23 November 2024, Saturday
KSFE Galaxy Chits Banner 2

മധുരമനോഹര മനോജ്ഞ മര്‍ദ്ദനം!

ദേവിക
വാതിൽപ്പഴുതിലൂടെ
November 30, 2021 4:11 am

ലയാളിപെണ്ണ് പൊളിയാണ്. അടിപൊളി. പീഡിതയായ നവവധു പൊലീസ് സ്റ്റേഷനില്‍ വച്ച് പീഡകനും രതി വൈകൃത വീരനുമായ ഭര്‍ത്താവിനെ കരണത്തടിക്കുക. ആ ധീരത വെല്‍വൂതാക എന്ന് നമ്മള്‍ മുദ്രാവാക്യം വിളിക്കും. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആ സുധീര മുറിയടച്ച് കെട്ടിത്തൂങ്ങി സ്വയം ജീവനൊടുക്കുന്ന അധീരയാകും. അവളെ ഒരേ സമയം ധീരയും അധീരയുമാക്കുന്നത് പൊലീസ് ഏമാന്റെ ക്രിമനല്‍ അനുകൂല നിലപാടെന്ന കാര്യം വേറെ. ഈയടുത്ത കാലത്ത് പുറത്തുവന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ ആറേഴു വര്‍ഷത്തിനുള്ളില്‍ നടന്നത് 75,180 സ്ത്രീ പീഡനങ്ങള്‍. ചുരുങ്ങിയ കാലത്തിനകം നടന്ന ബലാത്സംഗങ്ങള്‍ 10,433. മാനഭംഗ ശ്രമങ്ങള്‍ 23,002. മലയാളി മനസിന്റെ വൈകൃതങ്ങളുടെ കൊമ്പുവിളി. പുരുഷ മേധാവിത്തത്തിന്റെ കുഴലൂത്ത്. ഈ ബീഭത്സ ചിത്രം മറിച്ചിട്ടു നോക്കുമ്പോഴല്ലേ നമ്മള്‍ തലയറഞ്ഞു ചിരിച്ചുപോകുന്നത്. ദേശീയാരോഗ്യ സര്‍വേയുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോള്‍ നാം ഞെട്ടിത്തരിച്ചാണ് മണ്ണ് കപ്പിയത്. ഭര്‍ത്താവിന്റെ തല്ല് ന്യായീകരിക്കാവുന്നതേയുള്ളുവെന്നാണ് 52 ശതമാനം മലയാളി പെണ്ണുങ്ങളും പറയുന്നത്. ‘കണവനെ കണ്‍കണ്ട ദൈവ’മായി കാണുന്ന തമിഴത്തി പെണ്ണുങ്ങള്‍ ഭൂരിപക്ഷം പേരും പറയുന്നത് അടിച്ചാല്‍ തിരിച്ചടി കട്ടായമെന്ന്! തെലങ്കാനയിലും ആന്ധ്രയിലും 84 ശതമാനവും കര്‍ണാടകയിലെ 77 ശതമാനവും ഭര്‍ത്തൃമര്‍ദ്ദനത്തെ അനുകൂലിക്കുമ്പോള്‍ നമ്മുടെ പെണ്ണുങ്ങള്‍ അവരോടൊപ്പം അണിചേര്‍ന്ന് പറയുന്നു ഭര്‍ത്തൃമര്‍ദ്ദനം മധുര മനോഹര മനോജ്ഞമെന്ന്!

