14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 5, 2024
October 27, 2024
October 6, 2024
September 10, 2024
July 8, 2024
April 6, 2024
April 1, 2024
March 28, 2024
March 21, 2024

പഞ്ചാബിൽ വിഘടനവാദത്തിന്റെ രണ്ടാം ഭാവം

സത്യന്‍ ടി
March 7, 2023 4:45 am

മൂന്നര ദശകം മുമ്പ് അമർന്നുവെന്ന് കരുതപ്പെടുന്നതാണ് പഞ്ചാബിലെ ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനം. സ്വാതന്ത്ര്യത്തിന് മുമ്പും വിഭജനകാലത്തും അതിനുശേഷവും വിവിധ ഘട്ടങ്ങളിൽ സ്വതന്ത്ര പഞ്ചാബെന്ന ആവശ്യം ചില കോണുകളിൽ നിന്നുയരുകയും സംഘടിത രൂപം കൈക്കൊള്ളുകയും ചെയ്തിരുന്നു. എങ്കിലും അതിന് ഭീകരസംഘടനാ രൂപവും ആയുധത്തിന്റെയും അതിക്രമങ്ങളുടെയും വിപുലമായ അടിത്തറയുമുണ്ടായത് ഭിന്ദ്രൻ വാലയുടെ നേതൃത്വത്തിൽ സിഖ് ആത്മാഭിമാനത്തിന്റെ പേരിൽ പടർന്നു പിടിച്ച വിഘടന പ്രവർത്തനങ്ങളോടെയായിരുന്നു. പഞ്ചാബിലെ സിഖ് ജനത വിഘടനവാദത്തിനനുകൂലവും പ്രതികൂലവുമായ രണ്ട് ചേരികളായി. പ്രസ്തുത വിഘടനവാദ പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമായ നിരവധി പ്രത്യാഘാതങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചത്. നിരപരാധികളും നിഷ്കളങ്കരുമായ സാധാരണ സിഖുകാർക്ക് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയുണ്ടായി. എത്രയോ പേർ വിഘടനവാദത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. അതിനെതിരായ ചെറുത്തുനില്പുകളും രാഷ്ട്രീയ ബഹുജന സംഘടനകളുടെ നേതൃത്വത്തിലുണ്ടായി. സിപിഐയും ബഹുജന സംഘടനകളും അക്കാലത്ത് വിഘടനവാദത്തിനെതിരെ പരസ്യമായി നിലപാടെടുത്ത് രംഗത്തെത്തി. വിഘടനവാദികൾ അനാഥരാക്കിയ കുട്ടികളെയും ബഹുജനങ്ങളെയും സംരക്ഷിക്കുന്നതിന് കേന്ദ്രങ്ങൾ സ്ഥാപിച്ചു. അതിന്റെ പ്രതികാരമായി വിഘടനവാദികളുടെ തോക്കിൻമുനയിൽ ഇരുനൂറിലധികം പ്രവർത്തകരും നേതാക്കളുമാണ് മരിച്ചുവീണത്. അതിൽ കുടുംബത്തോടെ മരിച്ചവരുമുണ്ടായിരുന്നു. സിഖ് വിശ്വാസികളുടെ പവിത്രമായ ആരാധനാലയമായ സുവർണ ക്ഷേത്രം കേന്ദ്രമാക്കിയായിരുന്നു ഭീകര പ്രവർത്തനമെന്നതിനാൽ അവിടേയ്ക്ക് സൈന്യം ഇരച്ചു കയറുന്ന സാഹചര്യമുണ്ടായി. ഏത് മതവിശ്വാസിയെ സംബന്ധിച്ചും അവരുടെ മനസിനെ വ്രണിതമാക്കുന്നതായിരുന്നു പ്രസ്തുത സംഭവം.

രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവത്യാഗത്തിലും അവസാനിച്ചില്ല. അതിന് പ്രതികാരമായി ഡൽഹിയിൽ സിഖ് കൂട്ടക്കൊലയ്ക്കു തന്നെ രാജ്യം സാക്ഷിയായി. അങ്ങനെ ചോരയും ജീവനും കുരുതിക്കളങ്ങളും തീർത്ത കറുത്തൊരു പാടായിരുന്നു ഖലിസ്ഥാൻ വിഘടനവാദത്തിന്റെ ഒന്നാം അധ്യായം. പഞ്ചാബിന്റെ പ്രത്യേകത എല്ലാ ദേശീയപാർട്ടികൾക്കുമൊപ്പം സിഖ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക കക്ഷികൾക്കും നല്ല അടിത്തറയുണ്ട് എന്നതായിരുന്നു. സ്വാതന്ത്ര്യാനന്തരമുള്ള പഞ്ചാബിന്റെ ജനാധിപത്യ സഞ്ചാരം പരിശോധിച്ചാൽ അക്കാര്യം ബോധ്യമാകും. ദേശീയ രാഷ്ട്രീയത്തിൽ കോണ്‍ഗ്രസ് കിരീടം വച്ച വാഴ്ച നടത്തുമ്പോഴും എല്ലാ സംസ്ഥാനങ്ങളിലും അധികാരം കയ്യടക്കിയപ്പോഴും പഞ്ചാബ് പലപ്പോഴും കുതറി മാറി, ശിരോമണി അകാലിദൾ പോലുള്ള പ്രാദേശിക പാർട്ടികളുടെ ഭരണത്തിന് ആതിഥ്യം നല്കിയിരുന്നു. അങ്ങനെയൊരു പശ്ചാത്തലത്തിൽ പഞ്ചാബിൽ പിടിമുറുക്കുന്നതിന് കോൺഗ്രസ് തന്നെ പാൽ നല്കി വളർത്തിയ മൂർഖനായിരുന്നു ഭിന്ദ്രൻ വാലയെന്ന് സിഖ് വിഘടനവാദത്തിന്റെ പൂർവകഥകളിൽ അനാവരണം ചെയ്യപ്പെട്ടതാണ്. ഈ സന്ദർഭങ്ങൾ ഓർത്തുവേണം പഞ്ചാബിൽ ഇപ്പോൾ രൂപപ്പെട്ടുവരുന്ന സിഖ് ഭീകരവാദത്തിന്റെ രണ്ടാം രൂപത്തെ അവലോകനം ചെയ്യേണ്ടത്. ഫെബ്രുവരി 23ന് നടന്നൊരു സംഭവത്തിലൂടെയാണ് സിഖ് വംശീയതയുടെ പേരിൽ ഉദയം ചെയ്തിരിക്കുന്ന രണ്ടാം വിഘടനവാദ സംഘടനയുടെ പേരും നേതൃത്വവും രൂപഘടനയും കൂടുതലായി വെളിപ്പെടുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. സംഘടനയുടെ ഇപ്പോഴത്തെ നേതാവായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന അമൃത് പാൽ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിനെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റത്തിന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതിൽ ‍പ്രതിഷേധിച്ചും വിട്ടയക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു മാർച്ച്. തോക്കുകളും വാളുകളും സിഖ് സമുദായത്തിന്റെ പരമ്പരാഗത ആയുധങ്ങളും ഏന്തിയായിരുന്നു പ്രകടനം. അതിരു കടന്ന സംഘർഷത്തെ തുടർന്ന് ലവ് പ്രീത് സിങ്ങിനെ വിട്ടയക്കേണ്ടി വരികയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: റായ്‌പൂര്‍ നല്കിയിട്ടില്ലാത്ത ഉത്തരങ്ങള്‍ 


