രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തിന്റെ അഭിമാനം കാത്ത വനിതാ ഗുസ്തി താരങ്ങൾ റസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും യുപിയിലെ ഗോണ്ടയിൽനിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷൺ ചരൺ ശർമ്മക്കും ചില പരിശീലകർക്കും എതിരെ ലൈംഗിക അതിക്രമം ആരോപിച്ചു രാഷ്ട്ര തലസ്ഥാനത്ത് രാപ്പകൽ സമരത്തിലാണ്. രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും വിപുലമായ സഹാനുഭൂതിയും പിന്തുണയും ആർജിക്കുകയും ചെയ്ത സമരത്തിനെതിരെ രാജ്യസഭാംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ പി ടി ഉഷ നടത്തിയ പ്രതികരണം സാമാന്യ ബോധവും നീതിനിഷ്ഠയുമുള്ള ആരെയും അമ്പരപ്പിക്കുന്നതാണ്. ‘ഗുസ്തിതാരങ്ങളുടെ സമരം അച്ചടക്കലംഘനവും രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതും’ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഉഷയെപ്പോലെ രാജ്യത്തിന്റെ അംഗീകാരം നേടിയ, ഇന്ത്യൻ കായികരംഗത്തിന് മഹത്തായ സംഭാവന നൽകിയ ഒരു വനിതയിൽനിന്നുമുണ്ടായ പ്രതികരണം ദൗർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണ്. കായികതാരങ്ങളെ സംരക്ഷിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടവർ അവയുടെ നേതൃത്വം കയ്യൂക്കു കൊണ്ടും അധികാര പിൻബലംകൊണ്ടും കയ്യാളുകയും അവയെ തങ്ങളുടെ ലൈംഗിക അരാജകത്വത്തിന്റെയും അനധികൃത സ്വത്തുസമ്പാദനത്തിന്റെയും ഉപകരണമാക്കുകയും ചെയ്യുമ്പോൾ ഉഷയെപ്പോലുള്ളവർ അവരുടെ സംരക്ഷകരായി മാറുന്നത് അപമാനകരമാണ്. അച്ചടക്കമെന്നാൽ എന്ത് അപമാനവും സഹിച്ച്, ഏതു പീഡനത്തിനും വിധേയമാവാനുള്ള സന്നദ്ധതയാണെങ്കിൽ ആത്മാഭിമാനമുള്ള പെൺകുട്ടികളെ അതിനു കിട്ടില്ലെന്ന് ഉഷ തിരിച്ചറിയണം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിദിനം 86 ബലാത്സംഗങ്ങൾ രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. അതാണോ ഇന്ത്യയുടെ തിളങ്ങുന്ന പ്രതിച്ഛായ എന്ന് പറയാൻ ഐഒസി അധ്യക്ഷയും രാജ്യസഭാംഗവുമായ ഉഷയ്ക്ക് ബാധ്യതയുണ്ട്.