 

ഇതു കേരളമാണ്. അമ്മാതിര വിരട്ടൊന്നും ഇങ്ങോട്ടു വേണ്ടെന്ന് നാമൊക്കെ താക്കീതു നല്കാറുണ്ട്. കൊറോണ അരങ്ങുവാണ് മരണതാണ്ഡവമാടിയപ്പോള്‍ നാമെല്ലാം വാക്സിനെടുക്കാന്‍ മണിക്കൂറുകള്‍ ക്യൂനിന്നു. ജനജീവിതം സാധാരണ ഗതിയിലേക്ക് വരുന്നു. സ്കൂളുകള്‍ തുറന്നു. പക്ഷേ ഇനിയും വാക്സിനെടുക്കാത്ത അയ്യായിരത്തില്‍പരം അധ്യാപകര്‍ സ്കൂളുകളില്‍ വരുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇവരില്‍ നിന്നു പിഞ്ചു കിടാങ്ങള്‍ക്ക് രോഗബാധയുണ്ടാകുന്നത് മറ്റൊരു തരംഗത്തിനും കൂട്ടക്കുരുതിക്കുമിടയാക്കുമെന്ന ബോധ്യംപോലുമില്ലാത്ത അധ്യാപക ജന്മങ്ങള്‍! പൊലീസിന്റെ മനോവീര്യം കെടുത്തരുത് എന്നു പറയാറുള്ളതുപോലെ വാക്സിന്‍ നിരാസം നടത്തുന്ന അധ്യാപകരുടെ മനോവീര്യം കെടുത്തരുത് എന്നു പറയാവുന്ന വിഷയമല്ലിത്. അധ്യാപകരുടെ ഈ വാക്സിന്‍ നിരാസത്തിനു പിന്നില്‍ വര്‍ഗീയ അജണ്ടകളാണുള്ളതെന്ന് വ്യക്തം.

 


ഇതുകൂടി വായിക്കൂ:  അന്ധവിശ്വാസം വാഴുന്ന രാജ്യത്തെ മനുഷ്യക്കുരുതികൾ


 

വാക്സിന്‍ ഹറാമെന്നു പറയുന്ന ഒരു കൂട്ടരും ഇതിനിടയിലുമുണ്ട്. തങ്ങളെ ദൈവം കാത്തോളും എന്നു പറയുന്ന മറ്റു ചില മതവിഭാഗങ്ങള്‍ വേറെ. ആചാരങ്ങളും വിശ്വാസങ്ങളും രക്ഷിക്കില്ലെന്നു പറയാനെത്ര ഉദാഹരണങ്ങള്‍. ‘ജനയുഗം’ കൊല്ലം കടപ്പാക്കട ഓഫീസില്‍ നിന്നും പണിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഇഗ്നേഷ്യസ് കാക്കനാടനും പാറംകോട് എസ് ഗോപിനാഥന്‍ നായരും സി ആര്‍ രാമചന്ദ്രനും ആര്‍ രാജേന്ദ്രനും കെ രംഗനാഥും വിതുര ബേബിയും ചിന്നക്കടയിലേക്ക് കാല്‍നടയായി യാത്ര. ശങ്കേഴ്സ് ആശുപത്രിയെത്താറായപ്പോള്‍ റോഡരികിലെ വീട്ടില്‍ നിന്ന് തലയറഞ്ഞ പ്രാര്‍ത്ഥനാഗീതങ്ങളും നിലവിളിയും. അവിടേക്ക് ചെന്ന് അന്വേഷിച്ചപ്പോള്‍ ഒരു കരിനാഗം കടിച്ചു മരണാസന്നയായി പുളയുന്ന പെണ്‍കുട്ടിയെ രക്ഷിക്കാനാണ് പെന്തക്കോസ്തുകാരുടെ ഈ പ്രാര്‍ത്ഥനയെന്നു മനസിലായി. ‘ജനയുഗം’ സംഘം വിശ്വാസികളുമായി ഒരു ഏറ്റുമുട്ടലിനുശേഷം പെണ്‍കുട്ടിയെ ചുമലിലേറ്റി ശങ്കേഴ്സ് ആശുപത്രിയിലെത്തിച്ചു. അഞ്ചു മിനിറ്റു കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ അവള്‍ മരിച്ചു പോകുമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ പെണ്‍കുട്ടി ഇപ്പോള്‍ ഒരു മുത്തശ്ശിയായി ശക്തികുളങ്ങരയില്‍ കഴിയുന്നു. അവളെ ആചാരത്തിനു വിട്ടുകൊടുത്തിരുന്നുവെങ്കിലോ. യുപിയിലേതു മറ്റൊരു കഥ. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പോളിയോ വാക്സിനെടുക്കുന്നതു ഹറാമാണെന്നു പറഞ്ഞ് ഒരു വിഭാഗം പ്രതിരോധം തീര്‍ത്തു. ഹറാം വാക്സിന്‍ എന്നൊന്നില്ല. എല്ലാ ഔഷധങ്ങളും ഹലാലാണ്. ഇനിയും വാക്സിനെടുക്കാത്ത അധ്യാപകരെ പിരിച്ചുവിട്ട് 47 ലക്ഷം സ്കൂള്‍ കുട്ടികളെ കൂട്ടക്കുരുതിയില്‍ നിന്നും രക്ഷിക്കുകയല്ലേ വേണ്ടത്.

