22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കെഎസ്‌യു പ്രസിഡന്റ് സ്ഥാനം; ഗ്രൂപ്പുകളുടെ അടി മുറുകി

സ്വന്തം ലേഖകൻ
കൊച്ചി
October 27, 2022 10:16 pm

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തതിനെ തുടർന്ന് കെഎസ്‌യു പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യാനുള്ള നീക്കത്തിൽ ഗ്രൂപ്പുകൾ തമ്മിലുള്ള അടി മൂർധന്യത്തിലായി. കെഎസ്‌യുവിൽ പുനഃസംഘടന നടത്തണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. നിലവിലെ അധ്യക്ഷനായിരുന്ന കെ എം അഭിജിത്ത് തന്നെ പുനഃസംഘടനയ്ക്ക് വേണ്ടി ശക്തമായ ഇടപെടൽ നടത്തിയെങ്കിലും പുതിയ അധ്യക്ഷനെ സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇതോടെ അഭിജിത്ത് സ്വമേധയാ സ്ഥാനം ഒഴിയുകയും ചെയ്തു. അഭിജിത്തിന് പകരക്കാരനായി നേതൃത്വം കാണുന്ന അലോഷ്യസിനോട് കടുത്ത എതിർപ്പാണ് സംഘടനയിലെ ഒരു വിഭാഗത്തിനുള്ളത്. പ്രായപരിധി കഴിഞ്ഞു എന്നുള്ളതാണ് അലോഷ്യസിനെ എതിർക്കുന്നവർ ഉയർത്തിക്കാട്ടുന്ന പ്രധാന കാരണം. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനേക്കാൾ പ്രായമുള്ള അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത് സംഘടനയെ ദുർബലമാക്കുമെന്നും എതിർപ്പുന്നയിക്കുന്നവർ വാദിക്കുന്നു. കോൺഗ്രസ് നേതൃത്വത്തേയും മുൻ ഭാരവാഹികളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ് അലോഷ്യസ് സേവിയർ.

കാലങ്ങളായി എ ഗ്രൂപ്പിൽ നിന്നുള്ള വിദ്യാർത്ഥി നേതാക്കളാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തുന്നത്. ഇത്തവണയും ആ രീതിക്ക് മാറ്റമൊന്നും ഉണ്ടാവില്ല. എ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നേതാവാണ് അലോഷ്യസ് സേവിയർ എന്നതും അദ്ദേഹത്തിന് അനുകൂല ഘടകമായി. എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ നിർദ്ദേശവും അലോഷ്യസിനെ പ്രസിഡന്റാക്കണമെന്നാണ്. എറണാകുളം ജില്ലയിൽ നിന്ന് തന്നെയുള്ള അലോഷ്യസിനെ പ്രസിഡന്റാക്കുന്നതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൂടെ ശക്തമായ പിന്തുണയുണ്ടെന്നതും ഇദ്ദേഹത്തിന്റെ സാധ്യത വർധിപ്പിച്ചു. ഉമ്മൻചാണ്ടിയും വി ഡി സതീശനും പിന്തുണച്ചതോടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും എതിർപ്പുകൾ ഉയർത്തിയില്ല.

എന്നാൽ സ്ഥാനമൊഴിയുന്ന നേതാക്കൾ പ്രായപരിധി കഴിഞ്ഞയാളെ അധ്യക്ഷനാക്കുന്നതിൽ വലിയ എതിർപ്പാണ് ഉന്നയിക്കുന്നത്. പ്രായപരിധി കഴിഞ്ഞയാൾ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ദോഷം ചെയ്യുമെന്ന് അലോഷ്യസിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പുതുതലമുറയ്ക്ക് സംഘടനയുടെ നേതൃത്വത്തിലേക്ക് വരാനുള്ള അവസരം വേണം. പുനഃസംഘടന നീണ്ടുപോയതുമൂലം മൂന്നു തലമുറയ്ക്ക് നേതൃത്വത്തിൽ എത്താനുള്ള അവസരമാണ് നഷ്ടമായത്. പ്രായപരിധി മാനദണ്ഡമാക്കാതെ പ്രസിഡന്റിനെ തെരഞ്ഞെടുത്താൽ സ്ഥാനമൊഴിഞ്ഞവർക്ക് മുഴുവൻ വീണ്ടും ഭാരവാഹിത്വം നൽകേണ്ടിവരുമെന്നും ഇവർ വ്യക്തമാക്കുന്നു.
പ്രായപരിധി കഴിഞ്ഞയാളെ പ്രസിഡന്റാക്കാനാണെങ്കിൽ എന്തിനാണ് പുനഃസംഘടനയെന്നും ഇവർ ചോദിക്കുന്നു. സ്വന്തം ഇഷ്ടക്കാരെ കെട്ടിയിറക്കാനാണ് ചിലർ ശ്രമിക്കുന്നത്. 1994 ജനുവരി ഒന്നിനുശേഷം ജനിച്ചവർ ഭാരവാഹികളാകണമെന്ന തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും സ്ഥാനമൊഴിഞ്ഞ നേതാക്കൾ അഭിപ്രായപ്പെടുന്നു. സ്വദേശം ഇടുക്കിയാണെങ്കിലും എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് അലോഷ്യസ് പ്രവർത്തിച്ച് വരുന്നത്. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസിന്റെയും വയനാട് ജില്ലാ പ്രസിഡൻറ് അമൽ ജോയിയുടെയും പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 

Eng­lish Summary:KSU Pres­i­dent; The groups flight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.