25 December 2024, Wednesday
KSFE Galaxy Chits Banner 2

‘അമ്മ’യ്ക്ക് നൂറ്റിപ്പതിനഞ്ചു വയസ്

ടി കെ ഗംഗാധരൻ
January 15, 2023 10:41 am

രുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ചൂഷണരഹിതമായൊരു ലോകത്തിന്റെ ശംഖനാദവുമായി സാഹിത്യലോകത്തിലേക്ക് കടന്നുവന്ന എഴുത്തുകാരനായിരുന്നു മാർക്സിം ഗോർക്കി. അദ്ദേഹം വിപ്ലവറഷ്യയുടെ മാത്രമല്ല, ആർത്തരും ആലംബഹീനരുമായ ലോകത്തിലെ മുഴുവൻ ജനതയുടെയും ഉള്ളുണർത്തുന്ന കഥാകാരനായിരുന്നു. ടോൾസ്റ്റോയിയും, തുർഗനേവും, ഡോസ്റ്റോവിസ്കിയും റഷ്യൻ സാഹിത്യത്തിലെ പർവ്വതശൃംഗങ്ങളായിരുന്നെങ്കിലും ലെനിന് മാർക്സിം ഗോർക്കിയോടായിരുന്നു പ്രത്യേക താൽപര്യം. ‘അമ്മ’ ലെനിന് ഏറ്റവും പ്രിയപ്പെട്ട നോവൽ രചനയായിരുന്നു.
പോപ്പും ചക്രവർത്തിമാരും പട്ടാളജനറൽമാരും അടക്കിവാണിരുന്ന ലോകത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്നതിന്റെ വേദനകളിലും ഒളിപ്രവർത്തനങ്ങളിലുമായിരുന്നു അക്കാലത്ത് ലെനിനും കൂട്ടുകാരും. കാറൽ മാർക്സിന്റെ സാമ്പത്തികതത്വശാസ്ത്രം വായിച്ചും പ്രസംഗിച്ചും തൊഴിലാളികളെ പഠിപ്പിച്ചും റഷ്യയുടെ ഭാവിഭാഗഥേയം നിർണ്ണയിക്കാൻ കരുക്കൾ നീക്കിയിരുന്ന ലെനിന്റെ വിപ്ലവ ചിന്തകൾക്ക് ഊക്കും ഊറ്റവും നൽകിയ നോവലായിരുന്നു ഗോർക്കിയുടെ അമ്മ. 

