24 May 2024, Friday

Related news

May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024
April 25, 2024
April 24, 2024

മണിപ്പൂർ: ആശങ്ക രേഖപ്പെടുത്തി യുഎന്‍എച്ച്ആര്‍സി

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2023 11:24 pm

മണിപ്പൂർ വർഗീയ കലാപത്തിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി (യുഎന്‍എച്ച്ആര്‍സി). ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പൂരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യ നടപടി സ്വീകരിക്കുന്നില്ലെന്ന് യുഎൻ പ്രതിനിധികളുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുമാസം പിന്നിട്ട മണിപ്പൂരിലെ കലാപത്തിൽ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ മാനുഷിക പ്രതികരണം അപര്യാപ്തമാണെന്നും എച്ച്ആര്‍സി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കുക്കി ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള ലൈംഗിക അക്രമത്തിന്റെ റിപ്പോർട്ടുകള്‍ ലോകത്തെ ഞെട്ടിക്കുന്നവയാണ്. നൂറുകണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി. സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തുക, അവരെ ജീവനോടെ കത്തിക്കുക തുടങ്ങിയ നടുക്കുന്ന സംഭവങ്ങളും മണിപ്പൂരിലുണ്ടായി. 

വംശീയതയുടെയും മതവിശ്വാസത്തിന്റെയും പേരിൽ നടത്തിയ അതിക്രമങ്ങളെ ന്യായീകരിക്കുന്നതിനായി വിദ്വേഷവും പ്രകോപനപരവുമായ പ്രചാരണവും ഇതിനൊപ്പം നടക്കുന്നു. അക്രമവും വിദ്വേഷ പ്രചാരണവും തടയുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. തീവ്രവാദ വിരുദ്ധ നടപടികള്‍ വംശീയ‑മത ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമവും അടിച്ചമർത്തലും നിയമവിധേയമാക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകരും പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ വസ്തുതാന്വേഷണ ദൗത്യങ്ങളും വിഷയത്തില്‍ സുപ്രീം കോടതിയുടെ നടപടികളും എച്ച്ആര്‍സി സ്വാഗതം ചെയ്തിട്ടുണ്ട്. എങ്കിലും സുപ്രീം കോടതിയുടെ പ്രതികരണം കൂടുതല്‍ വേഗത്തിലുള്ളതാകണമായിരുന്നു. സാമൂഹിക നീതി, ഉത്തരവാദിത്തം, നഷ്ടപരിഹാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സർക്കാരിന്റെയും മറ്റു കക്ഷികളുടെയും മേല്‍ നിരീക്ഷണം തുടരണമെന്നും യുഎന്‍ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

അക്രമസംഭവങ്ങളിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എച്ച്ആര്‍സി സര്‍ക്കാരുകളോട് അഭ്യർത്ഥിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സംഭവങ്ങളിലും എച്ച്ആര്‍സി ആശങ്ക രേഖപ്പെടുത്തി. അതേസമയം യുഎൻ പരാമർശങ്ങളെ ഇന്ത്യ തള്ളി. റിപ്പോര്‍ട്ടിനെ അനാവശ്യവും ഊഹാപോഹവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യ മണിപ്പൂരിലെ സ്ഥിതിഗതികൾ സമാധാനപരമാണെന്നും അവകാശപ്പെട്ടു.

Eng­lish Summary:Manipur: UNHCR express­es concern
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.