26 April 2024, Friday

അലയൊടുങ്ങാതെ ചുഴലിക്കാറ്റുകളും കൂറ്റൻ തിരമാലകളും; ഭീതിയോടെ കേരള തീരം

ടി കെ അനിൽകുമാർ
October 5, 2021 6:00 am

അലയൊടുങ്ങാതെയുള്ള ചുഴലിക്കാറ്റുകളും കൂറ്റൻ തിരമാലകളുമെല്ലാം കേരള തീരത്തും ഭീതിയുടെ കൊടുമുടികൾ തീർക്കുന്നു. കടലിന്റെ മാറ്റത്തിൽ പിറവികൊള്ളുന്ന കൊടുംകാറ്റുകൾ പലപ്പോഴും തിരികെ മടങ്ങുന്നത് നികത്താനാവാത്ത നഷ്ടങ്ങൾ ബാക്കിയാക്കിയാണ്. ചൂടും ഈർപ്പവുമുള്ള വായുവാണ് ഇവയുടെ ശക്തി. അതുകൊണ്ടാണ് ഭൂമധ്യ രേഖക്ക് സമീപമുള്ള താപനില ഉയർന്ന് കടലിൽ കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നത്. സമുദ്ര നിരപ്പിനോട് ചേർന്ന ഈർപ്പമുള്ള വായു ചൂട് പിടിച്ചുയരുമ്പോൾ താഴെ വായുവിന്റെ അളവ് കുറയും. ഇതോടെ ന്യുനമർദ്ദം രൂപപ്പെടും. മർദ്ദം കുറഞ്ഞ പ്രദേശത്ത് നിന്നുള്ള വായു സഞ്ചരിച്ച് ഇവിടെ എത്തുന്നതോടെ ക്രമേണ അത് കടലുമായുള്ള സമ്പർക്കത്തിൽ അതി തീവ്ര ന്യൂനമർദ്ദമായും മാറും. ഇത് ചുഴലിക്കാറ്റിന് വഴിയൊരുക്കും.

കാലാവസ്ഥ വ്യതിയാനം മൂലമാണ് ന്യുനമർദ്ദം രൂപംകൊള്ളുന്നത്. കടലിലും കരയിലുമെല്ലാം ഒട്ടേറെ ദുരിതങ്ങൾ തീർത്താണ് 2017ൽ ഓഖി ചുഴലിക്കാറ്റ് കേരളതീരത്ത് നിന്നും പറന്നകന്നത്. 52 പേരുടെ മരണം സ്ഥിരീകരിച്ചു. 91 പേരെ കാണാതായി. ഒട്ടേറെ പേരുടെ വീടുകൾ നഷ്ടമായി. മത്സ്യബന്ധന ഉപകരണങ്ങളും തകർന്നു. ബംഗ്ലാദേശി ഭാഷയിൽ കണ്ണെന്ന് അർത്ഥമുള്ള ഓഖിയുടെ പരാക്രമം കേരളത്തെ കണ്ണീർച്ചുഴിയിൽ മുക്കി. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദമാണ് വിനാശകാരിയായ ചുഴലിക്കാറ്റിനെ രൂപപ്പെടുത്തിയത്. കാറ്റിന്റെ വേഗം മണിക്കൂറുകൾക്കുള്ളിൽ മാറി മറിഞ്ഞു. ആദ്യ മണിക്കൂറിൽ 75 മുതൽ 85 കിലോമീറ്ററുകൾ ആയിരുന്നെങ്കിൽ പിന്നീടത് 84,102,130 എന്നിങ്ങനെയായി. സാധാരണ ഗതിയിൽ ചുഴലിക്കാറ്റുകൾക്ക് ശക്തി പ്രാപിക്കാൻ 72 മണിക്കൂറിൽ അധികം വേണമെങ്കിൽ ശാസ്ത്ര ലോകത്തെ പോലും ഞെട്ടിച്ചു കൊണ്ട് കേവലം 20 മണിക്കൂറുകൾ കൊണ്ട് ഓഖി രൗദ്ര ഭാവം പ്രാപിച്ചു. അപ്രതീക്ഷിതമായി നാല് വർഷങ്ങൾക്ക് മുൻപ് വീശിയടിച്ച ഈ കാറ്റ് രാജ്യത്തിനുള്ള കാലാവസ്ഥാ മുന്നറിയിപ്പും കൂടിയായി. വീണ്ടും വന്നു പല പേരുകളിൽ, സ്വഭാവത്തിൽ ചുഴലിക്കാറ്റുകൾ.

ഈ വർഷവും കാലവർഷത്തിന് മുൻപ് തന്നെ വിവിധ ചുഴലിക്കാറ്റുകളെത്തി. തൗക്തേ, യാസ്, ടൗട്ടെ തുടങ്ങിയവ ആയിരുന്നു അത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ തീവ്രതയിൽ കേരളത്തിൽ കനത്ത മഴയാണ് ഉണ്ടായത്. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖാപിച്ചു. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യുനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായും രൂപാന്തരം പ്രാപിച്ചു. കേരള തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. അറബിക്കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ശക്തമായ മഴയും കടൽകയറ്റവും വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. 2019 ൽ പവൻ, മഹാ, ക്യാർ, ഹിക്കാ, വായു, ഫാനി, ബുൾ ബുൾ, പാബൂക്ക് 2020 ൽ ഉംപുൻ,അംഫൻ, നിസർഗ, ഗതി, നിവാർ, ബുറൈവി തുടങ്ങിയ കാറ്റുകളും തീരങ്ങൾ തൊട്ടു.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾ നൽകുന്ന സൂചനയെന്താണെന്നതിൽ ശാസ്ത്ര ലോകത്തിന് പോലും കൃത്യമായ ഉത്തരം ഇല്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ അഭയാർത്ഥികളായി നമ്മൾ മാറുകയാണോ എന്ന ചർച്ചകളും സജീവമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി കേരളത്തിലെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങൾ ദൃശ്യമാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇവിടെ ഉത്ഭവിച്ച കൊടുങ്കാറ്റുകളിൽ 52 ശതമാനം വർധനവ് ഉണ്ടായി. ചാക്രികമായി മലയാളികൾ അനുഭവിച്ചിരുന്ന കാലാവസ്ഥക്ക് സമൂലമായ മാറ്റം വന്നത് ഓഖി ചുഴലിക്കാറ്റിന് ശേഷമാണ്. ഇത്തരം കാറ്റുകൾ കേരളത്തിലെ മൺസൂണിനെ എങ്ങനെ ബാധിക്കുമെന്ന് ഇനി കണ്ടറിയണം.

നാളെ — മാറി മറിഞ്ഞ് ഋതുഭേദങ്ങൾ;കടലെടുക്കുന്ന കേരള തീരം

ENGLISH SUMMARY ;Marun­na Kadalum Maratha Manush­yarum seg­ment 2
YOU MAYA ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.