കേരള സാങ്കേതിക സർവകലാശാലയിൽ പ്രത്യേക ഉപസമിതികളെ നിയോഗിച്ച സിൻഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. സാങ്കേതിക സർവകലാശാലാ നിയമത്തിനു വിരുദ്ധമായി, താൽക്കാലിക വൈസ് ചാൻസലർ ആയി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ച ഡോ. സിസാ തോമസിനെ സഹായിക്കാൻ പ്രത്യേക ഉപസമിതി രൂപവൽക്കരിച്ചുകൊണ്ട് സിൻഡിക്കേറ്റ് പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച ഗവർണറുടെ ഉത്തരവാണ് കോടതി റദ്ദു ചെയ്തത്. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
ഗവർണർ ആദ്യമായിട്ടല്ല ഇത്തരം വളയമില്ലാച്ചാട്ടം നടത്തുന്നത്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസാ തോമസിന് നൽകിയ നടപടി തന്നെ നിയമ വിരുദ്ധമാണ്. “യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറുടെ താൽക്കാലിക ഒഴിവുണ്ടായാൽ, സർക്കാരിന്റെ ശുപാർശ പ്രകാരം മറ്റേതെങ്കിലും സർവകലാശാലയിലെ വൈസ് ചാന്‍സലറെയോ ഇതേ യൂണിവേഴ്സിറ്റിയിലെ പ്രൊവൈസ് ചാൻസലറെയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയോ വിസിയായി താൽക്കാലികമായി നിയമിക്കാവുന്നതാണ്’’ എന്ന് 2015 ലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആക്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് ഈ മൂന്നിനത്തിലും പെടാത്ത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ മാത്രമായ സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സാങ്കേതിക സർവകലാശാലാ നിയമത്തിന്റെ ലംഘനമാണ് എന്ന് പകൽപോലെ വ്യക്തമാണ്.
ഗവർണർക്ക് ഭരണഘടനാദത്തമായി കിട്ടിയതായിരുന്നില്ല സർവകലാശാലകളുടെ ചാൻസലർ സ്ഥാനം. കേരള നിയമസഭ പാസാക്കിയ സർവകലാശാലാ നിയമങ്ങൾ കല്പിച്ചു കൊടുത്തതാണ് ചാൻസലർ പദവി. അതുകൊണ്ടുതന്നെ ആ പദവി ഗവർണറിൽ നിന്നും എടുത്തു മാറ്റാനും നിയമസഭയ്ക്ക് അധികാരമുണ്ട്. എന്നാൽ ഗവർണറായിരിക്കുന്നിടത്തോളം കാലം കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാന്‍സലറായിരിക്കാൻ തനിക്ക് അവകാശം ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നത്. അത് വെറും മിഥ്യാധാരണയാണെന്ന് ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്ന ബിൽ പാസാക്കി സർക്കാർ തെളിയിച്ചിട്ടും ഗവർണർക്ക് ദഹിച്ചിട്ടില്ല. ബില്ലിൽ ഒപ്പിടാതെ ഒളിച്ചു കളിക്കുകയാണ് ഗവർണർ. ഏറെ നാൾ അങ്ങനെ ബില്ലിൻമേൽ അടയിരിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും ബാലിശമായ വാദമുഖങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പവും അനിശ്ചിതത്വവും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
സർക്കാരുമായുള്ള നിയമപോരാട്ടത്തിൽ മുമ്പ് പലപ്പോഴും ഗവര്‍ണർക്കൊപ്പം നിന്നിട്ടുള്ള കോടതി പോലും “സർവകലാശാലാ ചാൻസലർ അടക്കമുള്ള ഉന്നതാധികാരികൾ പിള്ളേര് കളിക്കുകയാണോയെന്നും ഉന്നതാധികാരികൾ ഇങ്ങനെയാണോ പെരുമാറേണ്ടത്? ’’ എന്നും ചോദിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഗവർണർ ഒപ്പിട്ടാലും ഇല്ലെങ്കിലും, ബിൽ നിയമസഭ പാസാക്കിയതോടെ ഗവർണർ സർവകലാശാലകളുടെ ചാൻസലർ അല്ലാതായി.
ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും കാലാവധി കഴിഞ്ഞു വിരമിച്ച, കേരള സർവകലാശാലാ വൈസ് ചാൻസലർ ഉൾപ്പെടെ ഒമ്പത് വിസിമാരെ പുറത്താക്കാനുള്ള നടപടിയുടെ ഭാഗമായി ഹിയറിങ്ങിനു വിളിച്ചു. പുതിയ നിയമം നിലവിൽ വന്നില്ലെങ്കിൽ പോലും ഇപ്പോഴുള്ള സർവകലാശാലാ നിയമങ്ങൾ അനുസരിച്ചുതന്നെ വൈസ് ചാൻസലർമാരെ തോന്നിയപോലെ പിരിച്ചുവിടാൻ ചാന്‍സലർക്ക് അധികാരമില്ല. വിരമിച്ച വിസിയെ വരെ പിരിച്ചുവിടാൻ കച്ചകെട്ടി നിൽക്കുന്ന ഗവർണറുടെ നടപടി വളയമില്ലാച്ചാട്ടത്തിന്റെ അപഹാസ്യദൃഷ്ടാന്തമാണ്. സർവകലാശാലാ നിയമങ്ങളുടെ ലംഘനവുമാണ്.
കേരള, കണ്ണൂർ, കോഴിക്കോട്, കോട്ടയം, കൊച്ചി, സംസ്കൃതം, മലയാളം, ഡിജിറ്റൽ, ഓപ്പൺ എന്നീ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെയാണ് ഹിയറിങ്ങിനായി രാജ്ഭവനിൽ ഗവർണർ വിളിച്ചുവരുത്തിയത്. ഇതിൽ നവംബറിൽ കാലാവധി പൂർത്തിയായ, കേരള സർവകലാശാലാ വിസിയും ഉൾപ്പെടും എന്നതാണ് ഏറെ വിചിത്രം. വൈരനിര്യാതന ബുദ്ധികൊണ്ടല്ലെങ്കിൽ ഇത്തരം അയുക്തികവും അസംബന്ധവുമായ നിലപാട് ഗവർണർ സ്വീകരിക്കുമായിരുന്നില്ല.
മേൽ സൂചിപ്പിച്ചിട്ടുള്ള ഒമ്പത് സർവകലാശാലകളുടെയും നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സർവകലാശാലാ ഫണ്ട് തിരിമറി, സ്വഭാവ ദൂഷ്യം, ദുർഭരണം എന്നീ കാരണങ്ങളാലല്ലാതെ വൈസ് ചാൻസലറെ പിരിച്ചുവിടാൻ ചാൻസലർക്ക് സാധ്യമല്ല. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ഒരു ജഡ്ജിയെക്കൊണ്ട് ചാൻസലർ നടത്തിക്കുന്ന അന്വേഷണത്തിൽ ഈ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമേ വൈസ് ചാൻസലറെ പുറത്താക്കാൻ കഴിയൂ. അല്ലാതെ ഗവർണർ വിചാരിക്കും പോലെ വിസിമാരെ രാജ്ഭവനിൽ വിളിച്ചുവരുത്തി ടെർമിനേഷൻ ഓർഡർ കൊടുത്തോ, രാജിക്കത്ത് എഴുതിവാങ്ങിയോ പുറത്താക്കാൻ പറ്റില്ല.
2018ലെ യുജിസി റഗുലേഷനു വിരുദ്ധമായിട്ടാണ് കേരള ഫിഷറീസ് സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനം നടത്തിയിട്ടുള്ളതെന്ന ഹർജിക്കാരുടെ വാദം ശരിവച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കിയത്. 2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാലാ വിസിയായി നിയമിച്ചത്. നിയമനം നടത്തിയതാകട്ടെ, ചാൻസലർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. സർക്കാർ ശുപാർശ ചെയ്തയച്ച ആൾ വിസി നിയമനത്തിന് യോഗ്യനല്ലെന്നും ശുപാർശ ചെയ്ത രീതി യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇപ്പോൾ പ്രസംഗിച്ചു നടക്കുന്ന ഗവർണർ എന്തുകൊണ്ട് അന്നേ സർക്കാർ ശുപാർശ തിരിച്ചയച്ചില്ല എന്ന ചോദ്യത്തിനു മറുപടി പറയണം. ശുപാർശ നിയമവിരുദ്ധമായിരുന്നെങ്കിൽ അത് മടക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് അങ്ങനെ ചെയ്യാതെ സർക്കാർ ശുപാർശ ഗവർണർ അംഗീകരിക്കുകയാണ് ചെയ്തത്.
പാര്‍ലമെന്റ് നിർമ്മിച്ചതായാലും നിയമസഭ നിർമ്മിച്ചതായാലും നിയമം നിയമം തന്നെയാണ്. നിയമം പാലിക്കാനും നിയമം നടപ്പാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും ഉത്തരവാദിത്തവും ബാധ്യതയും ഉണ്ട്. ഗവർണർ ആയതിനാൽ താൻ നിയമത്തിനെല്ലാം അതീതനാണ് എന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നുവെങ്കിൽ അത് ശരിയല്ല. നിയമ വ്യവസ്ഥയെ ബഹുമാനിക്കാത്തവർ മാത്രമേ നിയമലംഘനം നടത്തുകയും അതിനു കൂട്ട് നിൽക്കുകയും ചെയ്യുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.