January 28, 2023 Saturday

മെസിയൊ മെക്സിക്കോയൊ?

സുരേഷ് എടപ്പാൾ
November 25, 2022 10:24 pm

പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന് പൊടുന്നനെ ചാരമായി മാറിയ അർജന്റീന ഇന്ന് ഉയർത്തെഴുന്നേൽക്കുമോ ?. സകല ശക്തിയും സമാഹരിച്ച് ഫീനിക്സ് പക്ഷിയെ പോലെ കാൽപന്തിന്റെ നീലാകാശത്ത്ചിറകടിച്ച് ഉയരുമോ? അതോ ലു­സൈ­ൽ സ്റ്റേഡിയത്തിൽ മെ­ക്സിക്കൻ തിരമാലകളിൽ ആടി ഉലയുമോ.. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിൽ സൗദിഅറേബ്യയിൽ നിന്നും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ മെസിക്കും കൂട്ടർക്കും ഇന്നത്തെ പോരാട്ടം ജീവൻ മരണമാണ്. ലോക മെമ്പാടുമുള്ള അർജന്റീന ആരാധകാർക്ക് വിജയം ജീവവായുവും. ഇന്നും തോല്‍ക്കുകയോ അല്ലെങ്കില്‍ സമനില പാലിക്കുകയോ ചെയ്താല്‍ അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രശ്‌നം തുലാസിലാവും. കാരണം അവസാന കളി കരുത്തരായ പോളണ്ടിനെതിരെയാണെന്നതാണ്. ആദ്യ കളിയില്‍ തോറ്റതിന്റെ സമ്മര്‍ദ്ദം അര്‍ജന്റീനയ്ക്കുണ്ട്. പോളണ്ടുമായുള്ള മത്സരം സമനിലയിൽ കുടുങ്ങിയ കോൺകാഫ് ടീമായ മെക്സിക്കോയ്ക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ജയിച്ചാൽ പ്രീ ക്വാർട്ടറിന് വളരെ അടുത്തെത്താം. പോളണ്ടുമായി സമനിലയിലായ മെക്സിക്കോയ്ക്ക് നിലവില്‍ ഒരു പോയിന്റുണ്ട്. അതിനാല്‍ തന്നെ അര്‍ജന്റീനയ്ക്കെതിരെ സമനില പിടിച്ചാലും മെക്സിക്കോയ്ക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രതീക്ഷയര്‍പ്പിക്കാം.

വിജയകണക്കുകളുടെ ചരിത്രം പരിശോധിച്ചാൽ അർജന്റീനയ്ക്ക് വലിയ മേൽക്കൈ ഉണ്ടെങ്കിലും സൗദിയിൽ നിന്നേറ്റ തോൽവി അവരെ വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. 35 മത്സരങ്ങളിൽ 16 എണ്ണത്തിൽ ലാറ്റിൻ ടീമാണ് ജയിച്ചത്. മെക്സിക്കോയ്ക്ക് അഞ്ച് വിജയം. ഒടുവിൽ സൗഹൃദ മത്സരത്തിൽ 4–0 മെസിപ്പട മിന്നിയപ്പോൾ ലൗട്ടാറൊ മാർട്ടിനസ് ഹാട്രിക് നേടിയിരുന്നു. സൗദി അറേബ്യക്കെതിരെ തികഞ്ഞ മേധാവിത്വം പുലര്‍ത്തിയിട്ടും പെനാല്‍റ്റിയിലൂടെ മെസി ആദ്യം ടീമിനെ മുന്നിലെത്തിച്ചിട്ടും തോല്‍വിയിലേക്ക് വീഴുകയായിരുന്നു. അപ്രതീക്ഷിത അതിവേഗ പ്രത്യാക്രമണങ്ങളിലൂടെയാണ് സൗദി അറേബ്യ അര്‍ജന്റീനയുടെ കൊമ്പൊടിച്ചത്. മെസിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി മരിയയും ഉള്‍പ്പെട്ട താരനിര ഇന്ന് ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ മെക്‌സിക്കോയെ മറികടന്ന് മൂന്ന് പോയിന്റ് നേടുക എളുപ്പമാവില്ല.

മറുവശത്ത് ആദ്യ കളിയില്‍ പോളണ്ടിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ. ലോകത്തിലെ ഏറ്റവും മികച്ച ഗോളികളിലൊരാളായ ഗ്വില്ലര്‍മൊ ഒച്ചാവോ എന്ന അതിമാനുഷന്‍ ഗോള്‍വലയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മെസിക്കും സംഘത്തിനും ഏറെ വിയര്‍ക്കേണ്ടിവരും ഗോള്‍ വല ചലിപ്പിക്കാന്‍. ഹെക്ടര്‍ ഹെരേരയും അലക്‌സിസ് വേഗയും ഹിര്‍വിങ് ലൊസാനോയും ലൂയിസ് ഷാവേസും ഉള്‍പ്പെടുന്ന താരനിര തങ്ങളുടേതായ ദിനത്തില്‍ ഏത് വമ്പന്മാരേയും കീഴടക്കാന്‍ കെല്പുള്ളവരുമാണ്.

പോളണ്ട്-സൗദി അറേബ്യ

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത സൗദി അറേബ്യ ഇന്ന് ഗ്രൂപ്പ് സിയില്‍ രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. കരുത്തരായ പോളണ്ടാണ് എതിരാളികള്‍. ഇന്നും വിജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. അതേസമയം ആദ്യ കളിയില്‍ മെക്സിക്കോയോട് സമനില പാലിച്ച പോളണ്ടിന് ഇന്ന് ജയം അനിവാര്യമാണ്. എന്നാല്‍ ഇന്ന് പോളണ്ടിനെ നേരിടാനിറങ്ങുന്ന സൗദി നിരയില്‍ പ്രതിരോധത്തിലെ കരുത്തന്‍ യാസര്‍ അല്‍ ഷഹ്‌റാനിയുടെ അഭാവം നിഴലിക്കാന്‍ സാധ്യതയുണ്ട്. അര്‍ജന്റീനക്കെതിരായ കളിക്കിടെ പരിക്കേറ്റ താരം ചികിത്സക്കായി ജര്‍മനിയിലേക്ക് പറന്നിരുന്നു.

അര്‍ജന്റീനക്കെതിരെ ഗോളടിച്ച അല്‍ ഷെഹ്‌രിയും അല്‍ ദൊസാരിയുമാണ് ഇന്നും സൗദിയുടെ മുന്നേറ്റത്തെ നിയന്ത്രിക്കുക. മറുവശത്ത് മെക്‌സിക്കോക്കെതിരെ ആദ്യ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി പാഴാക്കിയിരുന്നു. മാത്രമല്ല മികച്ച ഫോമിലുമായിരുന്നില്ല ഈ കളിയില്‍ ലെവന്‍ഡോസ്‌കി. ഇന്ന് സൂപ്പര്‍ താരം മിന്നിയാല്‍ പോളണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ട്. എന്നാല്‍ അപ്രതീക്ഷിത അതിവേഗ കൗണ്ടര്‍ അറ്റാക്കിങ് നടത്തുന്ന സൗദിയെ ഏറെ കരുതലോടെ നേരിട്ടേ മതിയാകൂ. അല്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് സംഭവിച്ചപോലെ തോല്‍വി ഏറ്റുവാങ്ങേണ്ടി വരും.

Eng­lish Summary:Messi or Mexico?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.