21 December 2024, Saturday
KSFE Galaxy Chits Banner 2

അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ; ജില്ലാ ജിംനാസ്റ്റിക്ക് സെന്റർ പ്രവർത്തനം പ്രതിസന്ധിയിൽ

Janayugom Webdesk
ആലപ്പുഴ
December 1, 2021 6:29 pm

അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ രൂക്ഷമായതോടെ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കണിയാകുളത്തെ ജില്ലാ ജിംനാസ്റ്റിക്ക് സെന്റർ തകർച്ചയിൽ. 28 വർഷം പഴക്കമുള്ള ഈ സ്ഥാപനത്തിന് ഒരുകാലത്ത് മികച്ച പേരായിരുന്നു. ജില്ലയിൽ നിന്നും പൊലീസ് സേനകളിലേക്കും മറ്റും നിരവധി താരങ്ങളെ സംഭാവന ചെയ്ത ജിംനേഷ്യത്തെ പിന്നീട് കായിക ലോകം കൈവിട്ടു. പരിശീലനത്തിനും മറ്റും ജിംനേഷ്യത്തിനുള്ളിൽ വേണ്ടത്ര സ്ഥല സൗകര്യങ്ങളില്ലാത്തതായിരുന്നു തുടക്കകാലത്ത് മുതൽ പിരിശീലനത്തിന് എത്തിയവരെ അലട്ടിയിരുന്നത്.

പത്ത് പേരിൽ കൂടുതൽ ഇവിടെ എത്തിയാൽ പരിശീലനം നടത്താൻ കഴിയാതെ വന്നു. ഇത് കായിക താരങ്ങളെ തീർത്തും നിരാശരാക്കി. ജിംനേഷ്യം പൊളിച്ച് പണിയണമെന്ന് ആവശ്യവും ഉയർന്നു. സെന്ററിന്റെ ഉൾവശം പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. പൊടിനിറഞ്ഞ് പരിശീലനം തീർത്തും ദുഷ്ക്കരമാക്കുന്ന രീതിയിലാണ് കിടപ്പ്. കായിക വകുപ്പിന് മെച്ചപ്പെട്ട വരുമാനം ലഭിച്ചിരുന്ന ഈ ജിംനേഷ്യത്തെ നഷ്ടപ്പെടുന്നതിലുള്ള അമർഷവും കായിക രംഗത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സ്വകാര്യ ജിംനേഷ്യങ്ങളിൽ വൻ തുക മുടക്കി പരിശീലനം നടത്തുന്നവർ നിരവധിയാണ്. ജില്ലാ ജിംനാസ്റ്റിക്ക് സെന്റർ പുനരുദ്ധരിച്ച് പ്രവർത്തനം പൂർവ്വ സ്ഥിതിയിലായാൽ പാവപ്പെട്ട കായികതാരങ്ങൾക്ക് ആശ്വാസകരമാകും.

ഇപ്പോൾ ജിംനേഷ്യത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. പരിശീലനത്തിനുള്ള മെച്ചപ്പെട്ട ഉപകരണങ്ങളോ മറ്റ് സജ്ജീകരണങ്ങളോ ഇന്ന് ഇവിടെയില്ല. പകരം പഴകി ദ്രവിക്കാറായ കായിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഒരിടമായി ഇത് മാറി. ചുരുക്കം ചില ആളുകൾ മാത്രമാണ് പരിശീലനത്തിനായി ജിംനേഷ്യത്തെ ഉപയോഗപ്പെടുത്തുന്നത്. സ്ഥിരമായി ഒരു പരിശീലകനോ ഇവിടെ ഇല്ല. സദാസമയവും ജിംനേഷ്യം അടച്ചിട്ട നിലയിലാണ്. ആരും ഉപയോഗിക്കാതെ ഇരു നിലകളുള്ള കെട്ടിടം കാടുകയറി നശിക്കുകയാണ്. ചുറ്റുമതിലെല്ലാം തകർന്നു കിടക്കുകയാണ്. ചെറിയ പരിപാടികളും മറ്റും നടത്തുന്ന ഇടമായി ജിംനേഷ്യത്തിന്റെ പ്രവർത്തനം ഒതുങ്ങുകയും ചെയ്തു. കായിക ലോകത്തിന് നികത്താനാകാത്ത നഷ്ടവുമായി ഇന്ന് ആ സമുച്ഛയം നിലകൊള്ളുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.