22 December 2024, Sunday
KSFE Galaxy Chits Banner 2

സൗന്ദര്യം നഷ്ടപ്പെടുന്ന മനസുകൾ

അജിത് കൊളാടി
വാക്ക്
May 7, 2022 5:20 am

‘മനുഷ്യൻ’ എത്ര സുന്ദരമായ പദം, മാക്സിം ഗോർക്കി പറഞ്ഞതാണ്. മനുഷ്യൻ സുന്ദരനാണ്, സുന്ദരിയാണ്. ഉറൂബ് മനുഷ്യരെ സുന്ദരികളെ, സുന്ദരന്മാരെ എന്നു വിളിച്ചു. പല വിശ്രുത സാഹിത്യകാരന്മാരും ചിന്തകരും മനുഷ്യന്റെ സൗന്ദര്യം വർണിച്ചു. ഇന്നത്തെ സ്ഥിതിയോ? പലരുടെയും മനസ് ഇന്ന് ഖേദമനസാണ്. ഈ കാലത്തെ വികൃതമായ മനസിന് വ്യാജങ്ങളെ മാത്രമെ ഉൾക്കൊള്ളാൻ പറ്റുകയുള്ളു. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന സംഭവങ്ങൾ നിരീക്ഷിച്ചാൽ അതു മനസിലാക്കും. രാഷ്ട്രീയ, സാമൂഹ്യ, മത നേതൃത്വങ്ങളിലെ പലരും മലീമസമായ ഭാഷ ഉപയോഗിക്കുന്നു. വൃത്തിഹീനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സത്യത്തെക്കുറിച്ച് ചുണ്ടും പേനയും പറയുന്നുണ്ട്. പക്ഷെ പലരുടെയും മനസ് അതിൽ നിന്ന് അകലെയാണ്.

ഇന്നു ഭൂരിഭാഗത്തിനും ഭേദബുദ്ധിയാണ്. വർഗീയമായി ചിന്തിക്കുന്ന മനസുകൾ പെരുകുന്നു. വർഗീയത വിഷമല്ല, അത് വിഷ വൃക്ഷമായിട്ട് കാലങ്ങൾ ഏറെയായി. ജനാധിപത്യം ദൈവാധിപത്യമായി മാറുന്നു, ഈ കാലത്ത്. അതിന്റെ വേരുകൾ എല്ലായിടത്തും വ്യാപിച്ച് മറ്റൊന്നിനെയും വളരാൻ അനുവദിക്കാത്ത സ്ഥിതിയായി. രാഷ്ട്രീയ നേതൃത്വങ്ങൾ പോലും അവരുടെ മുന്നിൽ തലയുയർത്തി നിന്ന് അവരെ നേരിടാൻ തയാറാകുന്നില്ല. ഈ വിനാശ വൃക്ഷത്തെ എല്ലാവരും വെള്ളവും വളവും കൊടുത്ത് വളർത്തി വലുതാക്കിക്കൊണ്ടിരിക്കുന്നു. ഈ പരിവർത്തനത്തിന്റെ ഫലമായി ഐക്യദർശനത്തിന് വേരില്ലാതെയും അനൈക്യദർശനത്തിന് പതിനായിരം വേരും വേരിന്മേൽ വേരും ഉണ്ടാകുന്നു.