പ്രക്ഷുബ്ധവും എന്നാൽ പ്രതീക്ഷാനിർഭരവുമായൊരു കാലഘട്ടത്തെയാണ് ഗോർക്കി ‘അമ്മ’ യിൽ വരഞ്ഞു വച്ചിട്ടുള്ളത്. രചനയുടെ വസന്തം, ഋതുമൗനങ്ങൾ, സാങ്കേതികമായ കൃതഹസ്തത എന്നൊക്കെ വിശേഷിപ്പിക്കാവുന്നതിനപ്പുറം ചൂഷണം ചെയ്യപ്പെടുകയും വേലയെടുത്തിട്ടും വിശപ്പ് സഹിച്ചുറങ്ങുകയും ചെയ്യുന്ന വർഗ്ഗത്തിന്റെ സ്വപ്നങ്ങളും ഭാഗധേയങ്ങളുമായിരുന്നു ഗോർക്കിയുടെ നോവലിന്റെ വിഷയം. ലോകസാഹിത്യത്തിൽ ‘അമ്മ’ യുടെ സവിശേഷതയും ഇതു തന്നെയാണ്.
‘അമ്മ’യുടെ രചന ഗോർക്കി തുടങ്ങുന്നത് 1906 ജൂണിലായിരുന്നു. അക്കാലത്ത് അമേരിക്കയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ന്യൂയോർക്കിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ആപ്പിൾട്ടൺ’ മാസികയിലാണാ നോവൽ ആദ്യമായി വെളിച്ചം കണ്ടത്. 1902ലെ മെയ്ദിനത്തിലാണ് ഗോർക്കി ‘അമ്മ’ എഴുതാൻ തീരുമാനിച്ചത്. അന്ന് റഷ്യയിൽ സാർ ചക്രവർത്തിയുടെ കിരാത ഭരണമായിരുന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രകടനക്കാരെ ക്രൂരമായാണ് ഭരണകൂടം എതിരിട്ടത്. സമരത്തെ നയിച്ചത് പ്യോഞ്ഞർ സലൊമൊവും, അദ്ദേഹത്തിന്റെ അമ്മ അന്നകിരീലൊവ്നയും. അവരാണ് ഗോർക്കിയുടെ പ്രധാന കഥാപാത്രങ്ങൾ. അമ്മയിലെ അമ്മയും മകനും. അധ്വാനവർഗ്ഗത്തിന്റെ സമരമുഖത്തിന് ഗോർക്കി സാഹിത്യലോകത്ത് പറിച്ചുനട്ട രണ്ട് സഖാക്കളാണ് അമ്മയും മകനും. പറിച്ചുനട്ടു എന്നല്ല, മഹാനായ എഴുത്തുകാരൻ പീഡിതരുടെ ലോകത്ത് പുതിയൊരമ്മയേയും മകനേയും സൃഷ്ടിച്ചു എന്നാണ് പറയേണ്ടത്.
മനുഷ്യന്റെ ഭൗതികമായ വികാസപരിണാമങ്ങൾക്കുമേൽ ഭരണകൂടം പ്രയോഗിക്കുന്ന അധികാരവും നീതി പീഠങ്ങളും നിയമങ്ങളും നിർവഹിക്കുന്ന നിയന്ത്രണവും പീഡനങ്ങളും, നിലവിലുള്ള സൗന്ദര്യബോധത്തെ മറികടന്നുകൊണ്ട് മനുഷ്യനേയും അവന്റെ ഭാവിയേയും
കുറിച്ച് ഗോർക്കിക്കുള്ള നിലപാടുകളും ദർശനങ്ങളുമാണ് ‘അമ്മ’യിൽ നാം വായിക്കുന്നത്. 

നല്ല നാളെയുടെ ഹൃദയം കത്തിയെരിയുന്ന ‘അമ്മ’യെ ലോകത്തിന് കാഴ്ചവച്ച എഴുത്തുകാരനാണ് ഗോർക്കി. ലോകസാഹിത്യത്തിൽ ‘അമ്മ’ ഒരു ഉയിർത്തെഴുന്നേൽപ്പായിരുന്നു. നവലോകത്തിന്റെ ശോണ നക്ഷത്രം. വൈകാരിക ഭാവങ്ങൾ ഉൾക്കൊണ്ട മനുഷ്യകുലത്തിന്റെ മാതാവ്! അതിനുമുൻപൊന്നും പോരാളിയായ ‘അമ്മ’യെ സാഹിത്യകൃതികളിൽ കണ്ടിട്ടില്ല. പീഡിതരുടെ ജീവിതകഥ പറയുന്നൊരു സാഹിത്യകൃതി ഉദയം ചെയ്തിട്ടില്ല. നിസ്വവർഗ്ഗത്തിന്റെ പോരാട്ടങ്ങളിൽ സാഹിത്യകാരൻ ഇടപെട്ടിട്ടില്ല.
സാഹിത്യലോകത്തിലെ പെരുമാക്കന്മാരെ അവഗണിച്ച്, ആദ്യമായി, നിങ്ങൾ ആർക്കുവേണ്ടി, എന്തിനുവേണ്ടി എഴുതുന്നു എന്ന് ചോദിച്ച ധിക്കാരിയായ എഴുത്തുകാരനായിരുന്നു മാക്സിം ഗോർക്കി. പണ്ടും സ്ത്രീ കഥാപാത്രങ്ങൾ സാഹിത്യകൃതികളിൽ വിരചിതമായിട്ടുണ്ട്. അവരൊക്കെ പൊൻകാപ്പുകളും പൂമാലകളുമണിഞ്ഞ സുവർണമുഖികളായിരുന്നു. ഗോർക്കി കാല്പനികതയെ ഉൾക്കൊണ്ടു തന്നെ റിയലിസ്റ്റിക് ശൈലിയിൽ അവതരിപ്പിച്ച നിസ്വവർഗത്തിന്റെ ജീവിത കഥയാണ് ‘അമ്മ’.
ഇല്ലായ്മയുടെ നോവും നൊമ്പരങ്ങളും ആലേഖനം ചെയ്ത കേവലമൊരു ജീവിതഗന്ധിയായ രചനയല്ല ഗോർക്കിയുടെ ‘അമ്മ’. വർണക്കിന്നരിവച്ച ഭാഷാ പ്രയോഗങ്ങളില്ലാതെ, ജീവിതസമരങ്ങളിലൂടെ മുന്നോട്ട് പായുന്ന മനുഷ്യകുലത്തിന്റെ ഉജ്ജ്വലമായ ചിത്രീകരണമാണ് ഗ്രന്ഥകാരൻ ‘അമ്മ’യിൽ നിർവഹിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യാനുഭവങ്ങളുടെ ചൂടും ചൂരുമുള്ള സാഹിത്യസൃഷ്ടികളെ ‘തുപ്പൽക്കോളാമ്പി സാഹിത്യം’ എന്നു പുച്ഛിച്ച് തള്ളിയ കേരളത്തിലെ വ്യവസ്ഥാപിത സാഹിത്യത്തമ്പുരാക്കന്മാർക്ക് ഗോർക്കിയുടെ ‘അമ്മ’യെ ഉൾക്കൊള്ളാൻ കഴിയാതെ പോയത്. 

