18 May 2024, Saturday

കേരളത്തിന് അഭിമാന നിമിഷം; ഗഗൻയാന്‍ ദൗത്യത്തലവൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ

രാജേന്ദ്രകുമാർ ബി
പാലക്കാട്
February 27, 2024 8:03 pm

രാജ്യത്തിന് അഭിമാനമാകുന്ന ഗഗൻയാന്‍ യാത്രക്കുള്ള നാലംഗ സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നയിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനനിമിഷം. ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായി ജോലി ചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന 48കാരൻ പാലക്കാട് നെന്മാറ പഴയഗ്രാമം സ്വദേശിയാണ്. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും, തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനായി 1976 ഓഗസ്റ്റ് 26നണ് ജനനം. അച്ഛന്റെ ജോലിസ്ഥലമായ കുവൈറ്റിൽ നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പല്ലാവൂർ ചിന്മയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. തുടർന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ എഴുതി.

പൂനെയിൽ പ്രവേശനം ലഭിച്ചതിനു ശേഷം അവിടെ പഠനം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനയിൽ ചേരുകയായിരുന്നു. റഷ്യയില്‍ ദൗത്യത്തിന്റെ ഭാഗമായി കഠിന പരിശീലനത്തിലായിരുന്നു പ്രശാന്തെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കര, കടൽ, ആകാശം, മഞ്ഞ്, മരുഭൂമി, തുടങ്ങി വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്നതിനായി 13 മാസം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങളും കുടുംബാംഗങ്ങള്‍ പങ്കുവെച്ചു.

സുഖോയ് യുദ്ധവിമാനമടക്കം വിവിധ വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധസേനയുടെയും ഐഎസ്ആർഒയുടെയും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലനത്തിലാണ് പ്രശാന്തെന്ന് ബന്ധുക്കൾ പറയുന്നു. അമ്മ പ്രമീളയും അച്ഛൻ ബാലകൃഷ്ണൻ നായരും പ്രശാന്തിന്റെ ജോലി സ്ഥലത്ത് അതീവ സുരക്ഷാ മേഖലയിലാണ്. ചലച്ചിത്ര നടി ലെനയാണ് പ്രശാന്തിന്റെ ഭാര്യ. കഴിഞ്ഞ ജനുവരി 17 നാണ് വിവാഹിതരായതെന്ന് ലെന ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തി. വിവാഹചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പ്രശാന്തിന്റെ മൂത്ത സഹോദരൻ പ്രദീപ് നായർ അമേരിക്കയിലും അനുജൻ പ്രവീൺ നായർ യുകെയിലും ജോലി ചെയ്യുന്നു. ഏക സഹോദരി പ്രതിഭ തൃശൂരിൽ താമസിക്കുന്നു.

Eng­lish Sum­ma­ry: malay­ali prashant nair head of gaganyaan mission
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.