3 May 2024, Friday

ചെലവ് ചുരുക്കല്‍ എന്ന ഇല്ലാക്കഥ

Janayugom Webdesk
തെരഞ്ഞെടുപ്പ് പരിഷ്കരണം-4
March 10, 2024 4:46 am

‘ഒരു തെരഞ്ഞെടുപ്പ്’ വാദക്കാര്‍ ഉന്നയിക്കുന്ന മറ്റൊരു കാരണം സാമ്പത്തികമാണ്. തെരഞ്ഞെടുപ്പ് നടത്തുന്ന ചെലവിനത്തില്‍ ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാമെന്നാണ് നിരത്തുന്ന ന്യായം. പോളിങ് ബൂത്തുകൾ സ്ഥാപിക്കൽ, ഉദ്യോഗസ്ഥർക്ക് യാത്രാ, ക്ഷാമബത്തകൾ, ഗതാഗത ക്രമീകരണം, തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവയാണ് വേണ്ടിവരുന്ന തെരഞ്ഞെടുപ്പ് ചെലവുകൾ. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഈ ചെലവുകൾ ഗണ്യമായോ പകുതിയായോ കുറയ്ക്കാമെന്നാണ് വാദം. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുള്ള വിവരങ്ങൾ വ്യത്യസ്തമായ ചിത്രമാണ് നമ്മോട് പറയുന്നത്. ഇക്കാര്യത്തില്‍ സിപിഐ സമര്‍പ്പിച്ച അഭിപ്രായക്കുറിപ്പില്‍ ഉദ്ധരിച്ച കണക്കുകള്‍ പ്രസക്തമാണ്. ആന്ധ്രാപ്രദേശിൽ, 2014ൽ ഒരേസമയം തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു അസംബ്ലി മണ്ഡലത്തിന്റെ ശരാശരി ചെലവ് 1.66 കോടിയായിരുന്നു. വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വെവ്വേറെ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ സംയോജിത ചെലവ് ഓരോ മണ്ഡലത്തിനും ശരാശരി 1.43 കോടി മാത്രവും. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ചെലവുകൾ കുറയ്ക്കുന്നതിനോ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനോ ഉള്ള പ്രതിവിധിയല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ, വന്‍ തോതിൽ വോട്ടിങ് യന്ത്ര(ഇവിഎം)ങ്ങള്‍ വാങ്ങുന്നതും വലിയ ചെലവായിരിക്കും. അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചെലവ് വേറെയും. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇവിഎമ്മുകൾ അഞ്ച് വർഷത്തേക്ക് പൂട്ടിയിട്ടാല്‍ അടുത്ത തവണ ഉപയോഗിക്കാനാകുമോ എന്നതും സംശയാസ്പദമാണ്. രാഷ്ട്രീയ പാർട്ടികളുടെ ചെലവ് കുറയ്ക്കുകയാണ് മറ്റൊരു കാരണമായി പറയുന്നത്. കുറച്ച് റാലികളേ നടക്കൂ എന്നതിനാൽ വിദ്വേഷ പ്രസംഗത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് കർശനമായ ശിക്ഷകൾ ശുപാർശ ചെയ്യുന്നതിനുപകരം, ജനങ്ങളുമായി നടക്കുന്ന ഇടപഴകലിന്റെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവയ്ക്കുന്ന ഈ അവകാശവാദം പരിഹാസ്യമാണ്. മാധ്യമസ്ഥാപനങ്ങളുടെ പക്ഷപാതം വിവരവിനിമയത്തെ തടയുന്നത് പരിഹരിക്കാനും തെരഞ്ഞെടുപ്പ് ഏകീകരണം പ്രതിവിധിയാകുന്നില്ല. ഇതെല്ലാം കൊണ്ടുതന്നെ അപ്രായോഗികവും അധാര്‍മ്മികവും ജനാധിപത്യ വിരുദ്ധവുമായ ആശയമായി ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മാറുന്നു. രാംനാഥ് കോവിന്ദ് സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച സിപിഐയുടെ അഭിപ്രായങ്ങള്‍ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്: ‘രാജ്യത്തെ ഏകകക്ഷി ഭരണത്തിലേക്ക് തള്ളിവിടുന്നതും ഏകീകൃത തെരഞ്ഞെടുപ്പ് അടിച്ചേല്പിച്ച് അഭിപ്രായ വൈവിധ്യത്തെ ഇല്ലാക്കാനുള്ള ശ്രമവുമാണ് ആശയം ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ ജനാധിപത്യവിരുദ്ധ രാജ്യമാക്കി മാറ്റാനുള്ള നീക്കം നിരാകരിക്കണമെന്നാണ് പാര്‍ട്ടിയുടെ ശക്തമായ നിലപാട്”.


ഇതുകൂടി വായിക്കൂ:കോണ്‍ഗ്രസെന്നാല്‍ അധികാരക്കൊതിയോ?