ഇതുകൂടി വായിക്കൂ: മനുഷ്യൻ മനുഷ്യനാകണം


നമ്മുടെ ഭരണഘടന ഒരു സുന്ദര സമൂഹത്തെ സ്വപ്നം കാണുന്നു. പക്ഷെ ഇന്ന് ഭരണാധികാരികളടക്കം ഭരണഘടനയെ ബഹുമാനിക്കുന്നില്ല. ഇന്ന് മതം രാഷ്ട്രീയമായി, രാഷ്ട്രീയം മതവുമായി. അതാണ് സ്വതന്ത്ര ഭാരതത്തിൽ സംഭവിച്ച ഏറ്റവും ഭീകരമായ താഴ്ച്ച. ഈ അധിക്ഷേപത്തിന് അർഹരാണ് പല രാഷ്ട്രീയ, സാമൂഹ്യ, മത നേതൃത്വവും. ഏറ്റവും ഉന്നതമായ മതം ഭൂമിയിൽ മനുഷ്യർ സഹോദരർമാർക്കൊപ്പം ജീവിക്കലാണ്. അതു സാധ്യമാകരുത് എന്ന നിർബന്ധ ബുദ്ധിയോടെയാണ്, ഫാസിസ്റ്റ്, മൂലധന ശക്തികളുടെയും മതമൗലികവാദികളുടെയും വളരെ ഇടുങ്ങിയ മനസുകളുള്ള പല നേതൃത്വങ്ങളുടെയും പ്രവർത്തനവും വാക്കും.

സമൂഹത്തിന്റെ മേലുള്ള നീലാകാശത്തിന്റെ അനശ്വര സൗന്ദര്യം നുകരാൻ അവർ സമ്മതിക്കില്ല. അത് ഒരു മഹാഭാവനയാണ്. സാഹോദര്യവും സ്നേഹവും എങ്ങും പൂത്തുലയുമ്പോൾ അത് വലിയ പ്രതിഭാശക്തിയുടെ നിദർശനമാകുന്നു. അത്തരം ഒരു അവസ്ഥ സൗന്ദര്യം നഷ്ടപ്പെട്ട മനസുകൾക്ക് ഇഷ്ടമല്ല. അവർക്ക് അവരുടെ സ്വാർത്ഥ താല്പര്യമാണ് പ്രമുഖം. അധികാരമാണ് പ്രമുഖമായിട്ടുള്ളത്. അത് നേടാൻ ജനങ്ങളെ ഭിന്നിപ്പിക്കണം. സൗന്ദര്യം ഇല്ലാത്ത പ്രവർത്തികൾ നിരന്തരം ചെയ്യണം, മലീമസമായ വാക്കുകൾ നിരന്തരം പ്രയോഗിക്കണം.


ഇതുകൂടി വായിക്കൂ: പ്രപഞ്ചമനുഷ്യൻ


മതത്തിന് സൗന്ദര്യം ഉണ്ട്. പക്ഷെ ഈ സൗന്ദര്യം എല്ലാം ചോർന്ന് വികൃതമായി, പൗരോഹിത്യ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ദുരാഗ്രഹത്തിന്റെയും ഗർവിന്റെയും ഫലമായി. മതങ്ങളുടെ ധർമ്മം മനുഷ്യനെ നന്നാക്കലാണ് എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ ലോകത്ത് സംഭവിച്ചത് മറിച്ചായി. മനുഷ്യനെ നന്നാക്കാൻ മതം ശ്രമിച്ചെങ്കിലും അത് ഫലിച്ചില്ല. മറിച്ച്, മതമേതായാലും അതിനെ ചീത്തയാക്കാൻ മനുഷ്യനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും മതങ്ങൾ അസഹിഷ്ണുതയുടെ, വെറുപ്പിന്റെ മതങ്ങളായി തഴച്ചുവളരുന്നത്. മതം ഇന്ന് പരസ്പര കലഹത്തിനു ഹേതുവായി. പക്ഷെ ഈ കാലത്ത് പലരും കലഹം വർധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നു.

രാജ്യം ഇന്ന് ദൗർഭാഗ്യ പാരമ്യതയിൽ എത്തിചേർന്നത്, നമ്മുടെ സ്വപ്നങ്ങൾ മാറി പോയതുമൂലമാണ്. ഇന്ന് ഏതു മാർഗം ഉപയോഗിച്ചും ജനങ്ങളെ വഞ്ചിച്ച് സമ്പത്ത് കുന്നുകൂട്ടലിലാണ് പലരുടെയും താല്പര്യം. വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. അധികാരങ്ങൾ നിലനിർത്താനും സുഖസൗകര്യങ്ങൾ വർധിപ്പിക്കാനും ഏതു ഹീനമാർഗവും സ്വീകരിക്കുന്നു. ഈ മാറ്റം നമ്മുടെ മനസിനെ ചെറുതാക്കി. വാക്കിനെ ചീത്തയാക്കി. കർമ്മത്തെ നിഷ്ഫലമാക്കി. നാടിനെ നാശമാക്കി.


