ഒരു വർഷത്തിലേറെയായി രാജ്യവ്യാപകമായി നടന്നുവന്ന സംയുക്ത കർഷക പ്രക്ഷോഭത്തിന് സമ്പൂർണ വിജയപരിസമാപ്തി ഉണ്ടായിരിക്കുന്നു. പാർലമെന്റിൽ വോട്ടെടുപ്പ് പോലും അനുവദിക്കാതെ പാസാക്കിയെടുത്ത മൂന്ന് കാർഷിക കരിനിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിച്ച് ദേശവ്യാപകമായി പടർന്ന പ്രക്ഷോഭത്തിനാണ് ഇതുവരെയില്ലാത്ത വിധം സമ്പൂർണമെന്ന് വിശേഷിപ്പിക്കാവുന്ന വിജയ പരിസമാപ്തി ഉണ്ടായത്. മൂന്ന് കരിനിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിൻവലിക്കുക എന്ന കേന്ദ്ര മുദ്രാവാക്യവുമായാണ് സെപ്റ്റംബറിൽ പ്രക്ഷോഭം തുടങ്ങിയത്. രണ്ടുമാസങ്ങൾക്കു ശേഷം രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് നവംബർ 26 ന് മാർച്ച് പ്രഖ്യാപിച്ചതോടെയാണ് കർഷക പ്രക്ഷോഭം ജനകീയവും വിപുലവുമായത്. നാല്പതിൽ നിന്ന് അഞ്ഞൂറോളം സംഘടനകൾ അണിനിരന്ന ബൃഹത്തായ കർഷക — പൊതുജന മുന്നേറ്റമായി അത് പരിണമിച്ചു. മാർച്ചിനെ ഡൽഹിയിലേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും വഴിനീളെ തടസങ്ങൾ ഉയർത്തിയും കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള വിവിധ സംസ്ഥാന സർക്കാരുകളും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിച്ചു. രണ്ടും മൂന്നും ദിവസങ്ങളെടുത്താണ് സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക പ്രക്ഷോഭകർ അവയൊക്കെ തരണം ചെയ്ത് ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്. പക്ഷേ കേന്ദ്ര സർക്കാർ കര്‍ഷകരെ തലസ്ഥാനത്തേക്ക് പ്രവേശിക്കുവാൻ അനുവദിച്ചില്ല. അങ്ങനെയാണ് ഗാസിപ്പൂർ, ടിക്രി, സിംഘു എന്നീ അതിർത്തി കേന്ദ്രങ്ങളിൽ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട വലിയ പോരാട്ടത്തിന്റെ നാളുകളായിരുന്നു. രാജ്യത്തിനകത്തുനിന്ന് മാത്രമല്ല ലോകത്താകെ നിന്ന് സഹായങ്ങളും ഐക്യദാർഢ്യങ്ങളും നീണ്ടുവന്നു. സ്വാതന്ത്ര്യസമരകാലത്ത് നടന്ന ഒരു മുന്നേറ്റത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്തത്രയും പ്രതിസന്ധികളും ഉണ്ടായി. അപവാദങ്ങളും കുപ്രചരണങ്ങളും കേസുകളും അന്വേഷണങ്ങളും വെള്ളവും വെളിച്ചവും തടയൽ, പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് (ഇഡി), ആദായ നികുതി (ഐടി) വകുപ്പ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചുള്ള പരിശോധനകളും വേട്ടയാടലുകളും കർഷക പ്രക്ഷോഭത്തെ വിവിധ രീതികളിൽ സഹായിക്കുന്നവരെ ഭീഷണിപ്പെടുത്തൽ, വിദേശത്തുനിന്ന് സഹായം നല്കിയ പ്രവാസികളെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ലെന്നതുൾപ്പെടെയുള്ള ഭീഷണികൾ, കൊടുംതണുപ്പും കഠിനമായ ചൂടും കനത്ത മഴയും മറികടക്കുന്നതിന് പണിത പന്തലുകൾ തകർക്കൽ, വഴിതടയുന്നുവെന്ന് പറഞ്ഞ് ഭരണാനുകൂലികളെക്കൊണ്ട് കോടതികളെ സമീപിപ്പിച്ചും യാത്രയും ജീവിത സാഹചര്യങ്ങളും അലോസരപ്പെടുത്തുന്നുവെന്ന് വാദിച്ച് പൊലീസിനെ ഉപയോഗിച്ച് നീക്കുന്നതിനും നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും ശ്രമങ്ങളുണ്ടായി.
