1 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

കാര്‍ഗില്‍ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന

Janayugom Webdesk
October 10, 2023 5:00 am

ഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ‑കാർഗിൽ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം ജനങ്ങളുടെ മോഡി ഭരണത്തോടുള്ള സമീപനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയായി കണക്കാക്കുന്നതിൽ തെറ്റില്ല. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കി ബിജെപി ജമ്മു-കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ, ആ നടപടിക്കുള്ള കനത്ത തിരിച്ചടിയാണ് കാർഗിലിലെ ജനങ്ങൾ നൽകിയത്. ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിയെ വികസനത്തിന്റെ മറവിൽ ന്യായീകരിക്കാൻ നരേന്ദ്രമോഡിയും അമിത്ഷായും നടത്തിയ ശ്രമങ്ങളെയാണ് കാർഗിലിലെ ജനങ്ങൾ തിരസ്കരിച്ചത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിച്ച് രാജ്ഭവൻ വഴിയും ഉദ്യോഗസ്ഥര്‍ വഴിയും ഭരണം നടത്താമെന്ന ബിജെപിയുടെ വ്യാമോഹത്തിനെതിരെ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് പൗരന്മാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്-ഇന്ത്യൻ നാഷണൽ കോൺഗ്രസ് സഖ്യത്തിന്റെ വിജയം ജനങ്ങൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ്. ഒക്ടോബർ നാലിനുനടന്ന വോട്ടെടുപ്പിൽ 77 ശതമാനം വോട്ടർമാർ പങ്കെടുത്തുനൽകിയ വിജയം രാജ്യത്തോടും ഭരണഘടനയോടുമുള്ള കാർഗിൽ ജനതയുടെ വിശ്വാസത്തെയും പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ ഭിന്നിപ്പിക്കാനും അവരെ രാഷ്ട്രവിരുദ്ധരായി ചിത്രീകരിക്കാനും ബിജെപി 2019 ഓഗസ്റ്റ് അഞ്ച് മുതൽ തുടർന്നുവന്ന ശ്രമങ്ങൾക്കാണ് ജനാധിപത്യത്തിന്റെ മാർഗത്തിലൂടെ കാർഗിൽ ജനത മറുപടി നൽകിയത്. തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിനും കോ ൺ ഗ്രസിനും സമ്പൂ ർണ ഐക്യം കൈ വരിക്കാൻ കഴിഞ്ഞില്ലെങ്കിൽപോലും അത്തരം ഐ ക്യമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് തെളിയിക്കുന്നതായി തെരഞ്ഞെടുപ്പുഫലം.


ഇതുകൂടി വായിക്കൂ; കശ്മീര്‍ പിടിക്കാന്‍ ബിജെപിയുടെ അവസാന അസ്ത്രപ്രയോഗം


30അംഗ കൗൺസിലിലെ 26 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് അംഗങ്ങളെ നാമനിർദേശം ചെയ്യും. മത്സരം നടന്ന 26ൽ 12 സീറ്റുകളില്‍ നാഷണൽ കോൺഫറൻസും 10 എണ്ണത്തിൽ കോ ൺഗ്രസും വിജയിച്ചപ്പോൾ ബിജെപിക്ക് രണ്ട് സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇരുപാർട്ടികളും ത മ്മിൽ ‘സൗഹൃദ മത്സരം’ നടന്ന ഒരു സീറ്റിലാണ് ബിജെപിക്ക് വിജയിക്കാനായത്. ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയ നടപടിക്ക് എതിരായ ഹിതപരിശോധനയായിരിക്കും തെരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ചാണ് നാഷണൽ കോൺഫറൻസും കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2019നു ശേഷം മേഖലയിൽ നടത്തിയ വികസനപ്രവർത്തങ്ങൾ സംബന്ധിച്ച അവകാശവാദവുമായാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ജനങ്ങൾ അത്തരം അവകാശവാദങ്ങൾ തള്ളിക്കളയുകയും ജമ്മു കശ്മീരിന് ഭരണഘടന നൽകിയിരുന്ന പ്രത്യേക പദവിക്കുവേണ്ടി നിലകൊള്ളുന്നു എന്ന് തെരഞ്ഞെടുപ്പുഫലത്തിലൂടെ വ്യക്തമാക്കുകയുമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ പുറത്തുനിന്നുള്ള നിക്ഷിപ്തതാല്പര്യങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകൾ കയ്യടക്കുകയും ജനസംഖ്യയുടെ സ്വഭാവത്തിൽ ആശാസ്യമല്ലാത്ത മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് കാർഗിലിലെയും ജമ്മു കശ്മീരിലെയും ജനങ്ങൾ ഭയപ്പെടുന്നു. അതിനോടുള്ള പ്രതികരണം കൂടിയാണ് തെരഞ്ഞെടുപ്പുഫലങ്ങൾ. കാർഗിൽ തെരഞ്ഞെടുപ്പ്ഫലം ജമ്മു കശ്മീരിലെ രാഷ്ട്രീയത്തെ ആഴത്തിൽ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതുകൂടി വായിക്കൂ; നമുക്ക് തെക്കിന്റെ കശ്മീരിലേക്ക് പോകാം


കാർഗിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും പരസ്പരം മത്സരിച്ചതിന്റെ അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ട് ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ യാഥാർത്ഥ്യബോധത്തോടെ ഒന്നിച്ചുനീങ്ങാൻ തയ്യാറായാൽ അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ കഴിയും. കാർഗിലിലെ ഇന്ത്യ സഖ്യത്തിന്റെ വൻവിജയം നവംബർമാസത്തിൽ നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാഭാവികമായും സ്വാധീനിക്കുമെന്നുവേണം പ്രതീക്ഷിക്കാൻ. അവിടങ്ങളിലെല്ലാം ബിജെപി ഇപ്പോൾത്തന്നെ പ്രതിരോധത്തിലാണ്. ആ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് സാധ്യമായ ഐക്യം കൈവരിക്കാനായാൽ അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിന് കഴിയും. എന്നാൽ ഇന്ത്യ സഖ്യത്തിൽ പരമാവധി യോജിപ്പ് കൈവരിക്കാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് യാഥാർത്ഥ്യബോധത്തോടെ ശ്രമിക്കേണ്ടതുണ്ട്. കർണാടകത്തിലെയും ഇപ്പോൾ കാർഗിലിലെയും വിജയങ്ങൾ, ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിൽ അലംഭാവം കാണിക്കുന്നതിന് കാരണമായാൽ ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന തന്നെയും അതിന് വലിയ വില നൽകേണ്ടിവരും. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അനൈക്യം മുതലെടുത്താണ് കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ബിജെപി അധികാരത്തിൽ വന്നത്. ഇനിയും അവർക്ക് അതിന് അവസരംനൽകുന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.