കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ കർണാടക ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പ പുറത്തേക്ക്. സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയര്‍ന്നതോടെയാണ് ഈശ്വരപ്പ രാജിസമ്മതം അറിയിച്ചത്. രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കൈമാറും. വിദ്വേഷ പ്രസ്താവനകളിലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നേതാവ് കൂടിയാണ് പഞ്ചായത്ത്-ഗ്രാമവികസന വകുപ്പ് മന്ത്രിയായ ഈശ്വരപ്പ. ബിജെപി നേതാവ് കൂടിയായ ബെലഗാവിയിലെ കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഈശ്വരപ്പ പ്രതിക്കൂട്ടിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്കിട്ടുള്ളത്.
നാല് കോടിയുടെ ബില്ല് പാസാക്കാന്‍ നാല്പത് ശതമാനം കമ്മീഷന്‍ ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഈശ്വരപ്പയ്ക്ക് എതിരെ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ഡല്‍ഹിക്ക് വിമാനടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷിനെ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു.
ഈശ്വരപ്പയ്ക്ക് എതിരെ ഉടന്‍ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. സന്തോഷ് പാട്ടീലിന്റെ ആത്മഹത്യാ കേസ് സമഗ്രമായി അന്വേഷിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈശ്വരപ്പയ്കെതിരെ നടപടിയെടുക്കുന്നതില്‍ തീരുമാനമെടുക്കൂവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശീയ, സംസ്ഥാന ബിജെപി നേതൃത്വവും ഈശ്വരപ്പയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയതോടെ ഈശ്വരപ്പ രാജി തീരുമാനം അറിയിക്കുകയായിരുന്നു. പാര്‍ട്ടിക്ക് ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണത്തിനുശേഷം മന്ത്രിപദവിയിലേക്ക് തിരിച്ചെത്തുമെന്നും ഈശ്വരപ്പ പ്രതികരിച്ചു.
English Summary:KS Eshwarappa’s resignation letter will be handed over to Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.