26 April 2024, Friday

കുടുംബശ്രീ വനിതകൾക്ക് തൊഴിലവസരങ്ങളുമായി ‘നഗരശ്രീ’ ഹോം ഡെലിവറി പദ്ധതി

Janayugom Webdesk
കോഴിക്കോട്
September 23, 2021 1:08 pm

കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ ജില്ലയിലുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനിൽ ആരംഭിക്കുന്ന ‘നഗരശ്രീ’ ഹോം ഡെലിവറി പദ്ധതിയിൽ കോർപ്പറേഷൻ പരിധിയിൽ മാത്രം വിവിധ തലങ്ങളിലായി സൃഷ്ടിക്കപ്പെടുന്നത് അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ.
കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് തദ്ദേശീയമായിത്തന്നെ വിപണി കണ്ടെത്തുന്ന നൂതന വിപണന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. 2010 ജൂലൈ മാസത്തിൽ ആരംഭിച്ച പദ്ധതിയിൽ നിലവിൽ 1500ഓളം വനിതകൾ പ്രവർത്തിച്ചു വരുന്നുണ്ട്.
‘നഗരശ്രീ’ ഹോം ഡെലിവറി പദ്ധതിയുടെ ഭാഗമായി ഓരോ സി ഡി എസ്സിനു കീഴിലും ഓരോ സിഎൽസിമാരെ ഇതിനകം തന്നെ തെരെഞ്ഞെടുത്ത് പരിശീലനം നൽകി നിയമിച്ചു കഴിഞ്ഞു.
വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുഴുവൻ വാർഡുകളിലും വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരേയും ഹോംഷോപ്പ് ഓണർമാരെയും നിയമിക്കും. അപേക്ഷകരിൽ നിന്നും ഇൻറർവ്യൂ നടത്തിയാണ് വാർഡ് തല ഫെസിലിറ്റേറ്റർമാരെയും ഹോംഷോപ്പ് ഓണർമാരെയും കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചക്കാലത്തെ പരിശീലനം നൽകിയതിനുശേഷമായിരിക്കും നിയമനം നടത്തുക. മുഴുവൻ വാർഡുകളിലും വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിനും ഹോംഷോപ്പ് ഓണർമാരെ നിയമിക്കുന്നതിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. എസ്എസ്എൽസി പാസായ, ടൂവീലർ അറിയാവുന്ന, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളിൽ നിന്നുമായിരിക്കും വാർഡ് ലെവൽ ഫെസിലിറ്റേറ്റർമാരെ തെരെഞ്ഞെടുക്കുന്നത്. അപേക്ഷാഫോറങ്ങൾ അതാത് സിഡിഎസ് / എ ഡി എസ് ഓഫീസുകളിൽ ലഭ്യമാണ്.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം നടക്കവിധം അതിവേഗതയിലാണ് ‘നഗരശ്രീ’ ഹോം ഡെലിവറി പദ്ധതിയുടെ സംഘാടനപ്രവർത്തനങ്ങൾ നടന്നുവരുന്നത്. അതിനകം തന്നെ മുഴുവൻ പേർക്കും പരിശീലനം പൂർത്തിയാക്കി നിയമിക്കുമെന്ന് കുടുംബശ്രീ പ്രൊജക്ട് ഓഫീസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.