28 April 2024, Sunday

Related news

March 5, 2024
December 25, 2023
November 3, 2023
October 19, 2023
September 28, 2023
July 22, 2023
July 22, 2023
July 10, 2023
July 10, 2023
May 15, 2023

നമുക്ക് തെക്കിന്റെ കശ്മീരിലേക്ക് പോകാം

ജി ബാബുരാജ്
July 10, 2023 11:07 pm

ശ്ചിമഘട്ട മലനിരകളും നിബിഢ വനങ്ങളും നോക്കെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളും കാഴ്ചയുടെ വസന്തമൊരുക്കുന്ന ഇടുക്കി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാല്‍ സമൃദ്ധമാണ്. ട്രക്കിങ്ങിന് അനുയോജ്യമായ മലനിരകള്‍, വെള്ളച്ചാട്ടങ്ങള്‍, കുഞ്ഞരുവികള്‍, കുത്തിയൊഴുകിപ്പായുന്ന നദികള്‍, ഓറഞ്ചും ആപ്പിളും മുന്തിരിയുമെല്ലാം വിളഞ്ഞു കിടക്കുന്ന തോട്ടങ്ങള്‍, ശീതകാല പച്ചക്കറികള്‍ വിളയുന്ന ഗ്രാമങ്ങള്‍, ഭീതിയും ഒപ്പം കൗതുകവും നിറയ്ക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍.… അങ്ങനെ നീളുന്നു ഇടുക്കിക്കാഴ്ചകള്‍.

സഞ്ചാരികളുടെ മനസു നിറയ്ക്കുന്ന ഇത്തരം വൈവിധ്യമേറിയ കാഴ്ചാനുഭവം കേരളത്തില്‍ മറ്റൊരിടത്തും ഇല്ലെന്നതും വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാണ്. ഭൂവിസ്തൃതിയില്‍ നല്ലൊരു പങ്കും വനപ്രദേശമായതിനാല്‍ വന്യജീവിപ്പേടിയില്‍ നീറുന്ന മനസുമായി കഴിയുന്നവര്‍ ഏറെയാണ് ഇവിടെ. അരിക്കൊമ്പനെ കാടുകടത്തിയെങ്കിലും ചക്കക്കൊമ്പനും പടയപ്പയും കൂട്ടാളികളും ഇപ്പോഴും മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളില്‍ വിലസുന്നു. കടുവയും പുലിയും അടക്കമുള്ള വന്യജീവികള്‍ കാടുവിട്ട് എപ്പോള്‍ പുറത്തിറങ്ങുമെന്ന് ഒരു നിശ്ചയവുമില്ല. നിബിഢവനങ്ങളില്‍ പാര്‍ക്കുന്ന വന്യമൃഗങ്ങള്‍ ഏതൊക്കെയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചാല്‍ ‘സിംഹവും കാണ്ടാമൃഗവും ഒഴികെയുള്ള എല്ലാ മ‍ൃഗങ്ങളുമുണ്ട്‘എന്നാവും മറുപടി.

ജനസംഖ്യ താരതമ്യേന കുറവാണെങ്കിലും ഭൂവിസ്തൃതിയില്‍ ജില്ല മുമ്പനാണ്. 4476 ചതുരശ്ര കി.മീറ്ററാണ് വിസ്തൃതി. അതില്‍ 2.70 ലക്ഷം ഹെക്ടറും വനപ്രദേശവുമാണ്. 1972ല്‍ ജില്ലാ രൂപീകൃതമായതിനു തൊട്ടുപിന്നാലെ കമ്മീഷന്‍ ചെയ്ത ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മാണ വൈഭവത്താലും ജലസംഭരണ ശേഷിയാലും കേരളത്തിന്റെ ഊര്‍ജോല്പാദനത്തിന്റെ തലസ്ഥാനമായി നിലകൊള്ളുന്നു. മാത്രമല്ല ഡാം സന്ദര്‍ശിക്കാനും ബോട്ടിങ് നടത്താനും ആയിരക്കണക്കിനു സഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെ എത്തുന്നത്. കുളമാവ്, ചെറുതോണി, ഇടുക്കി എന്നിങ്ങനെ മൂന്ന് അണക്കെട്ടുകള്‍ ചേരുന്നതാണ് ഇടുക്കി പദ്ധതി. മൂലമറ്റത്താണ് പവര്‍ സ്റ്റേഷന്‍. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് എത്തുന്ന മൂന്നാര്‍ ടൗണും സമീപമലനിരകളും സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്.

തെക്കിന്റെ കശ്മീരെന്ന വിളിപ്പേരും മൂന്നാറിനുണ്ട്. മൂന്നാറിനു ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തന്നെ. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളും സൂര്യനെല്ലി, ചിന്നക്കനാല്‍, ആനയിറങ്കല്‍ ഡാം, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത ‘കൂള്‍ സ്പോട്ടു‘കളാണ് മൂന്നാര്‍ മേഖലയിലുള്ളത്. വരയാടുകള്‍ മേയുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കും (രാജമല) മൂന്നാറിനടുത്തു തന്നെ. ഇതിനു പുറമേ പാമ്പാടുംചോല, ആനമുടിചോല, മതികെട്ടാന്‍ചോല എന്നിങ്ങനെ മൂന്ന് ദേശീയോദ്യാനങ്ങള്‍ കൂടി ഇടുക്കിയിലുണ്ട്. വിശാലകൊച്ചിയടക്കം ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവജലം നല്‍കുന്ന പെരിയാറിന്റെ ഉത്ഭവ സ്ഥാനമായ പെരിയാര്‍ കടുവാ സങ്കേതത്തിലെ ചൊക്കം പെട്ടിയും ഇടുക്കിയില്‍ തന്നെ. അന്തര്‍സംസ്ഥാന തര്‍ക്കത്താല്‍ എന്നും ശ്രദ്ധാകേന്ദ്രമാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നതും ഇടുക്കിയിലെ പീരുമേട് താലൂക്കിലാണ്. 1896 ഫെബ്രുവരിയില്‍ ഈ അണക്കെട്ട് പൂര്‍ത്തിയായതോടെ രൂപം കൊണ്ട ഇടുക്കി തടാകം വിദേശികള്‍ അടക്കമുള്ളവരുടെ ഇഷ്ട വിനോദസഞ്ചാരകേന്ദ്രമാണ്.

Eng­lish Sam­mury: Let’s go to south’s Kashmir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.