 


ഇതുകൂടി വായിക്കൂ:  അലോപ്പതിക്കെതിരായ തെറ്റായ പ്രചാരണം; ബാബാ രാം​ദേവിനെതിരെ കേസെടുത്തു


 

ഏറക്കാലം മുമ്പാണ്. ഡല്‍ഹി കേരളാ ഹൗസില്‍ മലയാളികളുടെ ഒരു കലോത്സവം നടക്കുന്നു. മലയാളി മങ്കമാരുടെ തിരുവാതിരയോടെ തുടക്കം. പങ്കജാക്ഷന്‍ കടല്‍ വര്‍ണന്‍ എന്ന ശീലുകള്‍ക്കൊപ്പം ചുവടുവച്ച് പാരമ്പര്യവേഷത്തില്‍ മങ്കമാര്‍ കുലമൗലികള്‍ വട്ടമിട്ട് തിരുവാതിര നൃത്തം ചെയ്യുമ്പോള്‍ ഒരു പഞ്ചാബി സര്‍ദാറിണിക്ക് ഒരു സംശയം; ഇതെന്തേ ഇങ്ങനെ ഈ നിതംബാംബി മുഖനൃത്തം! അവര്‍ വട്ടംചുറ്റി വരുമ്പോള്‍ ജനാഭിമുഖ നൃത്തവുമാകുമല്ലോ എന്ന് അടുത്തിരുന്ന മലയാളി പെണ്ണിന്റെ വിശദീകരണം. എന്നിട്ടും പഞ്ചാബി മങ്കയ്ക്കു സംശയം തീരുന്നില്ല. ഇതുപോലെയാണിപ്പോഴത്തെ സിറോ മലബാര്‍ സഭയിലെ ജനാഭിമുഖ നിതംബാഭിമുഖ കുര്‍ബാന തര്‍ക്കം. കര്‍ത്താവിനെ നോക്കിയാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥനാരീതി. സിനഡ് ചേര്‍ന്നു കുര്‍ബാനാക്രമം അങ്ങു പരിഷ്കരിച്ചു. പാതി ജനാഭിമുഖ കുര്‍ബാനയും പാതി കര്‍ത്താവിനഭിമുഖമായ കുര്‍ബാനയും. ഒരു വിഭാഗം വിശ്വാസികള്‍ക്ക് അതില്‍ കടുത്ത എതിര്‍പ്പ്, പ്രതിഷേധ കുര്‍ബാന, മുദ്രാവാക്യഘോഷം. ആകെ ജഗപൊഗ! ജനാഭിമുഖ കുര്‍ബാന മതി, വികാരിയച്ചന്റെ നിതംബാഭിമുഖ കുര്‍ബാന കര്‍ത്താവിനിരുന്നോട്ടെ എന്ന് വിശ്വാസികള്‍. ആസനാഭിമുഖരായിരുന്നു കര്‍ത്താവില്‍ കുര്‍ബാന കൊണ്ടാല്‍ പേരേ എന്ന് എതിര്‍പക്ഷം. അങ്ങനെ ഒടുവില്‍ ആസന ദര്‍ശന കുര്‍ബാനകള്‍ വെവ്വേറെ കലക്കുന്നു. കുര്‍ബാന സമരം തെരുവിലേയ്ക്കായാല്‍ ആസനങ്ങളില്‍ പൊലീസിന്റെ ലാത്തി കുര്‍ബാനയും വരാന്‍ പോകുന്നു.