യഥാർത്ഥത്തിൽ അമൃത് പാൽ സിങ്ങായിരുന്നില്ല വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയ്ക്ക് രൂപം നല്കിയത്. ശക്തമായ കർഷക സമരം നടക്കുന്ന കാലത്ത് 2021ലെ റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി അക്രമാസക്തമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച നടൻ ദീപ് സിദ്ദുവായിരുന്നു സംഘടനയുണ്ടാക്കിയത്. പ്രക്ഷോഭ സംഘാടകർ നിശ്ചയിക്കാത്ത വഴികളിലൂടെ ട്രാക്ടർ റാലിയെ കൊണ്ടുപോകുകയും ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുകയും ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചതും ദീപ് സിദ്ദുവായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന പഞ്ചാബ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ (എ) സ്ഥാനാർത്ഥിക്കുവേണ്ടി പ്രചരണം നടത്തുകയും ചെയ്തു ദീപ് സിദ്ദു. ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നവർ കൂടിയായിരുന്നു ഈ പാർട്ടിയിലുള്ളവർ. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് വാഹനാപകടത്തിൽ സിദ്ദു കൊല്ലപ്പെട്ടു. സിദ്ദുവിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് വാരിസ് പഞ്ചാബ് ദേ സംഘടനയിലുള്ളവർ ആരോപിക്കുന്നത്. പരസ്പരം കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സിദ്ദുവും അമൃത് പാലും സ്ഥിരമായി സംവദിക്കാറുണ്ടായിരുന്നു. അമൃത്പാൽ തന്റെ അടുത്ത അനുയായി ആണെന്ന് സിദ്ദു ഒരു വീഡിയോയിൽ പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്. യഥാർത്ഥത്തിൽ കഴിഞ്ഞ ഓഗസ്റ്റ്മാസം വരെ ദുബായിലെ വ്യാപാര രംഗത്തായിരുന്നു അമൃത്പാൽ. ഭിന്ദ്രൻ വാലയുടെ നേതൃത്വത്തിലുണ്ടായ ഖലിസ്ഥാൻ ഭീകരവാദത്തിന് ശമനമുണ്ടായതിനു ശേഷം 1991ല്‍ അമൃത്‌സറിലെ ഖേഡ ഗ്രാമത്തിൽ ജനനം. 12-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 2012ൽ കുടുംബത്തിന്റെ ദുബായിലുള്ള വ്യാപാരം നോക്കി നടത്തുന്നതിന് അങ്ങോട്ടുപോയി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ സിദ്ദുവുമായി ബന്ധപ്പെടുകയും സംവദിക്കുകയും ചെയ്ത അമൃത് പാൽ, ക്രമേണ വാരിസ് പഞ്ചാബ് ദേയുടെ ഭാഗമായി. 2022 ഓഗസ്റ്റിൽ നാട്ടിലേയ്ക്ക് വന്ന ഈ യുവാവ്, സെപ്റ്റംബർ 25ന് അനന്തപൂർ സാഹിബിൽ അമൃതധാരി സിഖ് ആകുന്നതിനുള്ള ചടങ്ങിൽ ആയിരത്തോളം പേർക്കൊപ്പം പങ്കാളിയാകുകയും ചെയ്തു.