സഹനസമരങ്ങളിലൂടെ അദ്ധ്വാനവർഗത്തിനു വരുന്ന മാറ്റം എത്ര ഗാഢവും ചരിത്രപരമായി എത്ര അനിവാര്യവുമാണെന്നാണ് ഗോർക്കി അമ്മയിലൂടെ ലോകത്തോട് പറയുന്നത്. ‘അമ്മ’ വെറുമൊരു പ്രചാരവേലയായി കാണുന്ന പല സാഹിത്യ നിരൂപകരും അന്നും ഉണ്ടായിരുന്നു, ഇന്നും ഉണ്ടെന്നു പറയാം. ‘അമ്മ’ പ്രസിദ്ധീകരിച്ച ആദ്യവർഷങ്ങളിൽ ഉജ്ജ്വലവരവേൽപ്പാണാരചനയ്ക്ക് കിട്ടിയത്. അന്ന് അതിന്റെ കോപ്പികൾ കിട്ടാൻ വായനക്കാർ ഉഴറി. ബ്രിട്ടനിലെയും, ഫ്രാൻസിലെയും ബുക്സ് സ്റ്റാകൾക്കു മുന്നിൽ ആയിരങ്ങൾ കാത്തുനിന്നു. സാഹിത്യത്തമ്പുരാക്കന്മാർക്ക് ആ കാഴ്ച ദഹിച്ചില്ല. അവരുടെ മുഖം വിളറി. കാലത്തിനു വരുന്ന മാറ്റത്തെപ്പറ്റിയറിയാത്ത അവർ മനസിൽ കലാപം കൂട്ടി.
‘അമ്മ’യുടെ വരവോടെ സാഹിത്യകൃതികൾ ജീവിതഗന്ധിയാവണം എന്ന ആശയം പൊട്ടിപ്പടരാൻ തുടങ്ങി. കല, കലയ്ക്ക് വേണ്ടിയല്ല, ജീവിതത്തിനു വേണ്ടിയാണെന്ന ചിന്ത പ്രബലമായി. പുരോഗമന സാഹിത്യസമ്മേളനങ്ങളിൽ ‘അമ്മ’ ചർച്ചാവിഷയമായി. പുതിയ സംവാദങ്ങളുണ്ടായി. പുതിയ സംശയങ്ങളും ചേരികളും ഉരുത്തിരിഞ്ഞുവന്നു.
അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ സഖാക്കൾ ഗോർക്കിയുടെ ‘അമ്മ’യെ ഉയർത്തിപ്പിടിച്ചു സോഷ്യലിസ്റ്റ് ചിന്തകരുടെയും സമാധാനവാദികളുടെയും നിരകൾക്ക് ‘അമ്മ’ ശക്തി പകർന്നു. സമരാങ്കണങ്ങളിൽ പുതിയ പതാകയും പിടിച്ച് മാർച്ച് ചെയ്യുന്ന തൊഴിലാളി വർഗത്തിന് ഊറ്റം പകരാൻ കൂടെയുണ്ടാവുമെന്ന് ‘അമ്മ’യിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട എഴുത്തുകാർ സത്യപ്രതിജ്ഞയെടുത്തു സാഹിത്യം വെടിവട്ടമല്ല, അതൊരു ചിത്രത്തയ്യലല്ല, നാലും കൂട്ടി മുറുക്കലല്ല, പൂരക്കാഴ്ചയല്ല, അതിലെ ഓരോ അക്ഷരങ്ങളും അഗ്നിയായിരിക്കണം, സാമൂഹ്യസംഘഷർത്തിന്റെ ഉല്പന്നമായിരിക്കണം എന്ന് ‘അമ്മ’യെ വായിച്ച എഴുത്തുകാർ ലോകത്തോട് വിളിച്ചു പറഞ്ഞു. 

