22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
December 5, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024
November 2, 2024

വിഴിഞ്ഞം തുറമുഖത്തിനായി നാടൊന്നിക്കണം; സൂസപാക്യത്തിന്റെ മുന്‍നിലപാട് ചര്‍ച്ചയാവുന്നു

ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് സര്‍വകക്ഷിയോഗം
web desk
തിരുവനന്തപുരം
November 28, 2022 2:54 pm

വിഴിഞ്ഞം സമരത്തിന് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന് ഒരു കോണില്‍ നിന്ന് ആരോപണങ്ങളുയരുമ്പോള്‍ ലത്തീന്‍ കത്തോലിക്കാസഭ തിരുവനന്തപുരം അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം തുറമുഖപദ്ധതിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവന ചര്‍ച്ചയാവുന്നു. താന്‍ ഒരിക്കലും പദ്ധതിക്ക് അനുകൂലമെല്ലെന്ന് ആവര്‍ത്തിച്ചതിന് പിറകെയാണ് അത് കളവാണെന്ന് വ്യക്തമാകുന്ന സൂസപാക്യത്തിന്റെ വീഡിയോ ന്യൂസ്18 വാര്‍ത്താചാനല്‍ പുറത്തുവിട്ടത്.

വിഴിഞ്ഞം വാണിജ്യ തുറമുഖപദ്ധതി നാടിന്റെ വികസനത്തിന് നേട്ടമാണെന്നാണ് സൂസപാക്യത്തിന്റെ മുന്‍ നിലപാട്. തുറമുഖ നിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നതായും പദ്ധതിയുടെ വിജയത്തിനായി സംഘടിതമായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. വികസന സാധ്യതകളെക്കുറിച്ച് അവബോധമുണ്ടായ സാഹചര്യമാണിത്. അതുകൊണ്ടുതന്നെ പദ്ധതി നാടിന്റെ വികസനത്തിന് അത്യാവശ്യമുള്ളൊരു കാര്യമായാണ് തോന്നുന്നത്. വിഴിഞ്ഞത്ത് ഒരു വാണിജ്യ തുറമുഖം ഉണ്ടാവുന്ന സാധ്യതകള്‍ വളരെ വലുതാണ്. അതിനെ സ്വാഗതം ചെയ്യുകയും അതിന്റെ സാക്ഷാല്‍ക്കാരത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരു ആവശ്യമാണ്. ഇതിനായി എല്ലാവിധ സഹായസഹരണങ്ങള്‍ ചെയ്തുകൊടുക്കണം എന്ന ഒരു ആശയമാണ് പങ്കുവയ്ക്കുന്നതെന്നും സൂസപാക്യം വീഡിയോയില്‍ പറയുന്നു.

സമരം അതിരുകടന്ന് കലാപാന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കെ മുന്‍ സഭാധ്യക്ഷനും ഇപ്പോള്‍ സമരമുഖത്ത് സജീവവുമായ ഡോ. എം സൂസപാക്യത്തിന്റെ പഴയ നിലപാട് ഏറെ ചര്‍ച്ചയാവുകയാണ്. ഇന്നലെ വൈകീട്ട് വന്‍ സംഘര്‍ഷമാണ് സമരക്കാരുടേതെന്ന പേരില്‍ അഴിച്ചുവിട്ടത്. പൊലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ഇവരുടെ ആക്രമണത്തില്‍ 54 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. എസ്ഐ ലിജോ പി മണിയുടെ കാലിന് ഗുരുതരപരിക്കുണ്ട്. ഏകദേശം 85 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ജീപ്പ്, രണ്ട് വാന്‍, 20 ബൈക്കുകള്‍ എന്നിവയാണ് തകര്‍ത്തത്. സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് പൂര്‍ണമായും തകര്‍ത്തു. മുറികളിലെ ഫര്‍ണീച്ചറുകളും മറ്റത്തെ പൂന്തോട്ടവുമെല്ലാം നശിപ്പിച്ചു. ചെടിച്ചട്ടികള്‍ എടുത്തെറിഞ്ഞാണ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തത്. ശനിയാഴ്ചയുണ്ടായ സംഭവങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ അക്രമകാരികളായ അഞ്ച് പേരെ ഷാഡോ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ കൂട്ടമായെത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.

ലാത്തിവീശയതിനെത്തുടര്‍ന്ന് 30 പ്രതിഷേധക്കാര്‍ക്കും പരിക്കുണ്ട്. ലത്തീന്‍ അതിരൂപതയുടെ ആഹ്വാനപ്രകാരമാണ് സമരവും സംഘര്‍ഷവും തുടരുന്നത് എന്നതിനാല്‍ ഇപ്പോഴത്തെ ആര്‍‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ ഒന്നാംപ്രതിയായി കേസെടുത്തു. അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍ പൊലീസ് നിയന്ത്രണവിധേയമാക്കി. പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിച്ച് നേരത്തെ പിടികൂടിയ അഞ്ചില്‍ നാലുപേരെ രാത്രി തന്നെ വിട്ടയച്ചിരുന്നു. ഷെല്‍ട്ടണ്‍ എന്നയാളെ കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ പൊലീസ് ജാഗ്രതകാട്ടി.

അതേസമയം, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൗരവതരമായ ഇടപെടലുകളാണ് തുടരുന്നത്. ഇന്നലെ സമരക്കാരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് സര്‍വകക്ഷിയോഗവും ചേരും.

 

eng­lish sam­mury: ex. latin arch bish­op sup­port­ing vizhin­jam port

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.