15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
November 9, 2023
November 3, 2023
October 15, 2023
October 13, 2023
October 12, 2023
October 23, 2022
October 17, 2022
September 26, 2022
February 24, 2022

ആനുകൂല്യങ്ങള്‍ ഒന്നും കിട്ടിയില്ല: കഴിഞ്ഞവര്‍ഷം രാജ്യത്തെ 79 ശതമാനം കുടുംബങ്ങളും പട്ടിണിയിലായിരുന്നുവെന്ന് സര്‍വേ

Janayugom Webdesk
ന്യൂഡല്‍ഹി
February 24, 2022 10:22 pm

കോവിഡ് രണ്ടാം തരംഗം അഭിമുഖീകരിച്ച മുന്‍വര്‍ഷവും രാജ്യത്തെ 79 ശതമാനം കുടുംബങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ അഭിമുഖീകരിച്ചുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. 25 ശതമാനം കുടുംബങ്ങളും കൊടും പട്ടിണിയെ അഭിമുഖീകരിച്ചുവെന്ന് രണ്ടാമത് ഹംഗര്‍വാച്ച് സര്‍വേ വ്യക്തമാക്കുന്നു. 14 സംസ്ഥാനങ്ങളിലെ കുടുംബങ്ങളെയാണ് 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളില്‍ നടന്ന സര്‍വേയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യാവകാശത്തിനും സമത്വ പഠനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന(എഫ്എഒ) യുടെ മാനദണ്ഡങ്ങളായിരുന്നു സര്‍വേയുടെ അടിസ്ഥാനം.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഡല്‍ഹി, തെലങ്കാന, ആന്ധ്രപ്രദേശ്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കുടുംബങ്ങളിലായിരുന്നു സര്‍വേ.

സര്‍വേയ്ക്ക് വിധേയമായ 60 ശതമാനം പേരും ഭക്ഷ്യസുരക്ഷിതത്വത്തെ സംബന്ധിച്ച് ആശങ്കാകുലരായിരുന്നു. അതോടൊപ്പം ഭൂരിപക്ഷം പേരും ആരോഗ്യദായകവും പോഷകപ്രദവുമായ ഭക്ഷണം ലഭിക്കാത്തവരും അല്പാഹാരം കഴിക്കേണ്ടി വന്നവരുമായിരുന്നു. സര്‍വേ നടന്നതിന് തൊട്ടു മുമ്പുള്ള മാസങ്ങളില്‍ 45 ശതമാനം കുടുംബങ്ങളും ഭക്ഷണമില്ലാതെയാണ് കഴിച്ചുകൂട്ടിയത്. 33 ശതമാനവും തീരെ ഭക്ഷണം കിട്ടാതെ പോയതോ ഒരാളെങ്കിലും പട്ടിണി കിടന്നതോ ആയ കുടുംബങ്ങളായിരുന്നു. 42 ശതമാനത്തിനും ലഭ്യമായ ഭക്ഷണത്തിന്റെ പോഷക ഗുണം കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് വളരെ താഴ്ന്നതായിരുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 ജനുവരിക്കുശേഷം 66 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ വന്‍ കുറവുണ്ടായി. 60 ശതമാനത്തിനും പകുതിയില്‍ താഴെ വരുമാനം മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണ്. അതില്‍തന്നെ 21 ശതമാനം പേരും അര ലക്ഷത്തിനുമേല്‍ ബാധ്യതയുള്ളവരുമാണ്. റേഷന്‍ കാര്‍ഡുള്ളവരിലെ 90 ശതമാനത്തിനും കുറഞ്ഞ അളവില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിച്ചുവെങ്കിലും അര്‍ഹരായ 25 ശതമാനത്തിനും ഉച്ചഭക്ഷണ — സമഗ്ര ശിശുവികസന പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Last year, 79 per cent of house­holds in the coun­try were starv­ing, accord­ing to the survey

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.