നമ്മുടെ രാജ്യത്തിന് വേണ്ടത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളാണ്. അധികാരത്തിലിരിക്കുന്നവരും കോര്‍പറേറ്റ്-അതിസമ്പന്ന വിഭാഗവും തമ്മില്‍ രൂപപ്പെട്ട അധാര്‍മ്മിക — അവിഹിത ബന്ധം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്നുവെന്ന വിലയിരുത്തലുകള്‍ അര്‍ത്ഥപൂര്‍ണമാണ്. വഴിവിട്ട നീക്കങ്ങളിലൂടെ അധികാരത്തിലെത്തുന്നത് അഴിമതിക്ക് വളംവയ്ക്കുകയും പണക്കൊഴുപ്പ് നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈത്താങ്ങാകുന്നവരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ വന്‍കുംഭകോണങ്ങളായി മാറുകയും ചെയ്യുന്നു. പണക്കൊഴുപ്പിന്റെയും അഴിമതിയുടെയും കൂത്തരങ്ങാണ് ബിജെപിക്കു കീഴിലെ ഭരണാവസ്ഥയെന്നത് മാത്രമല്ല, അതിനായുള്ള പ്രക്രിയ നിയമവല്‍ക്കരിക്കപ്പെടുകയും സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് പ്രത്യേകത. സ്ഥാപനവല്‍ക്കരണത്തിലൂടെ സാധൂകരിക്കപ്പെടുകയും അതുകൊണ്ടുതന്നെ ജനങ്ങള്‍ വിശ്വസിച്ച് കൂടെനില്‍ക്കുകയും ചെയ്ത ബിജെപിക്കാലത്തെ ഏറ്റവും വലിയ കുംഭകോണമായിരുന്നു നോട്ടുനിരോധനം. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സമ്പത്ത് കണ്ടെത്തല്‍ എന്നും തീവ്രവാദത്തെ തടയുകയാണ് ലക്ഷ്യമെന്നുമുള്ള പ്രചരണങ്ങള്‍ കൊണ്ടാണ് ബിജെപി നോട്ടുനിരോധനത്തില്‍ ഒരുവിഭാഗം ജനങ്ങളുടെ പ്രീതി സമ്പാദിച്ചത്. പക്ഷേ അത് വലിയൊരു കുംഭകോണമായിരുന്നുവെന്നും അത്തരമൊരു തീരുമാനത്തിലൂടെ ദശകോടിക്കണക്കിന് കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ഭരണകൂട ചങ്ങാതിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിച്ചുവെന്നും മനസിലാകാന്‍ അധികനാളുകള്‍ വേണ്ടിവന്നില്ല. സാധാരണക്കാരാകട്ടെ തങ്ങളുടെ കയ്യില്‍ അവശേഷിച്ച തുച്ഛമായ നിരോധിത നോട്ടുകള്‍ മാറിക്കിട്ടുന്നതിന് സഹിച്ച ദുരിതം പറഞ്ഞറിയിക്കുവാന്‍ സാധിക്കാത്തതുമായി. ഇത്തരമൊരു സ്വഭാവ സവിശേഷതയുള്ള ബിജെപിയുടെ ഭരണത്തിനു കീഴില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന മറ്റൊന്നായിരുന്നു കടലാസ് ബാലറ്റില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായ(ഇവിഎം)ത്തിലേക്കുള്ള മാറ്റം. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നതിന് എത്രയോ മുമ്പ് തന്നെ രാജ്യത്ത് നടപ്പിലാക്കപ്പെട്ടിരുന്നതാണ് എന്നതുകൊണ്ടുതന്നെ ഇവിഎമ്മിന്റെ പിതൃത്വം അവര്‍ക്ക് നല്‍കാനാവില്ല. എങ്കിലും 2014ല്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷമാണ് ഇവിഎമ്മിനെക്കുറിച്ചുള്ള സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടത് എന്നത് യാഥാര്‍ത്ഥ്യമാണ്.

അധികാരം പിടിച്ചടക്കുന്നതിന് ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന ഫാസിസ്റ്റ് — സ്വേച്ഛാധിപത്യ ശക്തികളുടെ അതേ സ്വഭാവവിശേഷം തന്നെയാണ് ബിജെപിക്കും അതിന് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമുള്ളത് എന്നതും അതിനുകാരണമാണ്. ഗുജറാത്തില്‍ അധികാരമുറപ്പിക്കുവാന്‍ ഭരണത്തിന്റെ എല്ലാ ഒത്താശയും നല്‍കിയുള്ള വംശഹത്യകളും അതിന്റെ പാപക്കറ മായ്ച്ചുകളയുവാന്‍ കാട്ടിക്കൂട്ടിയ മനുഷ്യത്വരഹിതമായ നടപടികളും ഇരുവര്‍ക്കും മേല്‍ ആരോപിക്കപ്പെട്ടത് ഇവിടെ ഉദാഹരിക്കാവുന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന പുല്‍വാമ ആക്രമണവും യുപിയില്‍ അധികാര വഴിയൊരുക്കുന്നതിന് നടത്തിയ വര്‍ഗീയ കലാപങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പടര്‍ന്ന പ്രതിഷേധത്തെ വഴിതിരിച്ചുവിടാന്‍ ഡല്‍ഹിയില്‍ നടന്ന ആസൂത്രിത കലാപവുമെല്ലാം അതിന്റെ കൂടുതല്‍ ഉദാഹരണങ്ങളാണ്. മണിപ്പൂരില്‍ 10 മാസത്തോളമായി നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘര്‍ഷവും അധികാരഭ്രാന്ത് മസ്തിഷ്കത്തെ ബാധിച്ച ബിജെപിയുടെ സൃഷ്ടിയായിരുന്നുവെന്നതിന് തെളിവുകള്‍ എത്രയോ പുറത്തുവന്നിരിക്കുന്നു. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.