16 November 2024, Saturday
KSFE Galaxy Chits Banner 2

പിഎഫ് നിക്ഷേപത്തിലും തൊഴിലാളി ദ്രോഹം

Janayugom Webdesk
March 15, 2022 5:00 am

രാജ്യത്ത് ഏഴ്‌ കോടിയോളം വരുന്ന തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും വയറ്റത്തടിക്കുന്ന നടപടിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന്റെ പലിശ വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഗുവാഹട്ടിയില്‍ ചേര്‍ന്ന ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റീ ബോര്‍ഡിന്റെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എഐടിയുസി, സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനാ പ്രതിനിധികള്‍ നിലവിലുള്ള പലിശ നിരക്ക് തുടരണമെന്നാണ് ശക്തമായി ആവശ്യപ്പെട്ടത്. യോഗത്തില്‍ മന്ത്രി സന്തോഷ് ഗാംഗ്‌വര്‍ നിരക്ക് 8.1 ശതമാനമാക്കണമെന്ന് നിര്‍ദേശിക്കുകയും അക്കാര്യം ധനമന്ത്രാലയം തീരുമാനിക്കട്ടെ എന്നറിയിക്കുകയുമായിരുന്നു. യോഗത്തിലെ തൊഴിലാളി പ്രതിനിധികളുടെ അഭിപ്രായം ചെവിക്കൊള്ളുവാന്‍ പോലും തയാറാകാതെ ധനമന്ത്രാലയം പരിഗണിക്കണമെന്ന് നിര്‍ദേശിച്ച മന്ത്രി ട്രസ്റ്റീ ബോര്‍ഡ് യോഗം പലിശ നിരക്ക് കുറയ്ക്കുവാന്‍ തീരുമാനിച്ചുവെന്ന നിലയില്‍ അറിയിപ്പ് നല്കുകയായിരുന്നുവെന്നാണ് തൊഴിലാളി സംഘടനാ നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കേണ്ടത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ പലതും ഇല്ലാതാക്കുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. യഥാര്‍ത്ഥത്തില്‍ ഇപിഎഫില്‍ അംഗങ്ങളായവര്‍ക്ക് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഉയര്‍ന്ന വേതനക്കാര്‍ക്ക് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്ന വിധത്തില്‍ പദ്ധതി പരിഷ്കരിക്കണമെന്നും കുറഞ്ഞ പെന്‍ഷന്‍ നിരക്ക് ഉയര്‍ത്തണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ മുന്നിലിരിക്കെ അവയൊന്നും പരിഗണിക്കുക പോലും ചെയ്യാതെയാണ് ഏഴുകോടിയോളം പേര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം കുറച്ചുകൊണ്ടുള്ള തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ — ചെറുകിട സംരംഭങ്ങളിലും സര്‍ക്കാരിതര സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന കോടിക്കണക്കിനുപേര്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് പ്രൊവിഡന്റ് സ്കീം തുടങ്ങിയ പദ്ധതികള്‍ ആവിഷ്കരിച്ചത്. തൊഴിലില്‍ നിന്ന് വിരമിക്കുമ്പോള്‍ കുറഞ്ഞ നിരക്കിലാണെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കുകയും ജോലിയെടുക്കുന്ന കാലത്ത് വേതനത്തില്‍ നിന്ന് നിശ്ചിത തുക മാറ്റിവച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി ഉപയോഗിക്കുന്നതിനും സാധ്യമാകുന്ന പദ്ധതി കോടിക്കണക്കിന് തൊഴിലാളികളുടെ ആകര്‍ഷണമായിരുന്നു. രാജ്യത്താകെ ഏഴായിരത്തോളം സ്ഥാപനങ്ങളിലായി 6.43 കോടിയിലധികം അംഗങ്ങളാണ് ഇപ്പോള്‍ ഇപിഎഫ്ഒയില്‍ അംഗങ്ങളായുള്ളത്. 72.28 ലക്ഷം പെന്‍ഷന്‍കാരുമുണ്ട്. ഇത്രയും പേരുടെ നിക്ഷേപത്തിനുള്ള പലിശയാണ് കുറച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കാം; സഹകരണ സ്ഥാപനങ്ങളിലെ ലാഭവിഭജനം: സാധ്യതകളും പരിമിതികളും


നിക്ഷേപത്തിന്റെ പലിശയും കുറഞ്ഞ നിരക്കിലുള്ള പെന്‍ഷനുമാണ് വിരമിച്ചുകഴിയുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏക ആശ്വാസം. പലിശ നിരക്ക് കുറയുന്നതോടെ വരുമാനം കുറയുന്ന സ്ഥിതിയുണ്ടാകും. എല്ലാം വിപണിക്ക് വിട്ടുനല്കുന്ന പുതിയ സാമ്പത്തിക നയമനുസരിച്ചാണ് ഇപിഎഫ്ഒ പലിശ നിരക്ക് പുതുക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. യഥാര്‍ത്ഥത്തില്‍ പിഎഫ് നിക്ഷേപവും തൊഴിലാളികളുടെ പെന്‍ഷന്‍ വിഹിതവും വിപണിയുടെ ചാഞ്ചാട്ടത്തിനും ഊഹക്കച്ചവടത്തിനും വിട്ടുനല്കുവാനുള്ള തീരുമാനം കൈക്കൊണ്ടപ്പോള്‍തന്നെ തൊഴിലാളി സംഘടനകള്‍ അതിന്റെ അപകടം മണക്കുകയും ശക്തമായെതിര്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ അതില്‍നിന്ന് പിന്തിരിയുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. അതുകൊണ്ടു കൂടിയാണ് യുദ്ധത്തിന്റെയും മറ്റും കാരണം പറഞ്ഞ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. 43 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറ‍ഞ്ഞ നിരക്കാണ് പലിശയായി ഈ വര്‍ഷം നിശ്ചയിച്ചിട്ടുള്ളത്. 1977–78 സാമ്പത്തിക വര്‍ഷത്തെ എട്ടു ശതമാനമായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം 2017–18, 2018–19 സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ കുറവു വരുത്തുകയുണ്ടായി. 2019–20 വര്‍ഷത്തെ പലിശ നിരക്ക് 8.5 ശതമാനമായും കുറച്ചിരുന്നു. ഇത്തവണ 8.10 ശതമാനമായി നിശ്ചയിച്ചതിനാല്‍ 450 കോടി രൂപയുടെ നേട്ടമാണ് സര്‍ക്കാരിന് ഉണ്ടാകുക എന്ന് ഇപിഎഫ്ഒ ട്രസ്റ്റീ ബോര്‍ഡ് തന്നെ സമ്മതിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന് നേട്ടമുണ്ടാക്കുവാനാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. മഹാമാരിയും മറ്റ് ദുരിതങ്ങളും കാരണം തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഈ നടപടിയുണ്ടായിരിക്കുന്നത്. കൈത്താങ്ങാകേണ്ട ഘട്ടത്തിലാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും സാമൂഹ്യ സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ തൊഴിലാളികള്‍ അടുത്തയാഴ്ച ദ്വിദിന ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നിരക്കു കുറച്ചുകൊണ്ടുള്ള ദ്രോഹനടപടിയുണ്ടായിരിക്കുന്നത്. കോടിക്കണക്കിന് തൊഴിലാളികളും അവരുടെ ഉടമകളും നല്കുന്ന വിഹിതം പോലും ലാഭക്കണ്ണോടെ വിപണിയുടെ ചാഞ്ചാട്ടത്തിന് വിട്ടുനല്കി, തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കവരുന്ന തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.