 

fr

ഹലാല്‍ ഭക്ഷണം, ഹലാല്‍ ഹോട്ടല്‍ എന്നിവയ്ക്കെതിരേ നാടെങ്ങും സംഘികള്‍ സമരപഥത്തില്‍. ശബരിമലയില്‍ അരവണയുണ്ടാക്കാന്‍ ഹലാല്‍ എന്നു രേഖപ്പെടുത്തിയ ശര്‍ക്കര ഉപയോഗിച്ചതിനെതിരേയുള്ള സമരം വേറെ. എന്നാല്‍ വിദേശ മുസ്‌ലിം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുള്ള ശര്‍ക്കരയിലാണ് ഹലാല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അതൊരു മാര്‍ക്കറ്റിങ് ടെക്നിക് എന്ന് ആര്‍ക്കാണറിയാത്തത്. ശുദ്ധമായ കരിമ്പിന്‍ നീരില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കരയുടെ ചാക്കുകളില്‍ ഹലാല്‍ എന്നു രേഖപ്പെടുത്തിയില്ലെങ്കില്‍ അറബികള്‍ നാലയലത്ത് അടുപ്പിക്കില്ല. ഇതെല്ലാം കേട്ടാല്‍ തോന്നും ഏതോ മുസ്‌ലിം വര്‍ഗീയവാദി ശബരിമലയെ അശുദ്ധമാക്കാനായച്ച ശര്‍ക്കരയാണിതെന്ന്. ഈ ഹലാല്‍ ശര്‍ക്കരയുടെ ഉറവിടം തേടിയപ്പോഴല്ലേ അറിയുന്നത്.

 


ഇതുകൂടി വായിക്കൂ:


 

മഹാരാഷ്ട്രയിലെ ഒരു ശിവസേനാ നേതാവിന്റെ കമ്പനി ശബരിമലയിലേക്ക് കയറ്റിവിട്ട ശര്‍ക്കരയാണിതെന്ന്! ശുദ്ധ ഹലാല്‍ ശര്‍ക്കര. ഇനി ഹലാല്‍ ഗോമൂത്രത്തിന്റെ കഥ. പശുവിന്റെ ചൂടോടെയുള്ള മൂത്രം കുപ്പികളിലാക്കി അറബി നാടുകളിലേക്ക് കയറ്റി അയയ്ക്കുന്നത് ഇന്ത്യയിലെ ഗോയങ്കാ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള നൂറോളം കമ്പനികള്‍. ചെലവിന്റെ മൂന്നിരട്ടി ലാഭം ലഭിക്കുന്ന ഈ ഗോമൂത്രത്തിന്റെ കുപ്പിയില്‍ ഹലാല്‍ എന്നു രേഖപ്പെടുത്തുകയേ വേണ്ടു. ഒരൊറ്റ വാക്കുകൊണ്ട് ലാഭച്ചാകര. അറബികളെ ഹലാല്‍ മൂത്രം കുടിപ്പിക്കുന്ന ഈ കമ്പനികളെല്ലാം ഹിന്ദുക്കളുടേതാണെന്ന് ഓര്‍ക്കുക. എന്നിട്ടാണ് ഈ ഹലാല്‍ ശര്‍ക്കര വര്‍ത്തമാനം. ഇസ്‌ലാമിന് നിഷിദ്ധമായ ഗോമൂത്രം കുടിപ്പിക്കാന്‍ ‘ഒലക്കബീണ് ശത്ത കോയീന്റെ ശാരു കൂട്ടാലോ പിന്നെ കശണം കൂട്ടാലോ’ എന്ന ന്യായം

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.