19 December 2024, Thursday
KSFE Galaxy Chits Banner 2

കൃപ അമ്പാടിയുടെ ‘കേരളം’ എന്ന കഥയുടെ പഠനം തകർക്കുന്നുണ്ട് ചിലതൊക്കെ “കേരളം”

പ്രീത് ചന്ദനപ്പള്ളി
February 4, 2022 8:32 pm

ഊതിവീർപ്പിച്ച ബലൂണിൽ ചെറിയ സൂചി കൊണ്ട് ഒന്ന് കുത്തുക. പൊട്ടിത്തെറിക്കപ്പുറം പടരുന്ന ശൂന്യതയിലേക്ക് നോക്കി ചിരിക്കുക. ബഷീറിയൻ ചിരിയെന്നാണ് നേരത്തെ നമ്മൾ അതിനെ വിളിച്ചു പോന്നത്. അതു തന്നെ പിന്തുടർന്നാൽ കൃപ അമ്പാടിയുടെ ‘കേരളം’( ചന്ദ്രിക ആഴ്ചപ്പതിപ്പ്, ലക്കം ജനുവരി 26) എന്ന കഥ വായിച്ചു തീരുമ്പോഴേക്കും കൃപയുടെ ചുണ്ടിൽ നിന്നും ഒരു ബഷീറിയൻ ചിരി വായനക്കാരൻ്റെ ഹൃദയത്തിലേക്കും പടർന്നു കഴിയും. ഭാഷയിലെ നിയമം തെറ്റിക്കുമ്പോഴോ സമുദായത്തിലെ നിയമം ലംഘിക്കുമ്പോഴോ ഒരു എഴുത്തുകാരനോ ഒരു വിപ്ലവകാരിയോ ചെയ്യുന്നത് ലംഘനത്തിലൂടെ ‚ഒരു നശീകരണത്തിലൂടെ മറ്റൊരു ലോകം ഉണ്ടാക്കിത്തീർക്കുവാൻ ശ്രമിക്കുകയാണ് എന്ന് സാമാന്യലോകം വളരെ വൈകിയേ മനസ്സിലാക്കുകയുള്ളു.

മുക്കി നീലിച്ച മല്ലു മുണ്ടുടുത്ത് അതിൻ്റെ നീണ്ട കോന്തലപൊക്കി പച്ച ബ്ളൗസിനുള്ളിലേക്ക് തിരുകി മുറ്റത്ത് നിൽക്കുന്ന അമ്മമ്മയുടെ ചോദ്യമുണ്ട്
”കണ്ടോൻ്റ കൂടെ പോകാൻ ഒരുമ്പെട്ടു നിൽക്കുന്ന നിനക്കെന്തിനാ തുണീം മണീം ”
” കണ്ടോനെ കെട്ടി മനസു നോവിച്ചേന്ൻ്റെ കളരിക്കലമ്മ കൊടുത്തതാണ് അവൾടെ കൊച്ചിൻ്റെ ഓട്ടിസം എന്നു പറഞ്ഞു നടക്കുന്ന കനകമണിയെന്ന പെറ്റമ്മ. വെള്ളമടിച്ച് നശിക്കാതിരിക്കാൻ മകളൊന്നും കാരണമയാകാതിരുന്ന് മകളെ ഉപേക്ഷിച്ചു പോയ അച്ഛൻ.…

ഈ മൂന്നു കഥാപാത്രങ്ങളെ കണ്ടറിയുമ്പോൾ തന്നെ നാം കഥയുടെ കാമ്പിലേക്ക് എത്തിച്ചേരുന്നു. ഒരാളുടെ അച്ഛനും അമ്മയും അയാളെ ഓവുചാലിൽ വലിച്ചെറിഞ്ഞു എന്നതിൻ്റെ അർത്ഥം നാം ഉപയോഗിക്കുന്ന പിതൃത്വം എന്ന പദത്തിനും മാതൃത്വം എന്ന പദത്തിനും മറ്റെന്തോ അർത്ഥം ആണ് ഉള്ളത് എന്നാണ്. ഇവിടെ ഈ എഴുത്തുകാരി അത്തരം വാക്കുകൾ ഉപയോഗിക്കാതെ തന്നെ വാക്കുകളുടെ അർത്ഥം തിരുത്തിയെഴുതുകയാണ്. കേരളം പിന്തുടരുന്ന ഒരു പാരമ്പര്യ ശീലമുണ്ടെന്നു നമ്മൾ വായ്ക്കു രുചിയായി ആയിരം തവണ ചവച്ചരയ്ക്കുമ്പോഴും ആ പാരമ്പര്യത്തിന് ജാതിയുടെയും കുലമഹിമയുടെയും മാത്രമല്ല സ്വാർത്ഥതയുടെ കൂടി ബലൂൺ വലിപ്പമുണ്ടെന്ന് നാം തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലാന്ന് നടിക്കുന്നുവെന്ന് കഥകാരി ചൂണ്ടിക്കാട്ടുന്നു.

രാവുണ്ണി മേനോൻ്റെ പേരക്കുട്ടിയെന്ന് പറഞ്ഞ് പ്രസാദ് തളപ്പിട്ടിറക്കിയ പെണ്ണ് വെറുപ്പിൻ്റെ കോവിലകങ്ങളിലാണ് അതുവരെ വളർന്നതെന്ന സത്യം തിരിച്ചറിയുമ്പോഴാണ് അയാൾ സ്നേഹത്തിൻ്റെ കുടങ്ങൾ വെച്ച ഉയരങ്ങളിലേക്ക് വലിച്ചു കയറ്റിയത്.

