29 June 2024, Saturday
KSFE Galaxy Chits

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പരീക്ഷണശാലയാകുന്ന ലോക്‌സഭ

Janayugom Webdesk
June 27, 2024 5:00 am

ന്ത്യയുടെ പാർലമെന്ററി ജനാധിപത്യം 10 വർഷം നീണ്ട ഇടവേളയ്ക്കുശേഷം ഊർജസ്വലമായ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ പതിനെട്ടാം ലോക്‌സഭ ഒരു മത്സരത്തിലൂടെ ഓം ബിർളയെ രണ്ടാംതവണ സ്പീക്കറായി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് സഭകളിലും സ്പീക്കർ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നെങ്കിൽ ഇത്തവണ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി സ്പീക്കറെ അദ്ദേഹത്തിന്റെ പീഠത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. കഴിഞ്ഞ രണ്ടുതവണയും സഭയിൽ പ്രതിപക്ഷത്തിന് അർഹമായ അംഗീകാരമോ അംഗീകരിക്കപ്പെട്ട പ്രതിപക്ഷ നേതാവോ ഉണ്ടായിരുന്നില്ല. അംഗബലത്തിന്റെ പേരിൽ തികച്ചും സാങ്കേതികമായാണ് ഭരണപക്ഷം പ്രതിപക്ഷത്തിന് എല്ലാ അടിസ്ഥാന ജനാധിപത്യ മര്യാദകളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തി അംഗീകാരം നിഷേധിച്ചിരുന്നത്. ഇത്തവണ ഭരണമുന്നണിയിലെ മുഖ്യപങ്കാളിയായ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെന്നതും പ്രതിപക്ഷ ഇന്ത്യ മുന്നണിയെ അംഗബലത്തിന്റെ സാങ്കേതികത്വം ഉയർത്തി മാറ്റി നിർത്താനാവില്ലെന്നതും ലോക്‌സഭയിലെ പുതിയ ബലതന്ത്രത്തിനാണ് അടിവരയിടുന്നത്. മൃഗീയ ഭൂരിപക്ഷത്തിന്റെ പേരിൽ പാർലമെന്റിന്റെ പ്രവർത്തനത്തെ എത്രത്തോളം പരിഹാസ്യമാക്കി മാറ്റാനാവുമെന്നതിന് കഴിഞ്ഞ സഭയിൽ ഉടനീളവും, അതിന്റെ അവസാന സമ്മേളനത്തിൽ വിശേഷിച്ചും, രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി. ലോക്‌സഭയിൽ പ്രതിപക്ഷത്തെ ഏതാണ്ട് മുഴുവൻ അംഗങ്ങളെയും രാജ്യസഭയിൽ 46 പ്രതിപക്ഷാംഗങ്ങളെയും സമ്മേളന കാലയളവിന്റെ അവസാന ദിനങ്ങളിൽ പുറത്താക്കിയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ സ്പീക്കർ അന്ന് തന്റെ ‘നിഷ്പക്ഷ ജനാധിപത്യ പ്രതിബദ്ധത’ തെളിയിച്ചത്. സഭാ നടപടികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകണമെന്ന ന്യായവും ജനാധിപത്യപരവുമായ ആവശ്യത്തെ ‘നിബന്ധന’യായി വ്യാഖ്യാനിച്ച്, ലോക്‌സഭയുടെ നടത്തിപ്പിൽ സമവായത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ച്, ഏ­കപക്ഷീയമായ തീരുമാനം സഭയുടെമേൽ അടിച്ചേല്പിക്കുകയാണ് ഭരണപക്ഷം. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള പ്ര­മേയം അവതരിപ്പിക്കുക വഴി സഭാനടപടികളുടെ ഭാവിയെപ്പറ്റി ഏതെങ്കിലും ശുഭസൂചന സഭയ്ക്കും ജനങ്ങൾക്കും നല്‍കാൻ വിസമ്മതിക്കുകയാണ് സ്പീക്കർ ചെയ്തത്.


