ്യപ്പെട്ട വിരോധത്തിലും നടത്തിയ കൊലപാതകമെന്നാണ് കേസ്. 2020 ഡിസംബർ 26 ന് അറസ്റ്റിലായി 95 ദിവസം ജയിൽ വാസം മാത്രം അനുഭവിക്കവേ പ്രതി ഡീഫാൾട്ട് ജാമ്യത്തിൽ പുറത്തിറങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും നാളിതുവരെ സാക്ഷികളെ സ്വാധീനിച്ചതായോ ഭീഷണിപ്പെടുത്തിയതായോ പരാതിയില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി അരുണിന് ജാമ്യം നൽകിയത്.
ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. അര ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യബോണ്ടും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കണം, വിചാരണ തീരും വരെ മാസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ പ്രതി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, ജാമ്യക്കാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, വിചാരണ തീരും വരെ ഇന്ത്യ വിടരുത് തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. 

ഇതിനിടെ ഹൈക്കോടതി ആദ്യ ജാമ്യ ഹർജി നിരസിച്ച് 10 ദിവസം കഴിഞ്ഞയുടൻ മജിസ്ട്രേട്ട് മാർച്ചിൽ നൽകിയ ജാമ്യം സർക്കാർ ഹർജിയിൽ തിരുവനന്തപുരം ജില്ലാ കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത് പ്രതി സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി അനുവദിച്ച് താൽക്കാലിക ജാമ്യമാണ് ആദ്യം നൽകിയത്. ശിഖയുടെ സഹോദരനും മാതാവും ജാമ്യത്തെ എതിർത്ത് ജാമ്യം റദ്ദാക്കൽ കൗണ്ടർ ഹർജി സമർപ്പിച്ചിരുന്നു. ചാക്ക അനന്തപുരി ആശുപത്രിയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി അരുൺ ജോലി ചെയ്യവേ മാതാവിൻ്റെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായെത്തിയ ശിഖയുമായുള്ള പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. കാരക്കോണം ത്രേസ്യാ പുരം സ്വദേശിനിയാണ് ശിഖാ കുമാരി. മുൻകൂട്ടി ആസൂത്രണം ചെയ്ത് സ്വന്തം ഭാര്യയെ നിഷ്ഠൂര പാതകം ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ട് സ്വതന്ത്രനാക്കിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ആദ്യ സാക്ഷി മൊഴികൾ തിരുത്തിച്ച് വിചാരണയിൽ കൂറുമാറ്റി പ്രതിഭാഗം ചേർക്കുമെന്നും നിരീക്ഷിച്ചു കൊണ്ടാണ് മുൻ ജില്ലാ ജഡ്ജിയും നിലവിൽ ഹൈക്കോടതി ജഡ്ജിയുമായ കെ ബാബു 2021 ൽ ജാമ്യം നിരസിച്ചത്.
പൈശാചികമായും മൃഗീയമായും കൃത്യം നടപ്പിലാക്കിയ പ്രതിയെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ചാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കൃത്യസമയം പ്രതികരിക്കാൻ പറ്റാത്ത നിലയിൽ നിസ്സഹായവസ്ഥയിലുള്ള ഇരയായിരുന്നു ഭാര്യയെന്ന് കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി. ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അപ്രകാരം സംഭവിച്ചാൽ വിചാരണ ചെയ്യാൻ പ്രതിയെ പ്രതിക്കൂട്ടിൽ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും ജില്ലാ ജഡ്ജി കെ ബാബു ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. 