നിലിനിൽക്കുന്ന അധികാരവർഗത്തിന്റെ സർപ്പദൃഷ്ടികളിലേക്ക് നോക്കി അമ്മയുടെ മകൻ പാവേൽ എന്ന ധീരൻ വിളിച്ചു പറഞ്ഞതിന്നും ചക്രവാളങ്ങളിൽ മുഴങ്ങുന്നുണ്ട്. ‘മനുഷ്യനെ നിങ്ങൾ ജീവിതത്തിൽനിന്നും അടർത്തിമാറ്റി അവനെ നശിപ്പിച്ചു. നിങ്ങൾ നശിപ്പിച്ച ലോകത്തെ സോഷ്യലിസം മറ്റൊരു ലോകമായി പുതുക്കിപ്പണിയും. തീർച്ചയായും നമ്മുടെ കൺമുന്നിലതു സംഭവിക്കുകതന്നെ ചെയ്യും! ”
സ്വന്തം മകനും കുടുംബവും ഉൾക്കൊള്ളുന്ന ലോകം പുതുക്കിപ്പണിയണമെന്ന് പറയുന്ന അമ്മ ‘പിലഗേയ നീലൊവ്ന’യ്ക്ക് മനുഷ്യന്റെ ഭാവിയിൽ ഗാഢവിശ്വാസമായിരുന്നു. ജീവിതം തളിർത്തും പൂത്തും വികസിക്കുമെന്ന് വിശ്വസിച്ച നിസ്വവർഗത്തിന്റെ മാതാവ്! രക്തത്തിന്റെ സമുദ്രങ്ങൾക്കുപോലും സത്യത്തെ മുക്കിക്കൊല്ലാൻ കഴിയില്ലെന്ന് മനസിൽ കൊത്തിവച്ച ലോകത്തിന്റെ ‘അമ്മ’!
മനുഷ്യത്വമില്ലാത്ത കോടതി മകനെ സൈബീരിയയിലെ മരണത്തണുപ്പിലേക്ക് ജീവപര്യന്തം നാടുകടത്തുന്നു എന്നു വിധിച്ചപ്പോൾ കണ്ണീർ വാർക്കുന്ന, കൈകൂപ്പി രക്ഷിക്കണേയെന്നു യാചിക്കുന്ന അമ്മയെയല്ല ഗോർക്കി സൃഷ്ടിച്ചത്. കോടതി വിധി അമ്മയിൽ പുതിയ ഉണർവും സ്ഥൈര്യവുമാണ് വളർത്തിയത്. ലോകം പുതുക്കിപ്പണിയാനുള്ള യജ്ഞത്തിൽ ഇടപെട്ടുകൊണ്ട് അമ്മ ആയുസ് സഫലമാക്കി. വിപ്ലവകാരിയായ മകന്റെ പ്രസംഗം ലഘുലേഖയായി അച്ചടിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയി. യാത്രയ്ക്കിടയിൽ സർക്കാർ ചാരന്മാർ അവരെ ബന്ദിയാക്കി. ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് മണ്ണിൽ വീഴുമ്പോഴും അമ്മ ഉറക്കെ പറഞ്ഞു:
”പുതുജീവൻ നേടിയ ആത്മാവിനെ കൊല്ലാൻ ലോകത്തിലൊരു ശക്തിക്കും സാദ്ധ്യമല്ല!”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.