14 July 2024, Sunday
KSFE Galaxy Chits

Related news

June 22, 2024
June 2, 2024
May 30, 2024
April 23, 2024
April 1, 2024
March 19, 2024
March 7, 2024
February 25, 2024
February 9, 2024
January 14, 2024

ജയിലിൽ നഷ്ടപ്പെട്ട ജീവിതങ്ങൾ

എ ജി വെങ്കിടേഷ്
March 19, 2024 4:45 am

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സോഷ്യൽ ആന്ത്രോപോളജി പ്രൊഫസറായ അൽപാ ഷായുടെ ‘ജയിൽ ജീവിതങ്ങൾ: ഭീമ കൊറേഗാവും ഇന്ത്യയില്‍ ജനാധിപത്യത്തിനായുള്ള തിരച്ചിലും’ എന്ന പുസ്തകത്തെ അവലംബിച്ചുള്ള കുറിപ്പ് അടുത്ത കാലത്താണ് ദ വയർ എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ചത്. നഗര നക്സലുകൾ, മാവോയിസ്റ്റ് ഭീകരർ എന്നിങ്ങനെ കുറ്റാരോപണം നടത്തി 16 പേരെയാണ് ഭീമാ കൊറേഗാവ് കേസിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. അതിലൊരാളായിരുന്നു ജാമ്യവും പരോളും മാത്രമല്ല ജയിലി‍ൽ മതിയായ ചികിത്സയോ സൗകര്യങ്ങള്‍ പോലുമോ ലഭ്യമല്ലാതെ മരിച്ച സ്റ്റാൻ സ്വാമി. 84-ാം വയസിൽ ധരിച്ചു നടക്കാൻ ഒരു ചെരുപ്പിനും വിറയാർന്ന കൈകൾ കൊണ്ട് ആവാത്തതിനാൽ ജലപാനത്തിനായി കുഴലിനും (സ്റ്റ്രോ) ക്കും വേണ്ടി കോടതി കയറേണ്ടി വന്നതിനുശേഷമായിരുന്നു ജയിലിൽ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമുണ്ടായത്.

നീണ്ട അപേക്ഷകൾക്കുശേഷം 16 പേരിൽ വരവര റാവു, സുധ ഭരദ്വാജ്, ആനന്ദ് ടെൽതുംബ്ഡെ, വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവർക്ക് ജാമ്യം ലഭിച്ചു. അപ്പോഴേക്കും പക്ഷേ അവർ നാലും അഞ്ചും വർഷങ്ങൾ ജയിലിൽ കഴിയേണ്ടി വന്നിരുന്നു. ജ്യോതി ജഗ്താപ്, സാഗർ ഗോർക്കെ, രമേശ് ഗയിച്ചോർ, മഹേഷ് റൗട്ട്, സുരേന്ദ്ര ഗാഡ്‌ലിങ്, സുധീർ ദാവ്ളെ, റോണാ വിൽസൺ, ഹാനി ബാബു എന്നിവർ ജയിലിൽ തുടരുകയാണ്. ഇപ്പോഴും ജയിലിൽ തുടരുന്ന എല്ലാവരും ജാമ്യത്തിനു വേണ്ടിയുള്ള അപേക്ഷകളുമായി വിവിധ കോടതികളിൽ നിരന്തരം കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് എൻഐഎ അപേക്ഷയെ എതിർക്കുകയും ബന്ധപ്പെട്ട കോടതികൾ ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന പതിവ് തുടരുകയാണ്. അതിനിടയിലാണ് ജയിലിൽ കഴിയുന്ന ഷോമ സെന്നിന്റെ കസ്റ്റഡി നീട്ടേണ്ടതില്ലെന്ന് അന്വേഷണ ഏജൻസി സുപ്രീം കോടതിയെ അറിയിച്ചതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ പോലും ജാമ്യ ഹർജിയെ എതിർത്തിരുന്ന എൻഐഎയുടെ പെട്ടെന്നുള്ള മനംമാറ്റത്തിന്റെ കാരണം അറിവില്ല. നാഗ്പൂർ സർവകലാശാല മുൻ പ്രൊഫസറായ ഷോമയെ 2018 ജൂൺ ആറിനാണ് അറസ്റ്റ് ചെയ്ത് പൂനെ യേർവാഡയിലും പിന്നീട് ബൈക്കുള വനിതാ ജയിലിലും തടവിലാക്കിയത്. ഇവിടെയവർ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുധ ഭരദ്വാജിനെപ്പോലെ ഏകാന്ത തടവിലായിരുന്നു. ഇതിനിടയിൽ രക്താതിസമ്മർദവും സന്ധിവാതവും പിടിപെടുകയും രൂക്ഷമാകുകയും ചെയ്തതിനെത്തുടര്‍ന്ന് ചികിത്സ ആവശ്യമായതിനാൽ വീട്ടുതടങ്കലിലേക്ക് മാറ്റി.