കഥയിലെ അമ്മയേയും അമ്മമ്മയേയും കണ്ടപ്പോൾ റഫീഖ് അഹമ്മദിൻ്റെ അമ്മത്തൊട്ടിൽ എന്ന കവിതയുടെ വരികളാണ് ഓർമ്മ വന്നത്.
“പെറ്റു കിടക്കും തെരുവു പട്ടിക്കെന്തൊരൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു.” തെരുവു പട്ടികൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ നേർക്കാഴ്ച അവതരിപ്പിക്കുന്ന കവി മനുഷ്യൻ ഒരു തെരുവു നായയേക്കാൾ തരംതാഴുന്നത് നമ്മെ ഓർമ്മിപ്പിക്കുന്നു.

കേരളത്തിൽ വൃദ്ധസദനങ്ങളുടെ എണ്ണം കൂടുന്നതിൻ്റെ കാര്യ കാരണങ്ങൾ അന്വേഷിക്കുന്ന പഠിതാക്കൾക്ക് ഒരു ചൂണ്ടു പലകയായി ഈ കഥ നിൽക്കുമ്പോൾ തന്നെ മണിയനെന്ന തെങ്ങുകയറ്റക്കാരൻ അച്ഛൻ്റെ നിഷ്ക്കളങ്കമായ സ്നേഹം നമ്മെ ആർദ്രമാക്കുന്നു. സൂചിപ്പിച്ചു പോകുന്നേയുള്ളുവെന്ന് വായനക്കാരന് ആദ്യം തോന്നുമെങ്കിലും കമ്മ്യൂണിസവും ആത്മീയതയും അതി ഗൗരവമായി ചർച്ചയ്ക്കു വിധേയമാക്കുന്നുണ്ട് കഥയിൽ. വിപ്ലവ പ്രസ്ഥാനവും കളരിക്കലമ്മയും മനുഷ്യ പക്ഷത്ത് തന്നെയാണ് നിൽക്കുന്നത്. അനീതിയുടെ തലയറുത്ത് ഒരു പോള ചകിരി പാതിയടർത്തി പച്ചത്തേങ്ങ പോലെ തൂക്കിപ്പിടിച്ച കളരിക്കലമ്മയെ വിളയൂർ ദേശത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് കാരിയെന്നാണ് കഥാകാരി നമ്മെ പരിചയപ്പെടുത്തുന്നത്.

എല്ലാത്തിനും സാക്ഷിയെന്നു നാട്ടുകാർ കരുതുന്ന കളരിക്കലമ്മ ചെമ്പട്ടിൽ ഉടക്കി നിന്ന ചെമ്പരത്തിയിതളുകൾ താഴേയ്ക്ക് കുടഞ്ഞിട്ട് കാലുകൾ കുറച്ചു കൂടി അകത്തി പാടത്തിനപ്പുറത്തെ തെങ്ങിൻ തോപ്പിലേക്ക് മിഴിനട്ട് അങ്ങനെയിരിക്കുകയാണ്. ഇവിടെ കളരിക്കലമ്മയുടെ നിശബ്ദതയിൽ ആശ്വാസം കണ്ടെത്തുന്നു കനകമണിയെന്ന അമ്മ. അല്ലെങ്കിലും ലോകത്തിലെ എല്ലാ ദൈവങ്ങളും അവരുടെ നിശബ്ദത കൊണ്ട് നിഷ്പക്ഷരെന്ന് തോന്നിക്കപ്പെടുകയും അവശ്യക്കാരന് സ്വന്ത പക്ഷത്തേക്ക് വലിച്ചടുപ്പിക്കാൻ സാധിക്കുന്നവരുമാണല്ലോ. സ്വാർത്ഥതയുടെ വഴിയിലേക്ക് പാർട്ടി വരുന്നില്ല എന്ന് കണ്ടപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൻ്റെ കൊടി മടക്കി മച്ചിൻ പുറത്ത് വെച്ച് കളരിക്കലമ്മയുടെ മുൻപിൽ ശത്രുസംഹാര പൂജയ്ക്ക് ചീട്ടെഴുതിക്കുന്ന കനകമണി ഒരു പ്രതീകമായി മാറുന്നു.

ഭക്തിയെയാലും വിപ്ലവത്തെയായാലും സ്വന്ത വഴിയിലേക്ക് വലിച്ചിഴക്കുന്ന അഥവ വന്നില്ലങ്കിൽ കാലുമാറൻ ഒരിക്കലും മടി കാണിക്കാത്ത കനകമണിമാർ ഇന്ന് കേരളത്തിൽ ധാരാളമുണ്ട്. ഭാഷയുടെ ലാവണ്യം കൊണ്ട് വസന്തം തീർത്ത ഒരു കഥയാണിത്. ഭാഷയും ഘടനയും കഥയുടെയും കവിതയുടെയും അതിർവരമ്പുകൾ തകർത്തെറിയുന്നു. തൊഴിലെടുത്തു ജീവിച്ച ഒരു പിതാവിൻ്റെ മകൻ തന്നെയാണ് ഞാൻ എന്നും ആ പിതാവ് കുലമഹിമയോ കപട മത പാരമ്പര്യ സങ്കൽപ്പങ്ങളോ ഇല്ലാതെ സ്നേഹത്തിൻ്റെ കരുത്തു നൽകിയാണ് എന്നെ വളർത്തിയതെന്നും പറയുമ്പോഴാണ് ആരോഗ്യമുള്ള കേരളം സൃഷ്ടിക്കപ്പെടുന്നത് എന്ന സത്യത്തിലേക്ക് കേരളം എന്ന കഥ നമ്മെ കൊണ്ടു പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.