ഇതുകൂടി വായിക്കൂ:  പാര്‍ലമെന്റ് സുരക്ഷാവീഴ്ച; കേന്ദ്രം മൗനത്തില്‍


അടിയന്തരാവസ്ഥ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നാണെന്നതിൽ യാതൊരു സംശയത്തിനും ഇടമില്ല. എന്നാൽ അതിന്റെ 50-ാം വാർഷികാചരണം, പിന്നീട് രാഷ്ട്രചരിത്രത്തിൽ അരങ്ങേറിയ ഇരുണ്ടതും ദാരുണവുമായ സംഭവപരമ്പരകൾക്ക് മറപിടിക്കുന്ന സംരംഭമാക്കാനുള്ള ശ്രമമാണ് എതിർക്കപ്പെടേണ്ടത്. സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓം ബിർള ചുമതലയേറ്റ് ആദ്യനടപടിയായി അടിയന്തരാവസ്ഥ സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുകവഴി ആ പദവിയുടെ നിഷ്പക്ഷ പ്രതിച്ഛായക്കാണ് കളങ്കം വരുത്തിയത്. പുതിയ സഭയുടെ ബലതന്ത്രം അത്തരം പക്ഷപാതപരമായ സമീപനങ്ങളുമായി സഭാനടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് അനുകൂലമല്ല. 2014ലും തുടർന്ന് 2019ലും ബിജെപി അധികാരത്തിൽ വന്നത് നിരുപാധിക ഭൂരിപക്ഷത്തോടെ ആയിരുന്നു. ഓം ബിർള കഴിഞ്ഞതവണ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോക്‌സഭയുടെ പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വേച്ഛാഭരണത്തിന് നിയമസാധുത നൽകുന്ന കേവലം ഉപകരണമായി മാറിയിരുന്നു. തടസങ്ങൾ കൂടാതെ സഭ പ്രവർത്തിപ്പിക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷത്തിന്റെ ശബ്‍ദം പുറത്തുവരുന്നത് തടയുകയെന്ന ദൗത്യമാണ് വിശ്വസ്തതയോടെ അദ്ദേഹം നിറവേറ്റിയത്. അതിന്റെ കൊട്ടിക്കലാശമായിരുന്നു സഭയുടെ അവസാന സമ്മേളനത്തിൽ പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടി. മോഡി സ്വേച്ഛാധിപത്യത്തിന് ഓം ബിർള നൽകിയ ആ സേവനങ്ങൾക്കുള്ള ഉപകാരസ്മരണയായി വേണം രണ്ടാമതും അദ്ദേഹത്തിന് വേണ്ടി സംവരണംചെയ്യപ്പെട്ട സ്പീക്കർ പദവിയുടെ തുടർച്ച വിലയിരുത്തപ്പെടാന്‍. എന്നാൽ അന്നത്തെ ദൗർഭാഗ്യകരമായ സംഭവപരമ്പരകളുടെ ആവർത്തനം ഇത്തവണ അസാധ്യമായിരിക്കുമെന്നുവേണം പ്രതീക്ഷിക്കാൻ. ബിജെപിയുടെയും എൻഡിഎയിലെ അവരുടെ സഖ്യകക്ഷികളുടെയും അംഗബലത്തോട് കിടപിടിക്കാൻ പോന്ന, മത്സരക്ഷമമായ, അംഗബലത്തോടെയാണ് ഇന്ത്യ സഖ്യത്തെ ജനങ്ങൾ ലോക്‌സഭയിൽ എത്തിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  പാര്‍ലമെന്റില്‍ ധനമന്ത്രി പറഞ്ഞത്; പെരുപ്പിച്ച കണക്കുകള്‍


സ്പീക്കർ തെരഞ്ഞെടുപ്പിനെത്തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാക്കൾ നൽകുന്ന സന്ദേശം വ്യക്തമാണ്. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് സഭയിൽ 234 അംഗങ്ങൾ ആണുള്ളത്. ബിജെപിയുടെ 240 അടക്കം ഭരണമുന്നണിയുടെ അംഗബലം 293 ആണ്. മുൻകാലത്തെപ്പോലെ പ്രതിപക്ഷത്തെ അപ്പാടെ അവഗണിച്ച് സ്പീക്കർക്ക് മുന്നോട്ടുപോകാൻ ആവില്ല. 17-ാം ലോക്‌സഭ പാസാക്കിയ പല വിവാദനിയമങ്ങളും നടപ്പാക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനില്പ് പ്രതിപക്ഷത്തുനിന്നുണ്ടാവുക സ്വാഭാവികമായിരിക്കും. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും വിശ്വാസത്തിലെടുക്കാതെ അർത്ഥപൂർണമായ സഭാ നടപടികൾ അസാധ്യമാവും. വെല്ലുവിളികൾ നിറഞ്ഞ ദിനങ്ങളാണ് സ്പീക്കർ ഓം ബിർളയെ കാത്തിരിക്കുന്നത്. അംഗീകൃത പ്രതിപക്ഷത്തിനും അതിന്റെ നേതാവിനും ഭരണഘടനയും കീ‌ഴ്‌വഴക്കങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇന്ത്യയുടെ പാർലമെന്ററി പ്രക്രിയയിൽ അവഗണിക്കാവുന്നതല്ല. ഈ യാഥാർത്ഥ്യങ്ങളാണ് പതിനെട്ടാം ലോക്‌സഭയെ പാർലമെന്ററി ജനാധിപത്യത്തിന്റെ പരീക്ഷണശാലയാക്കി മാറ്റുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.