2020 ഡിസംബർ 25 ന് രാത്രിയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്രിസ്മസ് ആഘോഷത്തിന് വാങ്ങിയ ഇലക്ട്രിക് വയറുകളിലൂടെ ഷോക്കടിപ്പിച്ചും മരണം ഉറപ്പാക്കാൻ തലയിണ വച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. രാത്രി ഇരുവരും മദ്യപിച്ച് പിടിവലി കൂടി അടി കലശൽ വഴക്കുണ്ടായി. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന് സുഹൃത്തുക്കൾ കളിയാക്കതിലും സ്വത്ത് തട്ടിയെടുക്കൽ ലക്ഷ്യം വച്ചും കുഞ്ഞിനെ വേണമെന്ന് ശിഖ ആവശ്യപ്പെട്ടതിലും വച്ചുള്ള വിരോധത്തിൽ കൊല നടത്തിയെന്നാണ് ആരോപണം. സംഭവത്തിന് 2 മാസം മുമ്പാണ് പ്രണയ വിവാഹം പള്ളിയിൽ വച്ച് ജാതി മതാചാരപ്രകാരം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ നടന്നത്. ഇരുവരുടെയും ആദ്യ വിവാഹമായിരുന്നു. ആശുപത്രിയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ബ്യൂട്ടി പാർലർ നടത്തിയിരുന്ന ശിഖാ കുമാരി ധാരാളം സ്വത്തിന്റെ ഉടമയാണ്. പള്ളിയിലെ വിവാഹ ശേഷം വിവാഹ സർട്ടിഫിക്കറ്റിനായി പഞ്ചായത്തിൽ വിവാഹം രജിസ്ട്രേഷൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കവേ അരുൺ അതിനെ എതിർത്ത് നാൾ നീട്ടി വന്നു. തുടർന്ന് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ശിഖയെ കൊലപ്പെടുത്തുകയായിരുന്നു. അരുൺ തന്നെയാണ് കാലത്ത് അയൽ വീട്ടിൽ ചെന്ന് ഭാര്യ ഷോക്കടിച്ച് ബോധരഹിതയായി കിടക്കുകയാണെന്ന വിവരം അറിയിച്ചത്. അയൽക്കാർ വന്നു നോക്കിയപ്പോൾ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. വെള്ളറട പോലീസ് സ്ഥലത്തെത്തിയപ്പോൾ അരുൺ ആദ്യം പറഞ്ഞത് ഭാര്യ കാലത്ത് എണീറ്റു വന്നപ്പോൾ ഹാൾ മുറിയിൽ ക്രിസ്മസ് ആഘോഷത്തിനിട്ടിരുന്ന വയറിൽ തട്ടി ഇലക്ട്രിക് ഷോക്കടിച്ചതാണെന്നായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലയുടെ ചുരുളഴിഞ്ഞത്. വിവാഹം വേണ്ടായെന്ന് കരുതി ജീവിച്ച സ്ത്രീയെ തന്ത്രപൂവ്വം കെണിയിൽ പെടുത്തുകയായിരുന്നുവെന്ന ആരോപണം സ്ഥലവാസികൾ ഉന്നയിക്കുന്നുണ്ട്.

കേസില്‍ പോസ്റ്റ്മോർട്ടം, ഫിംഗർപ്രിന്റ് റിപ്പോർട്ടുകൾ ഹാജരാക്കാതെ വെള്ളറ പോലീസ് അപൂർണ്ണമായ കുറ്റപത്രമാണ് സമർപ്പിച്ചത്. 10 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന കേസിൽ അറസ്റ്റ് തീയതി മുതൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സിആർപിസി 167 (2) (സി) പോലീസ് വീഴ്ചാ ജാമ്യമാണ് മജിസ്ട്രേട്ട് കോടതി 2021 മാർച്ചിൽ നൽകിയത്.
കേസില്‍ വിധി പ്രസ്താവിക്കാത്ത സാഹചര്യത്തിലാണ് വിചാരണ നടത്താന്‍ കോടതി അനുമതി നല്‍കിയത്. നെയ്യാറ്റിൻകര മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എം ഷിജുവിന്റേതാണ് ഉത്തരവ്.

Eng­lish Sum­ma­ry: Karakkon­am Shikha kumari m u rder case; 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.