ഒന്നിനുമുന്നിലും തളരാതെയാണ് പ്രക്ഷോഭം മുന്നേറിയത്. അതുകൊണ്ടാണ് ഈ വിജയം കൈവരിക്കാനായതും. പ്രക്ഷോഭകാലയളവിൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടത് സമരവിജയത്തെ സമ്പൂർണമാക്കുകയും ചെയ്യുന്നു. അതിനിടെ രാജ്യം മുഴുവൻ കൈകോർക്കുന്ന മഹാപ്രസ്ഥാനമായി കർഷക പ്രക്ഷോഭം വളർന്നു. കർഷക സംഘടനകൾക്കൊപ്പം തൊഴിലാളി സംഘടനകളും വിദ്യാർത്ഥി — യുവജന പ്രസ്ഥാനങ്ങളും ഇഴയടുപ്പമുള്ള ചങ്ങലക്കണ്ണികൾ പോലെ പ്രക്ഷോഭത്തിന്റെ കൂടെനിന്നു. സംയുക്ത കിസാൻമോർച്ച(എസ്‌കെഎം)യ്ക്ക് രൂപം നൽകിയതും ഉലയാതെ മുന്നോട്ടു നയിച്ചതും ഇടതു കർഷക-കർഷകത്തൊഴിലാളി സംഘടനകളായിരുന്നു. നാലുവർഷം മുമ്പ് ഇടതു കർഷകസംഘടനകളുടെ മുൻകയ്യിൽ രൂപപ്പെട്ട കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ (കെഎസ്‌സിസി) ആയിരുന്നു ഈ പ്രക്ഷോഭത്തിന്റെ പ്രേരക ശക്തിയായത്. ആ കൂട്ടായ്മയും ഇടതു കർഷ സംഘടനകളായ അഖിലേന്ത്യ കിസാൻ സഭകളും വിവിധ ഘട്ടങ്ങളായി നടത്തിയ പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ കർഷക പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കിയത്. കാർഷിക കരിനിയമങ്ങൾ റദ്ദാക്കുക എന്നതിനോടൊപ്പം സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശിച്ചതു പ്രകാരം കുറഞ്ഞ താങ്ങുവില ഉറപ്പാക്കുകയെന്ന സുപ്രധാന മുദ്രാവാക്യവും ഉൾപ്പെട്ടത് ഇടതു കർഷക സംഘടനകളുടെ ശ്രമഫലവുമായിരുന്നു. പ്രക്ഷോഭ വേദിയിൽ സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ കൂട്ടായ്മയാണ് ദൃശ്യമായത്. രാഷ്ട്രീയത്തെ പന്തലുകൾക്ക് പുറത്തുനിർത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ബിജെപിയുടെ നയങ്ങൾക്ക് എതിരെ എന്ന രാഷ്ട്രീയമായൊരു യോജിപ്പ് രൂപപ്പെട്ടുവെന്നത് നിഷേധിക്കാനാവാത്തതാണ്. കർഷക പ്രക്ഷോഭം രാജ്യത്തിന് മുന്നിൽ നല്കുന്ന ഏറ്റവും വലിയ പാഠമാണത്. ആശയപരമായ വിയോജിപ്പുകൾക്കൊപ്പം തന്നെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ഫാസിസ്റ്റ് നയങ്ങൾക്കുമെതിരായും പോരാട്ടത്തിന്റെ വിശാലവേദി ഉയർന്നുവരണമെന്ന സന്ദേശമാണത്. അതുപോലെതന്നെ ജനവിരുദ്ധമായ നയങ്ങളുമായി എക്കാലവും മുന്നോട്ടുപോകാമെന്ന ധാരണ തിരുത്തണമെന്ന കനത്ത പാഠം അധികാരികൾക്കു മുന്നിലും ഈ പ്രക്ഷോഭം സമർപ്പിക്കുന്നുണ്ട്. ലോകത്തെ സ്വേച്ഛാധിപതികളോ സൈനിക ഭരണാധികാരികളോ പോലും കാട്ടുവാൻ മടിക്കുന്ന വിധത്തിലുള്ള ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും സമീപനങ്ങൾ അവസാനിപ്പിക്കണമെന്ന വലിയ പാഠവും നരേന്ദ്രമോഡി സർക്കാരിന് ചെകിട്ടത്തടി പോലെ ലഭിച്ച ഈ പരാജയം നല്കുന്നുണ്ട്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.