22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
May 3, 2024
April 18, 2024
April 17, 2024
April 6, 2024
March 26, 2024
March 10, 2024
January 31, 2024
January 16, 2024
January 4, 2024

യുഡിഎഫിന്‍റെകുട്ടനാട് സന്ദര്‍ശനം ബഹിഷ്കരിച്ച്കര്‍ഷകകോണ്‍ഗ്രസ് ; പിന്നില്‍ ചെന്നിത്തല-സതീശന്‍ പോര്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
April 14, 2022 11:47 am

വേനൽ മഴയിൽ കൃഷി നാശം സംഭവിച്ച ആലപ്പുഴയിലെ കുട്ടനാടൻ പാടശേഖരങ്ങൾ സന്ദർശിക്കാനെത്തിയ യുഡിഎഫ് സംഘത്തെ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഭാരവാഹികളും ബഹിഷ്‌കരിച്ചു. കർഷകകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പക വാടിയുടെ നേതൃത്വത്തിലാണ് ബഹിഷ്കരിച്ചത്. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുപ്പക്കാരന്‍ കൂടിയാണ് കല്‍പ്പകവാടി.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ കെ റെയില്‍വിരുദ്ധ സമരത്തിന്‍റെ ഭാഗമായി കോട്ടയത്തെ പരിപാടി ഡിസിസി പ്രസിഡന്‍റ് സുരേഷ്നാട്ടകം ബഹിഷ്കരിച്ചതിനു പിന്നാലെയാണ് ആലപ്പുഴയിലെ സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രോഗ്രാം കല്‍പ്പകവാടിയും കൂട്ടരും ബഹിഷ്കരിച്ചിരിക്കുന്നത്.കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളുമാണ് പാടശേഖരങ്ങൾ സന്ദർശിച്ചത്. ഈ സന്ദർശനത്തിന് ആതിഥേയത്വം വഹിക്കാൻ ചുമതല ഉണ്ടായിരുന്ന കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പക വാടിയാണ് വിട്ടു നിന്നത്. 

കോട്ടയം ഡിസിസി പ്രസിഡന്‍റ് സുരേഷ് നാട്ടകം എ ഗ്രൂപ്പും, വര്‍ഗീസ് കല്‍പ്പകവാടി ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ അടുത്ത ആളുമാണ്. കോട്ടയത്തെ ചങ്ങനാശേരിയില്‍ രമേശ് ചെന്നിത്തല സന്ദര്‍ശൻം നടത്തിയതിനുപിന്നാലെയാണ് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സതീശനെതിരേപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തതതും. കൂടാതെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ ബഹിഷ്കരിച്ച് സുരേഷ് നാട്ടകം രംഗത്തു വന്നതും. പാർട്ടിയുടെ പോഷക സംഘടനകളും സെല്ലുകളും പലവട്ടം പുനഃസംഘടിപ്പിച്ചപ്പോഴും കെ പി സി സി സി നേതൃത്വത്തെ സ്വാധീനിച്ച് കർഷക കോൺഗ്രസ് നേതൃത്വത്തിൽ ലാൽ കല്പകവാടി അള്ളിപ്പിടിച്ചിരിക്കയിരുന്നു. കഴിഞ്ഞ 17 വർഷമായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ തുടരുകയാണ്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായ കാലത്താണ് ഇദ്ദേഹത്തെ നിയമിച്ചത്. ചെന്നിത്തലയുടെ അടുപ്പക്കാരൻ എന്ന സ്വാധീനം ഉപയോഗിച്ചാണ് പദവിയിൽ തുടർന്നിരുന്നത്.കർഷക കോൺഗ്രസിന് പോഷക സംഘടനാ പദവി ഇല്ലെങ്കിലും പാർട്ടിയുടെ സുപ്രധാന ഘടകമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കർഷക കോൺഗ്രസ് സമ്പൂർണ പരാജയമാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല പോഷക സംഘടനകളുടേയും സെല്ലുകളുടേയും തലപ്പത്തുള്ളവർ മാറിയിട്ടും ലാൽ വർഗീസ് എങ്ങനെ ഇത്ര കാലം തുടർന്നു എന്നാണ് കോൺഗ്രസുകാർ ചോദിക്കുന്നത്.ഡൽഹിയിൽ കർഷകർ ഒരു വർഷത്തോളം നീണ്ടു നിന്ന സമരം നടത്തിയ കാലത്ത് അവരോട് അനുഭാവം പ്രകടിപ്പിച്ച് ഒരു പരിപാടി നടത്താൻ പോലും കർഷക കോൺഗ്രസ് തയ്യാറായിരുന്നില്ല.

കൽപ്പകവാടിയുടെ കുറെ ശിങ്കിടികളെ കുത്തിനിറച്ച് ഒരു പോക്കറ്റ് സംഘടനയാക്കി മാറ്റിയിരിക്കയാണെന്ന് ആക്ഷേപമുണ്ട്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഐ ഗ്രൂപ്പിന്റെ ക്വാട്ടയിൽ ഹോർട്ടി കോർപ്പിന്റെ ചെയർമാൻ സ്ഥാനവും കൽപ്പകവാടിക്ക് ലഭിച്ചിരുന്നു. അക്കാലത്തും കർഷക കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും കൈപ്പിടിയിൽ വെച്ചിരിക്കയായിരുന്നു. ഹോർട്ടി കോർപ്പിൽ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന കാലത്ത് താൽക്കാലിക നിയമനത്തിലും പച്ചക്കറി വാങ്ങലിലും വൻ അഴിമതി നടത്തിയതിൽ വിജിലൻസ് അന്വേഷണമുണ്ടായിരുന്നു. സംഘടന പദവികളിൽ ഇഷ്ടക്കാരെ പണം വാങ്ങി നിയമിക്കുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. 

രമേശ് ചെന്നിത്തലയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് ഈ വിവാദങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ട് നിൽക്കയായിരുന്നു. ഒരു പരിപാടിയും നടത്താതിരുന്ന ഈ പ്രസിഡന്റിനെ പുറത്താക്കണമെന്ന് കർഷക കോൺഗ്രസിലെ ഒരു പറ്റം നേതാക്കൾ കെ പി സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രദേശത്തെ കർഷകർ കോൺഗ്രസിന്റെ കർഷക സംഘടന നേതാക്കളുടെ നിസംഗതയെക്കുറിച്ച് പരസ്യമായി പരാതിപ്പെട്ടിരുന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരിക്കലും നിലകൊള്ളാത്ത ഈ സംഘടനയും അതിലെ ഇത്തിൾക്കണ്ണികളായ നേതാക്കളേയും ഒഴിവാക്കണമെന്നാണ് ഇവരുടെപ്രധാന ആവശ്യം.

Eng­lish Summary:Karshaka Con­gress boy­cotts UDF vis­it to Kut­tanad; Chen­nitha­la-Satheesan bat­tle behind

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.