5 March 2024, Tuesday

Related news

February 29, 2024
February 27, 2024
January 13, 2024
December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023
December 19, 2023
December 19, 2023

കോടിയേരിക്ക് അനുശോചനം രേഖപ്പെടുത്തി സിപിഐ സമ്മേളനം

ഇന്നത്തെ പൊതുപരിപാടികൾ ഒഴിവാക്കി

ഒഴിവാക്കിയത് ഡോ. വനന്ദന ശിവ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി
web desk
തിരുവനന്തപുരം
October 2, 2022 12:36 pm

അന്തരിച്ച സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളന നടപടികളൊഴികെയുള്ള പൊതുപരിപാടികളെല്ലാം ഒഴിവാക്കി. ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലെ കെ വി സുരേന്ദ്രനാഥ് നഗറിൽ നടക്കേണ്ടിയിരുന്ന ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’ സെമിനാർ ഉൾപ്പെടെയാണ് ഒഴിവാക്കിയത്. തത്വചിന്തകയും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. വനന്ദന ശിവ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയായിരുന്നു ഇത്.

ഇന്നലെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഇന്ന് രാവിലെ 9.30ഓടെ പ്രതിനിധി സമ്മേളന നടപടികൾ പുനരാരംഭിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. കോടിയേരിയുടെ അകാലത്തിലുള്ള വേർപാട് കേരളത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അപരിഹാര്യമായ നഷ്ടമാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ കമ്മ്യൂണിസ്റ്റ് ആശയഗതികളിൽ ആകൃഷ്ടനായി സിപിഐ(എം) സംഘടനാ രംഗത്ത് വരികയായിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനവും യുവജന പ്രസ്ഥാനവും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു.

സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച സഖാവ് കോടിയേരി സിപിഐ(എം) സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അഞ്ചു തവണ കേരള നിയമസഭയിൽ അംഗമായി പ്രവർത്തിച്ച കോടിയേരി മികച്ച പാർലമെന്റേറിയനുമായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു.

കോടിയേരിയുടെ നിര്യാണത്തില്‍ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചിച്ചു. വ്യക്തിജീവിതത്തെ പൂർണമായും പാർടി ജീവിതത്തിനു കീഴ്പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കടുത്ത ശാരീരിക വിഷമതകൾ പോലും പാർടി ഏൽപ്പിച്ച ചുമതലകൾക്കു തടസമാവരുത് എന്ന കാര്യത്തിൽ അസാധാരണ നിഷ്കർഷയായിരുന്നു സഖാവിന്. അചഞ്ചലമായ പാർടി കൂറും പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീർന്ന മഹത്തായ കമ്മ്യണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിദ്യാർത്ഥി യുവജന രംഗങ്ങളിലൂടെ പാർടിയുടെ നേതൃനിരയിലേക്കു വളർന്നു വന്നു. ത്യാഗപൂർണവും യാതനാ നിർഭരവുമായ ജീവിതം നയിച്ചു. പാർടിയെ ജീവശ്വാസമായി കരുതി. വാക്കും പ്രവൃത്തിയും ജീവിതവും പാർട്ടിക്കായി സമർപ്പിച്ച സമാനതയില്ലാത്ത ജീവിതമാണ് കോടിയേരിയുടേത്.

സിപിഐ (എം)നെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തിൽ ആദ്യമായി തുടർഭരണം എൽഡിഎഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാർട്ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിർ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാർട്ടിയെ സംരക്ഷിച്ചു. സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ആശയപരമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്തി നയിക്കുന്നതിൽ അനതി സാധാരണമായ സംഘാടനാ പ്രത്യയശാസ്ത്ര മികവുകാട്ടി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ് കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് കോടിയേരി വീണ്ടും എത്തിയത്.

നിരവധി ധീര പോരാട്ടങ്ങളാൽ രൂപപ്പെട്ട വ്യക്തിത്വമാണ്. ഏതു പ്രതിസന്ധികളെയും പ്രത്യയശാസ്ത്ര ദൃഢതകൊണ്ടു നേരിട്ടു. ചിട്ടയായ സംഘടനാ പ്രവർത്തനം, പാർടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാർടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയിൽ ഉൾച്ചേർന്നു

ആഭ്യന്തരമന്ത്രിയായിരിക്കെ കേരളാ പൊലീസിനെ ആധുനികവൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കയ്യൊപ്പുപതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകൾ തുറന്നുകാട്ടാനും, ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമർഥമായ നേതൃത്വംനൽകിയെന്നും സിപിഐ(എം) അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.