അതേമാസം 29ന് ആയിരക്കണക്കിന് സിഖുകാർ ഭിന്ദ്രൻ വാലയുടെ ഗ്രാമമായ റോഡെടയിൽ ഒത്തുകൂടുകയും ചെയ്തിരുന്നു. ഇതിലും അമൃത്പാൽ നേതൃത്വപരമായ പങ്കുവഹിച്ചെന്നാണ് പറയപ്പെടുന്നത്. ദുബായിലായിരിക്കുമ്പോഴും പഞ്ചാബിന്റെ പരമാധികാരത്തെയും അവിടത്തെ ജനങ്ങളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപഭോഗത്തെയും കർഷക പ്രക്ഷോഭത്തെയും കുറിച്ച് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ സംസാരിക്കാറുണ്ടായിരുന്നു. സിദ്ദുവിന്റെ കുടുംബം അമൃത്പാലിനെ അകറ്റി നിർത്തിയിരുന്നുവെങ്കിലും അയാൾ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. എന്റെ വ്യക്തിത്വത്തെ അംഗീകരിക്കുമ്പോൾ മാത്രമേ ഞാൻ ഭരണഘടനയിൽ വിശ്വസിക്കൂ, ഞാൻ ഇന്ത്യക്കാരനല്ല, പഞ്ചാബിയാണ് എന്നിങ്ങനെയുള്ള നിലപാടു പ്രഖ്യാപനങ്ങളാണ് അമൃത്പാൽ നടത്തിയിട്ടുള്ളത്. പഴയ കാലത്തെ പഞ്ചാബിന്റെ പരിധിയിലുണ്ടായിരുന്ന മുഴുവൻ പ്രദേശങ്ങളും ഞങ്ങൾക്കു വേണമെന്നും ആദ്യം ഇന്ത്യയിലേത് എടുത്ത ശേഷം പാകിസ്ഥാനിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. എന്തായാലും പഞ്ചാബിന്റെ പേരിലുള്ള പുതിയ അവകാശവാദങ്ങളും പ്രതിവാദങ്ങളും ഒരിക്കൽകൂടി ഉയർന്നിരിക്കുന്നു. സിഖ് സമുദായങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെല്ലാം പുതിയ വിഘടനവാദത്തെ എതിർത്തിട്ടുണ്ട്. ഏകദേശം മൂന്നര ദശകങ്ങൾക്ക് മുമ്പാണ് ഖലിസ്ഥാന്റെ പേരിലുള്ള വിഘടനവാദം ശക്തിപ്പെടുകയും പ്രധാനമന്ത്രിയുടേതുൾപ്പെടെ ആയിരക്കണക്കിനു ജീവനുകള്‍ നഷ്ടമാകുകയും ചെയ്തത്. പിന്നീടും ഖലിസ്ഥാൻ വാദം പല കോണുകളിൽ നിന്നും ഉയർന്നുകൊണ്ടിരുന്നുവെങ്കിലും പഞ്ചാബ്, സമാധാനത്തിന്റെ പാതയിൽ ഉറച്ചുനിന്നു. വീണ്ടും അത്തരമൊരു വാദവും അതിന് സംഘടിത രൂപവുമുണ്ടാകുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ പഴയകാല സംഭവത്തിന്റെ തനിയാവർത്തനമാണോയെന്ന സംശയം ഉന്നയിക്കുന്നുണ്ട്. കർഷക പ്രക്ഷോഭത്തെ തകർക്കുന്നതിന് രംഗപ്രവേശം ചെയ്തവരിൽ പലരും ഇപ്പോൾ പുതിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അതിന് നേതൃത്വം നല്കിയ സിദ്ദു ഫലത്തിൽ ബിജെപിയുടെ കയ്യാളായിരുന്നുവെന്ന് വ്യക്തമായതുമാണ്.


ഇതുകൂടി വായിക്കൂ:  ഹരിയാന പൊലീസിന്റെ അരുംകൊല


ഖലിസ്ഥാൻ വിഘടനവാദം വരുന്നുണ്ടെന്ന ഭീതി വിതയ്ക്കുന്നത് മറ്റിടങ്ങളിലെ ഭൂരിപക്ഷ വർഗീയതയെ പ്രചോദിപ്പിക്കുന്നതിന് സഹായകവുമാണ്. അതിന്റെ ഉപഭോക്താക്കൾ ബിജെപിയല്ലാതെ മറ്റാരുമാകില്ല. അതുകൊണ്ടുതന്നെ ഭിന്ദ്രൻവാല കോൺഗ്രസിന്റേതെന്നതുപോലെ അമൃത്പാൽ സിങ് ബിജെപിയുടെ കയ്യാളാണോയെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്. പഞ്ചാബിലെ വേരോട്ടം മാത്രമല്ല, രാജ്യത്താകെയുള്ള ഭൂരിപക്ഷ ധ്രുവീകരണവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. മറ്റൊന്നുകൂടിയുണ്ട്. കർഷക പ്രക്ഷോഭകാലത്ത് അവർക്ക് ഭക്ഷണമൊരുക്കുന്നതിന് സാമ്പത്തികമായി സഹായിച്ച ഒരാളുണ്ടായിരുന്നു. ദർശൻ സിങ് ധലിവാൾ. അക്കാരണത്താൽ യുഎസ് ബിസിനസ് രംഗത്തുണ്ടായിരുന്ന ദർശൻ സിങ്ങിനെ 2021ൽ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. 2022ൽ അതേ ദർശൻ സിങ്ങിനെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നല്കി ആദരിച്ചു. പ്രധാനമന്ത്രി മോഡി അദ്ദേഹത്തെ നേരിട്ടുകണ്ട് തെറ്റുപറ്റിയെന്ന് പറയുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ എന്താണ് മനസിലാക്കേണ്ടത്. പഞ്ചാബിലെ വിഘടനവാദത്തിന്റെ പുതിയ ഭാവത്തിന് തിരക്കഥയൊരുങ്ങിയത് ഡൽഹിയിൽ നിന്നുതന്നെ എന്നാണോ.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.