29 May 2024, Wednesday

Related news

May 12, 2024
May 11, 2024
May 9, 2024
May 8, 2024
May 8, 2024
May 4, 2024
May 3, 2024
April 26, 2024
April 26, 2024
April 24, 2024

കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല: ബിനോയ് വിശ്വം

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ഇടതുപക്ഷ വിരോധം 
ദൂരദര്‍ശന്‍ ലോഗോയുടെ നിറം മാറ്റം ഭരണഘടനാ മാറ്റത്തിന്റെ തുടക്കം
Janayugom Webdesk
കോഴിക്കോട്
April 18, 2024 6:48 pm

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ഇടതുപക്ഷ വിരോധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഡി പി ഐയും ആര്‍എസ്എസ്സും കോണ്‍ഗ്രസ്സിന്റെ രണ്ട് കൈകളായി മാറി. ഈ അറുപിന്തിരിപ്പന്‍ കൂട്ടുകെട്ടിനെതിരായാണ് എല്‍ഡിഎഫ് പോരാടുന്നത്. ഗാന്ധി-നെഹ്റു പാരമ്പര്യങ്ങളെ കോണ്‍ഗ്രസ് നേതൃത്വം കേരളത്തില്‍ പൂര്‍ണ്ണമായും കുഴിച്ചുമൂടി. തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് പരാജയഭീതി ശക്തിപ്പെടുകയാണ്. അതിനാല്‍ നിലവിട്ട പ്രചാരണ ശൈലിയാണ് അക്കൂട്ടര്‍ പുറത്തെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ മോഡി വല്ലാത്ത പരക്കം പാച്ചിലിലാണ്. മോഡി രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പായ കോണ്‍ഗ്രസ്, അപവാദ പ്രചാരണത്തിലൂടെ എതിരാളികളെ നേരിടാനാണ് നീക്കം നടത്തുന്നത്. പൊതുരാഷ്ട്രീയത്തില്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത അങ്ങേയറ്റം മ്ലേച്ഛമായ ശൈലിയുമായാണ് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുള്ളത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അവര്‍ വടകരയില്‍ കാണിക്കുന്നത്. വിമോചന സമര കാലത്താണ് ഇതിന് മുമ്പ് ഇത്തരത്തിൽ കോൺഗ്രസ് തെറി വിളികളും വ്യാജ പ്രചാരണവും ഉപയോഗിച്ചത്. യുഡിഫിലെ സ്ത്രീകൾ കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം അംഗീകരിക്കാനാവില്ല. 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. 1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനെ പിരിച്ചുവിടാനെടുത്ത തീരുമാനം നെഹ്റുവിന് ഏല്‍പ്പിച്ചത് ഏറ്റവും വലിയ കളങ്കമാണ്. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യങ്ങളെല്ലാം ചോദ്യംചെയ്യപ്പെട്ടു. 

അറപ്പുളവാക്കുന്ന ശൈലിയും തന്ത്രങ്ങളുമായി എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തുന്ന പ്രചാരണം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കേരളത്തില്‍ സ്ത്രീകള്‍ ഇതിനെ ഒരിക്കലും അംഗീകരിക്കില്ല. യുഡിഎഫിലെ സ്ത്രീകള്‍പോലും ഇതിനെതിരെ രംഗത്തുവരികയാണ്. സ്ത്രീത്വത്തെ എക്കാലവും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പാരമ്പര്യം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നെറികെട്ട രീതിയിലാണ് ആദരണീയയായ സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും പ്രചാരണവും നടത്തുന്നത്. ഈ നെറികേടിന് സ്ത്രീകള്‍ കോണ്‍ഗ്രസ്സിന് മാപ്പുകൊടുക്കില്ല. ഈ തെറ്റിനുള്ള പ്രായശ്ചിത്തമായി ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. ഇതിന്റെ അലയൊലികള്‍ വടകരയില്‍ മാത്രമൊതുങ്ങില്ല. ചിന്തിക്കുന്ന സ്ത്രീകള്‍ കേരളത്തിലാകമാനം യുഡിഎഫിനെതിരായിട്ടുണ്ട്. ഇത് തീക്കളിയാണ്. ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഒരു സ്ത്രീയും പൊതുജീവിതത്തില്‍ അപമാനിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജന്‍ നടത്തിയ വെണ്ണപ്പാളി പരാമര്‍ശം ക്രീമിലെയര്‍ എന്ന അര്‍ത്ഥത്തിലാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. സ്ത്രീകളുടെ സ്ഥാനം ഒരിക്കലും പുരുഷന്‍മാര്‍ക്ക് താഴെയല്ല. സ്ത്രീകളെക്കുറിച്ച് വാചാലരാകുന്ന ആര്‍എസ്എസ്സില്‍ സ്ത്രീകള്‍ക്ക് അംഗത്വമില്ലെന്നതാണ് വൈരുദ്ധ്യം. സ്ത്രീത്വമാണ് ഏറ്റവും ബഹുമാനിക്കേണ്ടത്. ഇതാണ് സിപിഐയുടെ നിലപാട്. ഏത് സ്ത്രീക്ക് നേരെ അക്രമം ഉണ്ടായാലും എതിർക്കപ്പെടണം.

കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റ് ശക്തിപ്രാപിച്ചു. എല്ലാ തലങ്ങളിലും ആ കാറ്റ് ആഞ്ഞുവീശുകയാണ്. വിജയിക്കുന്ന പക്ഷം ഇടതുപക്ഷമാണ്. അതിന്റെ വേവലാതിയാണ് ഇടതുപക്ഷത്തെ എതിര്‍ക്കുന്ന ശക്തികളില്‍ കാണുന്നത്. അവര്‍ പരസ്പരം കൈകോര്‍ക്കുകയാണ്. അതില്‍ കോണ്‍ഗ്രസ്സാണ് മുന്നില്‍. ബിജെപിയുമായുള്ള അവരുടെ ചങ്ങാത്തം പഴയ കോ-ലീ-ബി സഖ്യത്തെ അനുസ്മരിപ്പിക്കുന്നതാണ്. അന്നു തുടങ്ങിയതാണ് കോണ്‍ഗ്രസ്സിന് ബിജെപിയുമായുള്ള മൊഹബത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വ്വെകള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. മുമ്പ് നടത്തിയ സര്‍വ്വേകളില്‍ നാലില്‍ മൂന്നുഭാഗവും അടിമുടി തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സര്‍വ്വെ ആഭാസങ്ങളെ വെട്ടി വിഴുങ്ങരുത്. പണം നല്‍കി തങ്ങള്‍ക്ക് അനുകൂലമായി ചെയ്യിക്കുന്ന ഇത്തരം സര്‍വ്വെകള്‍ക്ക് യാതൊരു ആധികാരികതയുമില്ല. ഇത്തരം സര്‍വ്വെകള്‍ ജനഹിതത്തിന്റെ പ്രതിഫലനമായി അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള സര്‍വ്വെകള്‍ കണ്ടുപിടിച്ചത് ബിജെപിയാണ്. ഈ മാസം 26 ന് ജനങ്ങള്‍ അന്തിമ വിധിയെഴുതും. കേരളത്തില്‍ എല്ലായിടത്തും ഇപ്പോള്‍ ഇടതുപക്ഷം ബഹുദൂരം മുന്നിലാണ്. മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകുമെനന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. 

ആരാണ് കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളിയെന്നും ഈ മഹായുദ്ധത്തിന്റെ കേന്ദ്രസ്ഥാനം ഏതാണെന്നും എ കെ ആന്റണി വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം വയനാട്ടില്‍ പരാജയം മണത്തിട്ടുണ്ടാകാമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണം. ഇവിഎം സംബന്ധിച്ച വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം പരാതികള്‍ പരിശോധിക്കപ്പെടണം. വീവി പാറ്റ് സ്ലിപ്പുകള്‍ മുഴുവനായും എണ്ണണം. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതില്‍ സിപിഐയും കക്ഷിയാണ്. ദൂരദര്‍ശന്റെ ലോഗോയുടെ കാവിവത്കരണം ആമുഖം മാത്രമാണ്. ഈ നിറംമാറ്റം ഭരണഘടനാ മാറ്റത്തിന്റെ തുടക്കമാണ്. ഈ നിറംമാറ്റത്തിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണെന്നാണ് സിപിഐ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: Ker­ala women will not accept vio­lence against KK Shaila­ja teacher: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.