23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
November 8, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024

കേരളത്തിന്റെ ആരോഗ്യ മേഖല വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കുന്നത്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 6, 2021 9:49 pm

വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കത്തക്ക നിലയിലാണു കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ലോകാര്യോഗ്യ സംഘടന, യുണിസെഫ്, സിഡിസി കേരള, ക്യൂർ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്കു കുതിക്കാൻ കഴിയണം.

ഈ രംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ വിവിധ മേഖലകളിൽ ഇടപെടൽ നടത്താൻതന്നെയാണു തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെ കൃത്യമായ പരിപാടിയുടെ അടിസ്ഥാനത്തിൽ നേരിടാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. നവജാത ശിശുക്കളിൽ കണ്ടുവരുന്ന തൂക്കക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി ‘ക്യാംപെയിൻ 12’ എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൂർണമായി ക്ലബ്ഫൂട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കുന്നത്. നിലവിൽ ഏഴു ക്ലബ് ഫൂട്ട് ക്ലിനിക്കുകളാണു സർക്കാർ ആശുപത്രികളിലുള്ളത്. ഭാവിയിൽ 37 എണ്ണംകൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈകല്യങ്ങൾ തടഞ്ഞുനിർത്തുകയും അതുവഴി ആരോഗ്യ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധനൽകിയുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എൻഎച്ച്എം മിഷൻ ഡയറക്ടർ വികാസ് ഷീൽ, യുണിസെഫ് ഇന്ത്യ ചീഫ് ഓഫ് ഹെൽത്ത് ലൂയിഗി ഡി അക്വിനോ, കേരള സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. ബി ഇക്ബാൽ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പങ്കെടുത്തു.

ക്ലബ് ഫൂട്ട് : കാലുകള്‍ക്ക് ഉണ്ടാകുന്ന വൈകല്യം

 

കുട്ടികളില്‍ ജന്മനാ തന്നെ കാലുകള്‍ക്ക് ഉണ്ടാകുന്ന വൈകല്യമാണ് ക്ലബ് ഫൂട്ട്. ജനിക്കുന്ന 1,000 കുഞ്ഞുങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ക്ലബ് ഫൂട്ട് കണ്ടുവരാനുള്ള സാധ്യതയുണ്ട്. ഈ വൈകല്യമുള്ള കുട്ടികളില്‍ കാലിന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ വലുതായി നടക്കുമ്പോള്‍ ഭിന്നശേഷിയുണ്ടാക്കും. അതിനാല്‍ തന്നെ കുട്ടി ജനിച്ചു കഴിയുമ്പോള്‍ തന്നെ കാലുകള്‍ക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

കുട്ടി ജനിച്ചയുടന്‍ ക്ലബ് ഫൂട്ടിന്റെ ചികിത്സ തുടങ്ങേണ്ടതാണ്. കാലുകളില്‍ പ്ലാസ്റ്ററിട്ടാണ് ചികിത്സ ആരംഭിക്കുന്നത്. കുട്ടിയുടെ കാലുകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഓരോ ആഴ്ചയിലും പുതിയ പ്ലാസ്റ്റര്‍ ഇടണം. തുടര്‍ന്ന് നാലു വയസു വരെ കാലില്‍ ബ്രേസ് ഇടണം. ഇതിലൂടെ ക്ലബ് ഫൂട്ടില്‍ നിന്നും കുട്ടിയെ രക്ഷിക്കാനാകും.

eng­lish sum­ma­ry; Ker­ala’s health sec­tor is on par with devel­oped coun­tries: CM

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.