16 June 2024, Sunday

ആക്രമണം നിര്‍ത്തണം; ഇസ്രയേലിന് ഐസിജെ ഉത്തരവ്

*മാനുഷിക സഹായമെത്തിക്കാന്‍ റാഫ അതിർത്തി വീണ്ടും തുറന്നുനല്‍കണമെന്നും നിര്‍ദേശം
*ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്ന് ഇസ്രയേല്‍
Janayugom Webdesk
ഹേഗ്
May 24, 2024 7:03 pm

തെക്കന്‍ ഗാസയിലെ നഗരമായ റാഫയിലെ സൈനിക നടപടി അവസാനിപ്പിക്കാനും മേഖലയില്‍ നിന്ന് പിന്മാറാനും ഇസ്രയേലിനോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). അതേസമയം ഉത്തരവ് തള്ളുന്നതായി ഇസ്രയേല്‍ പ്രതികരിച്ചു. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് ഐസിജെയുടെ നടപടി. ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനല്‍ ഉത്തരവിടുന്നത്. ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെങ്കിലും ഇസ്രയേല്‍ അവഗണിക്കുകയായിരുന്നു. 

റാഫയിലെ അധിനിവേശവും സൈനിക നടപടിയും ഉടൻ അവസാനിപ്പിക്കണമെന്ന് ഐസിജെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന് സ്വീകരിച്ച എല്ലാ നടപടികളെക്കുറിച്ചും ഒരു മാസത്തിനകം ഇസ്രായേൽ റിപ്പോർട്ട് സമർപ്പിക്കണം. മാനുഷിക സഹായമെത്തിക്കാന്‍ റാഫ അതിർത്തി വീണ്ടും തുറന്നുനല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. റാഫയില്‍ ഇനി ആക്രമണം ഉണ്ടായാല്‍ പലസ്തീന്‍ ജനതയ്ക്ക് പൂർണമായോ ഭാഗീകമായോ നാശനഷ്ടം സംഭവിച്ചേക്കാം. ഇവിടെ മാനുഷിക സാഹചര്യം ദുഷ്കരമാണെന്നും ഐസിജെ പാനലിന്റെ തലവനായ നവാഫ് സലാം പറഞ്ഞു. അന്താരാഷ്ട്ര നീരീക്ഷകരെ ഗാസയില്‍ പ്രവേശിക്കാൻ അനുവദിക്കണമെന്നും കോടതി ഇസ്രായേലിനോട് നിര്‍ദേശിച്ചു.

ഉത്തരവ് പാലിക്കാന്‍ ഇസ്രായേൽ തയ്യാറാകണമെന്നും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യവകുപ്പ് ആവശ്യപ്പെട്ടു. ഉത്തരവുമായി യുഎൻ രക്ഷാസമിതിയെ സമീപിക്കുമെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.വിധി സ്വാഗതം ചെയ്യുന്നതായി ഹമാസ് പ്രതികരിച്ചു. അതേസമയം ഗാസയിലുടനീളമുള്ള ആക്രമണത്തെയും വംശഹത്യയെയും വിധി അഭിസംബോധന ചെയ്യുന്നില്ലെന്നും റാഫയില്‍ മാത്രമായി ഒതുങ്ങിയെന്നും ഹമാസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം കോടതി വിധിയോട് പ്രതികരിക്കാന്‍ പ്രത്യേക മന്ത്രിതല യോഗം ചേരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഭൂമിയിലെ ഒരു ശക്തിക്കും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിൽ നിന്നും ഗാസയില്‍ നിന്ന് ഹമാസിനെ ഉന്മൂലനം ചെയ്യുന്നതില്‍ നിന്നും തടയാനാകില്ലെന്ന് ഇസ്രയേല്‍ വക്താവ് അവി ഹൈമാൻ പറഞ്ഞു. റാഫയിലെ സൈനിക നടപടി ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ അവകാശമാണെന്നും ഹൈമാന്‍ പറഞ്ഞു. 

Eng­lish Summary:The attack must stop; ICJ order to Israel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.