പുണ്യമാസമായ റമദാനില്‍ മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതി ക്ഷേത്ര മുറ്റത്ത് അരങ്ങിലെത്തിയ മാപ്പിള തെയ്യം ബാങ്ക് വിളി. മാലോം കൂലോം ഭഗവതി ക്ഷേത്രമുറ്റത്താണ് സാഹോദര്യവും, ഐതിഹ്യ പെരുമയും വിളിച്ചോതി മാപ്പിള തെയ്യം അരങ്ങിലെത്തിയത്. കള്ളി മുണ്ടും, വെള്ള ബെനിയനും, തൊപ്പിയും വെച്ച് തെയ്യം അരങ്ങിലെത്തിയപ്പോള്‍ ഭക്തര്‍ കൈകൂപ്പി വണങ്ങി. മുക്രി പോക്കര്‍ എന്ന തെയ്യമാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി മാലോം കൂലോത്ത് നടന്നത്. പതിറ്റാണ്ടുകള്‍ മുമ്പ് നടന്ന അപൂര്‍വ ബന്ധത്തിന്റെ ജ്വലിക്കുന്ന ഓര്‍മയാണ് മാപ്പിളത്തെയ്യം. തെയ്യത്തിനായി പ്രത്യേക തറ ക്ഷേത്രമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. തറയില്‍ നിസ്‌ക്കരപ്പായയും, വെള്ളമുണ്ടും വിരിച്ചാണ് തെയ്യത്തെ വരവേല്‍ക്കുന്നത്. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് മാലോം കൂലോത്ത് മുക്രിപോക്കര്‍ എന്ന മാപ്പിള തെയ്യം കെട്ടിവരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ന് പെരിയാട്ട് കണ്ടറ് കോലം പുറപ്പാട് നടന്നു. രാവിലെ 10 ന് ചാമുണ്ഡേശ്വരി പാടാര്‍ക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാടും നടന്നു. ഉച്ചക്ക് 12.30ന് അപൂര്‍വമായി കെട്ടിയാടാറുള്ള മുക്രിപോക്കറും, അതോടൊപ്പം മണ്ഡളത്ത് ചാമുണ്ഡിയും അരങ്ങിലെത്തി. ഒന്നിന് ദണ്ഡ്യങ്ങാനത്ത് ഭഗവതിയും, ഏഴര പതിറ്റാണ്ടിന് ശേഷം കൂലോത്തമ്മയും അരങ്ങിലെത്തി അനുഗ്രഹം ചൊരിഞ്ഞു. തുടര്‍ന്ന് അന്നദാനവുമുണ്ടായിരുന്നു. വൈകുന്നേരം മൂന്നോടെ ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടോടുകൂടി രണ്ട് നാള്‍ നീണ്ടു നിന്ന കളിയാട്ട മഹോത്സവത്തിന് സമാപനമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.