ഇതുകൂടി വായിക്കൂ: ന്യായാധിപരില്‍ നിന്ന് പ്രതീക്ഷിക്കാത്ത സന്ദേശം


അവിടെയും ഏകാന്ത തടവിന് തുല്യമായാണ് അവർ കഴിയുന്നത്. യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് എന്നതിനാൽ ഗൗരവത്തോടെയുള്ള പരിശോധനകളില്ലാതെ, അന്വേഷണ ഏജൻസി എതിർക്കുക മാത്രം ചെയ്താൽ പോലും ജാമ്യം നിഷേധിക്കുന്ന രീതിയാണ് പല കോടതികളും സ്വീകരിക്കുന്നത് എന്നതിനാലാണ് ഇവരൊക്കെ ഇപ്പോഴും ജയിലിൽ കഴിയേണ്ടിവരുന്നത്. എൻഐഎയുടെ ഇപ്പോഴത്തെ മനംമാറ്റത്തെ തുടർന്ന് ഷോമയ്ക്ക് ജാമ്യം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എങ്കിലും എത്രയോ വർഷങ്ങൾ ജയിലിൽ കഴിയേണ്ടിവരുന്ന ഈ മനുഷ്യർക്ക് നഷ്ടമായ ജീവിതങ്ങൾ ആര് തിരിച്ചു നൽകുമെന്ന ചോദ്യം ഉയർന്നു മുഴങ്ങുന്നുണ്ട്. ഇതേ കേസിൽ വെർനോൺ ഗോൺസാൽവസിനും അരുൺ ഫെരേരയ്ക്കും കഴിഞ്ഞ ജൂലൈയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2018 ഓഗസ്റ്റ് 28ന് അറസ്റ്റിലായ ഇരുവരുടെയും ജയിൽ വാസത്തിന് അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് ഒരുമാസം ബാക്കിനില്‍‌ക്കേയായിരുന്നു മോചനം. ഗോൺസാൽവസ്, ഫെരേര എന്നിവരെ തീവ്രവാദബന്ധമാരോപിച്ചായിരുന്നു യുഎപിഎ കുറ്റം ചുമത്തി എൻഐഎ തടവിലാക്കിയത്. എന്നാൽ പ്രസ്തുത ബന്ധം സ്ഥാപിക്കുവാൻ മതിയായ തെളിവുകൾ ഹാജരാക്കുന്നതിന് സാധിച്ചില്ലെന്നാണ് സുപ്രീം കോടതി ജാമ്യ വിധിയിൽ വ്യക്തമാക്കിയിരുന്നത്. ഇരുവരുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പുസ്തകങ്ങളും കലാപത്തിനും ഭരണാധികാരികളെ അട്ടിമറിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന എൻഐഎ വാദവും കോടതി തള്ളിയിരുന്നു. ഇത് എൻഐഎയുടെ പരിധിയിൽ വരുന്നതല്ലെന്നും കണ്ടെത്തിയ സാഹിത്യങ്ങളൊന്നും നിരോധിച്ചവയല്ല, അതുകൊണ്ട് കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