രാജ്യത്തിന് അന്താരാഷ്ട്രതലത്തിൽ അഭിമാനകരമായ നേട്ടമുണ്ടാക്കിയ, പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം, വനിതാതാരങ്ങൾ ഒരുദിവസം പൊടുന്നനെ സമരവുമായി തെരുവിൽ ഇറങ്ങിയെന്ന ആരോപണമാണ് ഉഷ ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള അജ്ഞതയല്ല, മറിച്ച് അജ്ഞത നടിക്കുകയാണ് അവർ. ഗുസ്തി താരങ്ങൾ തന്നെ സമീപിച്ചില്ല എന്നവർ പരിതപിക്കുന്നു. ഉഷയ്ക്ക് തന്റെ രാഷ്ട്രീയ യജമാനന്മാർക്കെതിരെ യാതൊന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവായിരിക്കണം നേരിട്ട് കായികമന്ത്രാലയത്തെ സമീപിക്കാൻ പരാതിക്കാരെ നിർബന്ധിതരാക്കിയത്. എന്നിട്ടും നടപടികൾ ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് അവർ ജനുവരിയിൽ ജന്തർമന്ദറിൽ സമരത്തിന് മുതിർന്നത്. ഐഒസി പ്രഖ്യാപിച്ച അന്വേഷണം മൂന്നുമാസം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ലത്രെ. സർക്കാർ നിയോഗിച്ച മേൽനോട്ട സമിതി അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇനിയും വെളിച്ചം കണ്ടിട്ടില്ല. അവയുടെ പകർപ്പ് പരാതിക്കാർക്ക് ലഭിച്ചിട്ടുമില്ല. രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് സ്ത്രീപീഡനമടക്കം ഗുരുതര കുറ്റങ്ങൾ ആരോപിക്കപ്പെട്ടിട്ടുള്ള ആൾ അന്വേഷണത്തെ സ്വാധീനിക്കും എന്നതുകൊണ്ട് പദവിയിൽ നിന്നും മാറ്റിനിർത്തപ്പെടേണ്ടതുണ്ട്. കൊലപാതകമടക്കം ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ബിജെപി എംപി ഗുസ്തി ഫെഡറേഷന്റെ മേധാവിയായി നിർബാധം തുടരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറ്റവാളികൾ തങ്ങളുടെ പാർട്ടിക്കാരും പാർട്ടിയുടെ മർദനോപകരണവും വോട്ട് സമാഹാര്യനും ആണെങ്കിൽ അവരെ നിയമത്തിന്റെ പിടിയിൽനിന്നും സംരക്ഷിക്കാൻ ബിജെപി ഭരണകൂടത്തിന് യാതൊരു മടിയുമില്ലെന്നു മോഡിയും സംസ്ഥാനങ്ങളിലെ അനുചരന്മാരും ആവർത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. അവിടെയാണ് അച്ചടക്കമില്ലായ്മയെ കുറിച്ചുള്ള ഉഷയുടെ രോഷത്തിന്റെയും രാഷ്ട്ര പ്രതിച്ഛായയെപ്പറ്റിയുള്ള ഉത്കണ്ഠയുടെയും പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്.
പി ടി ഉഷ രാജ്യത്തിന്റെ ആദരവു നേടിയ കായികതാരമാണ്. എന്നാൽ ഉഷയെന്ന ഐഒസി അധ്യക്ഷ മോഡിസര്‍ക്കാരിന്റെ കയ്യിലെ മറ്റൊരു കളിപ്പാവ മാത്രമാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഭരണകൂട സംരക്ഷണത്തിൽ നടക്കുന്ന അതിക്രമ പരമ്പരകൾക്ക് ഉന്നാവോയും ഹത്രാസുമടക്കം എത്രയെത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താനാവും. അവിടെയൊക്കെ അറിയപ്പെടാത്ത, അധഃസ്ഥിത സമൂഹങ്ങളിൽപ്പെട്ട പാവപ്പെട്ട സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകളാക്കപ്പെട്ടത്. ഇവിടെയാകട്ടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന കായിക പ്രതിഭകളാണ്. ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ എന്ന മോഡിയുടെ മുദ്രാവാക്യമുയർന്ന അതേ ഹരിയാനയിൽ നിന്നുള്ള പെൺകുട്ടികളുടെ കണ്ണീരാണ് തലസ്ഥാനനഗരിയെ നനയ്ക്കുന്നത്. അവരുടെ സ്ഥിതി ഇതാണെങ്കിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീജന്മങ്ങളുടെ അവസ്ഥയോർത്തു വിലപിക്കുകയേ മോഡിഭരണത്തിൽ രാജ്യത്തിനു വഴിയുള്ളു. ഈ ദുരവസ്ഥക്ക് അറുതിവരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു. ഐഒസി അധ്യക്ഷ ഉഷ എവിടെ നിൽക്കണമെന്ന് അവർ സ്വയം തീരുമാനിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.