16 September 2024, Monday
KSFE Galaxy Chits Banner 2

തൊഴിലാളിയും ഫിസിയോതെറാപ്പിയും

പി ടി സുന്ദര്‍ സ്വാഗത്
September 8, 2024 4:30 am

ആധുനിക ജീവിതസാഹചര്യങ്ങളിൽ കഴുത്ത്-നടുവേദനകൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ആരുമില്ല. കെട്ടിട നിർമ്മാണത്തൊഴിലാളികൾ, മരപ്പണിക്കാർ, ചുമട്ടുതൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, ഐടി, എൻജിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസ, ബാങ്കിങ്, പൊലീസ്, സൈന്യം, നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അസംഘടിത തൊഴിലാളികൾ, ഫാക്ടറിത്തൊഴിലാളികൾ, കലാകായിക താരങ്ങൾ മുതല്‍ ഓട്ടോ-ടാക്സി-ട്രക്ക് ഡ്രൈവർമാർ, ബഹിരാകാശ സഞ്ചാരികൾ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും ‘മാനവരാശിയുടെ രോഗങ്ങൾ’ എന്നറിയപ്പെടുന്ന കൈ, കാൽ, മുട്ട് കഴുത്ത്-നടു വേദനകൾ അനുഭവപ്പെടാം. സാംക്രമിക രോഗങ്ങൾ, ഷുഗർ, രക്താതിസമ്മർദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നും കാരണങ്ങളാലും ചികിത്സാ രീതികളാലും വ്യത്യസ്തമാണ് മാനവരാശി രോഗങ്ങൾ.
തീ മാത്രം മൂലധനമായുണ്ടായിരുന്ന പ്രാകൃതമനുഷ്യൻ 10,000 വർഷം മുമ്പ് കാർഷിക വിദ്യയിൽ എർപ്പെട്ടതിന് ശേഷമാണ് ആധുനിക മാനവരാശിയുടെ പിറവി. മരപ്പണിക്കാർ, കൽപ്പണിക്കാർ തുടങ്ങിയ തൊഴിലാളികളും, ആധുനിക സമൂഹത്തില്‍ തൊഴിൽവിഭജനങ്ങളിലൂടെ പുത്തൻ തൊഴിലാളികളും പിറന്നു. അങ്ങനെ പിറവിയെടുത്ത എല്ലാ തൊഴിലാളികൾക്കും അനുഭവപ്പെടാവുന്ന പ്രശ്നങ്ങളാണ് വേദനയോ വൈകല്യമോ അഥവാ രണ്ടും കൂടിയതോ ആയ അസ്ഥി-പേശീസംബന്ധ പ്രശ്നങ്ങൾ. അതിനാലാണ് ഇവയെ മനവരാശിയുടെ രോഗങ്ങൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ അവശ്യപ്പെടുന്നത്.
ഫിസിയോതെറാപ്പിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടന (ഡബ്ല്യുസിപിടി) ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ അവതരിപ്പിക്കുന്ന പ്രമേയം നടുവേദനയാണ്. 

കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് തിരുവല്ലയിൽ ഫിസിയോതെറാപ്പി ദിനം ആചരിക്കുന്നു. ഒരാളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അനുഭവപ്പെടുന്ന നടുവേദനയെ അവഗണിക്കുകയും, ജീവിതപ്പാച്ചിലിനിടയിൽ എപ്പോഴോ വേദന അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരവധി തവണ ആവർത്തിക്കുന്നു. ഒടുവിൽ തീവ്രവേദനയോ, വൈകല്യമോ, രണ്ടും കൂ ടിയ അവസ്ഥയിലോ തൊഴിലാളി രോഗിയായി തളയ്ക്കപ്പെടുന്നു. നിരന്തര വേദനമൂലം തുടര്‍ച്ചയായി അവധി എടുക്കുകയോ, ഉല്പാദനപ്രക്രിയയിൽ നിന്ന് പുറത്താകുകയോ ചെയ്യുന്നത് വഴി സമ്പദ്ഘടനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ആഗോള തലത്തിൽ വൈകല്യങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം നടുവേദനയാണ്. 2020ലെ കണക്കുകളില്‍ പ്രതിവർഷം 619 ദശലക്ഷം പേർക്ക് നടുവേദന റിപ്പോർട്ട് ചെയ്യുന്നു. അതായത് ലോകത്തെ 13ൽ ഒരാൾക്ക് എന്ന കണക്കിൽ. 2050 ഓടെ ഇത് 843 ദശലക്ഷമായി ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ‑ഇടത്തര വരുമാനമുളള രാജ്യങ്ങളിൽ നടുവേദന രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ലാൻസെറ്റ് പഠനങ്ങൾ സുചിപ്പിക്കുന്നു. ഇതിന് മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒന്ന്- വൃദ്ധജനസംഖ്യയുടെ വർധന, രണ്ട്- ശാരീരിക അധ്വാനത്തിന്റെ സങ്കീർണത, മൂന്ന്- ചെലവേറിയ മെഡിക്കൽ സർജറി ചികിത്സ. 