അ‍ഞ്ചു വർഷത്തോളം ജയിലിൽ അടയ്ക്കുന്നതിന് പറഞ്ഞ മൂന്ന് പ്രധാന കാരണങ്ങളും നിലനിൽക്കുന്നതല്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തൽ വലിയ മനുഷ്യാവകാശപ്രശ്നം ഉന്നയിക്കുന്നുണ്ട്. ഭീമാ കൊറേഗാവ് സംഭവത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് എൽഗാർ പരിഷത്ത് എന്ന സംഘടന നടത്തിയ പരിപാടിയെത്തുടർന്ന് 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷത്തിന്റെ പേരിലാണ് കുപ്രസിദ്ധമായ എൽഗാർ പരിഷത്ത് കേസ് രൂപപ്പെടുന്നത്. അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എൽഗാർ പരിഷത്ത് നടത്തിയ പരിപാടിയിലെ പ്രസംഗങ്ങൾ കലാപത്തിന് കാരണമായെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും അക്കാദമിക വിദഗ്ധരുമടങ്ങുന്ന നിരവധി പേരെ പ്രതികളാക്കിയത്. മഹാരാഷ്ട്ര പൊലീസ് ചുമത്തിയ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് കൈമാറുകയായിരുന്നു. 16 പേരെയാണ് വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ കേസിനാസ്പദമായ സംഭവം ഭീമാ കൊറേഗാവ് സംഭവ വാർഷികത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ദളിത് വിഭാഗത്തിൽപ്പെട്ടവരെ ബിജെപിക്കാരായ ഒരുകൂട്ടം ആക്രമിച്ചതിനെ തുടർന്നുണ്ടായതാണ്. ഇതിന്റെ പേരിൽ ചില തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ അവർക്കെതിരെ ലഘുവായ വകുപ്പുകൾ പ്രകാരമാണ് കേസെന്നതിനാൽ വിട്ടയയ്ക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ:ബിജെപി വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം


അതേസമയം എൻഐഎ എന്ന കേന്ദ്ര സർക്കാരിന്റെ വിനീതവിധേയ ഏജൻസി പ്രമുഖരായ പലരെയും പിടികൂടി ജയിലിൽ അടയ്ക്കുകയും ചെയ്തു. ചക്രക്കസേരയിൽ മാത്രം സഞ്ചരിക്കുവാൻ സാധിക്കുന്നത്രയും അംഗപരിമിതിയുള്ള ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫ. ജി എൻ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി വിട്ടയച്ചത് ഈ മാസമാദ്യമായിരുന്നു. അതിനിടെ 10 ജീവിതവർഷങ്ങൾ അദ്ദേഹവും ജയിലിലായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ കേസ് ചുമത്തിയതിന്റെ ഫലമായാണ് സായിബാബയും ജയിലിലായത്. ഈ കേസില്‍ സായി ബാബ ഉൾപ്പെടെ ആറുപേരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഭീമാ കൊറേഗാവ് കേസിൽ സ്റ്റാൻ സ്വാമിയെന്നതുപോലെ ഈ കേസിലും കുറ്റാരോപിതനായ പാണ്ഡു നെറോത്തെ 2022 ഓഗസ്റ്റിൽ മരിച്ചിരുന്നു. ഇത് സമീപ ദിവസങ്ങളിലും വാർത്താ പ്രാധാന്യം നേടിയ ചില കേസുകളുടെ മാത്രം കാര്യമാണ്. നൂറുകണക്കിന് പേരാണ് അധികാര ധിക്കാരത്തിന്റെ ഇരകളായി ജയിലിൽ കഴിയുന്നത്. എല്ലാ നീതികളും നിഷേധിക്കപ്പെടുന്നുവെന്ന് മാത്രമല്ല ജീവിതത്തിന്റെ വിലപ്പെട്ട വർഷങ്ങളാണ് ജയിലില്‍ അവർക്ക് നഷ്ടമാകുന്നത്.

TOP NEWS

July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.