15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 5, 2024
August 23, 2024
February 8, 2024
November 29, 2023
October 17, 2023
August 25, 2023
April 9, 2023
March 8, 2023
October 26, 2022

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു പ്രതികൂടി പിടിയിൽ

Janayugom Webdesk
താമരശ്ശേരി
March 8, 2023 10:22 pm

ഗൾഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് താമരശ്ശേരി വെഴുപ്പൂരിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു പ്രതികൂടി പൊലീസ് പിടിയിലായി. പെരുമണ്ണ പെരിങ്ങോട്ടു പറമ്പ് നൗഷാദ് അലി (33) യെയാണ് പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുഖ്യപ്രതി മുക്കം കൊടിയത്തൂർ എള്ളങ്ങൽ വീട്ടിൽ അലി ഉബൈറാൻ (26) നെ ഫെബ്രുവരി 21‑ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 22 ന് താമരശ്ശേരി തച്ചംപൊയിൽ അവേലംപയ്യമ്പടി മുഹമ്മദ് അഷ്റഫ് എന്ന വിച്ചി (55) യെ തട്ടിക്കൊണ്ടു പോയി മൂന്നു രാത്രിയും രണ്ടു പകലും ബന്ദിയാക്കി ഉപദ്രവിച്ച ശേഷം വിട്ടയച്ച സംഭവത്തിലാണ് അറസ്റ്റ്. 

മുക്കത്തുള്ള സൂപ്പർ മാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി പത്തു മണിയോടെ തടഞ്ഞുവെച്ച് മുഹമ്മദ് അഷ്റഫിനെ രണ്ടു വാഹനങ്ങളിലെത്തിയ സംഘം കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാർ താമരശ്ശേരി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. മലപ്പുറം കാവനൂർ സ്വദേശി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും ഉടമസ്ഥതയിലുള്ള സ്വർണ്ണം കേരളത്തിലേക്ക് കടത്താൻ അനുവദിക്കാതെ മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞുവെച്ചിരുന്നു. ഈ സ്വർണ്ണം വിട്ടു കിട്ടാൻവേണ്ടിയാണ് മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവായ അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറിനേയും മുക്കത്ത് വെച്ച് അലി ഉബൈറാന്റെ സഹോദരങ്ങളെയും കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായിരുന്ന എള്ളങ്ങൽ ഷബീബ് റഹ്‌മാൻ, മുഹമ്മദ് നാസിന്‍ എന്നിവരേയും അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ നിന്ന് മുഹമ്മദ് അഷ്റഫിനെ വിട്ടയച്ചത്.

കേസിലെ മറ്റു പ്രതികളായ മലപ്പുറം രണ്ടത്താണി മാറാക്കര തിരുനിലത്ത് സാബിത്, രണ്ടത്താണി നരിക്കൽവില സാബിത്, രണ്ടത്താണി കുന്നേക്കാട് മുഹമ്മമ്മദ് കുട്ടി എന്ന ഫവാസ്, എറണാകുളം തൃപ്പുണ്ണിത്തറ പാലായിൽ ശിവസദനത്തിൽ കരുൺ എന്നിവരും മറ്റു രണ്ടുപേരും പിടിയിലാവാനുണ്ട്. താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ എൻ കെ സത്യൻ, എസ് ഐ മാരായ വി പി അഖിൽ, രാജീവ് ബാബു, ബിജു പൂക്കോട്, എ എസ് ഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Eng­lish Sum­ma­ry: Kid­nap­ping inci­dent of trad­er in Thama­rassery; One more sus­pect in custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.