ഒരു തൊഴിലാളിക്ക് പ്രതിവർഷം 100 പ്രവൃത്തിദിനം നഷ്ടപ്പെടുന്നതുവഴി രാജ്യത്തിന്റെ വാർഷികോല്പാദനത്തിൽ 80 ശതമാനം നഷ്ടം സംഭവിക്കുന്നുതായി 2012–16ൽ ബ്രസീലിൽ നടന്ന പഠനം കണക്കാക്കുന്നു. ഓസ്ട്രേലിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ ഫിസിയോതെറാപ്പിസ്റ്റുകൾ നൽകുന്ന കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിജിടി) ഉൾപ്പെടെയുളള ഫലപ്രദമായ ഫിസിയോതെറാപ്പി ചികിത്സ തൊഴിലാളിക്കും, രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു.
2017ൽ ലോകാരോഗ്യ സംഘടന റിഹാബിലിറ്റേഷൻ 2030 എന്ന പദ്ധതി ആരംഭിച്ചു. അതിൽ നടുവേദനയ്ക്ക് മരുന്നുരഹിത ചികിത്സകൾ വ്യാപകമാക്കണമെന്ന് നിർദേശിക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന 90 ശതമാനം നടുവേദനയ്ക്കും കൃത്യമായ കാരണങ്ങൾ വിശദീകരിക്കാൻ കഴിയുന്നില്ല. അതിനാൽ ചെലവ് കുറഞ്ഞ ചികിത്സയായ ഫിസിയോതെറാപ്പി സാർവത്രികമാകണം. പൊക്കം, തൂക്കം, നെഞ്ച്, ഇടുപ്പളവ് തുടങ്ങിയ ശാരീരികം, മാനസികം, സാമൂഹികം എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. ഇവ തമ്മിലുള്ള പൊരുത്തക്കേടുകളാണ് നടുവേദനയ്ക്ക് കാരണം.
ചികിത്സയുടെ അടിസ്ഥാനത്തിൽ നടുവേദനയെ തരംതിരിക്കുന്ന പഠനങ്ങൾ 1995 മുതൽ നടന്നു വരുന്നു. 2007ലും, 2015ലും പുതിയ പഠനങ്ങൾ നടന്നു. മെഡിക്കൽ, ഫിസിയോതെറാപ്പി, സ്വയം പരിചരണം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. മെഡിക്കൽ ചികിത്സ സർജറി മാത്രമാണ്. വേദനയും, വൈകല്യവും കുറയ്ക്കുന്നതിന് വേണ്ടി ഫിസിയോതെറാപ്പിയിലെ ഇലക്ട്രോതെറാപ്പി, മാന്വൽ തെറാപ്പി ചികിത്സകളും, വീണ്ടും വരാതിരിക്കാനും, ആരോഗ്യത്തോടെയുള്ള ഗുണകരമായ ജീവിതം ഉറപ്പുവരുത്താൻ ചലനശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്ത്യധിഷ്ഠിത വ്യായാമമുറകളും മികച്ചതാണ്. വികസിത രാജ്യങ്ങളിൽ സിജിടിയും ലഭ്യമാണ്. ഈ സേവനങ്ങൾ സമൂഹത്തിൽ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങൾക്ക് പരിശീലനം സിദ്ധിച്ച ഫിസിയോ തെറാപ്പിസ്റ്റുകളിൽ നിന്നും ലഭ്യമാക്കാൻ ഭരണകൂടം ശ്രദ്ധിക്കണം. മേഖലയിൽ വ്യാജന്മാരും ആരോഗ്യ മേഖലയിലെ മറ്റു പ്രൊഫഷണലുകളും ഇടപെടുന്നത് പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.