ഇതുകൂടി വായിക്കൂ: മനുഷ്യൻ എന്ന ലഹരിയിൽ അല്പനേരം


ഗാന്ധിജിയും ഗുരുദേവനും മാർക്സും പ്രഭാഗോപുരങ്ങൾ ആയിരുന്നു. അങ്ങനെ പലരിൽ നിന്നും പ്രസരിച്ച ചൈതന്യമേറ്റ് ഇന്നാട്ടിലെ സാധാരണക്കാർ പോലും അസാധാരണമായ ത്യാഗത്തിന്റെയും സേവനത്തിന്റെയും സാഹോദര്യത്തിന്റെയും ജ്യോതിർഗോളമായി മാറി. ഇന്ന് ചൈതന്യമുള്ളവർ വിരളം. ഇന്ന് ധൈര്യമുള്ളവർ വിരളം ഭീരുക്കളാണ് കൂടുതൽ, നെഞ്ചിനു വീതിയുണ്ട് എന്ന് പറയുന്ന ഫാസിസ്റ്റുകളടക്കം. സത്യം പറയുന്നവർ വളരെ വിരളം. വികൃത മനസുകൾ എപ്പോഴും ഭീരുക്കളാണ്.

ഇവിടെ സത്യസന്ധമായി ജീവിക്കുന്നവരുണ്ട്. ചുറ്റുമുള്ള മലീമസമായ അന്തരീക്ഷത്തിൽ അവർ ശ്വാസംമുട്ടുന്നു. അതിനകത്ത് പിടയുന്ന ജീവിതത്തിന്റെ വേദനയുണ്ട്. എങ്ങനെ ഒരു മനുഷ്യൻ ഒരു സാംസ്കാരിക ചരിത്ര സന്ദർഭങ്ങളിൽ തന്റെ ആത്മാവിനെ നിരന്തരം വഞ്ചിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു എന്നും എങ്ങനെ തന്നെ വേദനിപ്പിച്ചുകൊണ്ട്, തന്നെ തന്നെ ക്രൂശിച്ചുകൊണ്ട് ജീവിക്കുന്ന ഒരാളുടെ വേദന ലോകം അറിയേണ്ടേ? പക്ഷെ ആര് അത്തരക്കാരെ മനസിലാക്കുന്നു.


ഇതുകൂടി വായിക്കൂ: മനുഷ്യൻ.. പ്രകൃതി ജീവിതം


ഇന്ന് ലോകത്തിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ജീവിതരീതികളിലും ഭാഷയിലും പ്രതിഫലിക്കുന്നു. പ്രണയ ഭാഷയും പ്രസംഗഭാഷയും വീട്ടിൽ സംസാരിക്കുന്ന ഭാഷയും അസംബ്ലിയിലും മറ്റും സംസാരിക്കുന്ന ഭാഷയും നന്നേ മാറി. ഭാഷക്ക് സൗന്ദര്യം നഷ്ടപ്പെടുന്നു. അനവധി വർണങ്ങൾ മോടിപിടിപ്പിച്ച ഒരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്നാൽ ഈ ആർഭാടവും ഉത്സവവും പുറമെ കാണുന്നത് മാത്രമാണ്. പലരുടെയും ഉള്ളിൽ സൗന്ദര്യമില്ല. ജീവിതത്തിനുള്ളിൽ ഇരുട്ടു മാത്രമെ ഉള്ളു. മതസൗഹാർദ്ദം നശിക്കുന്നു, പ്രകൃതി നശിക്കുന്നു, തൊഴിലില്ലാ പട വർധിക്കുന്നു, അസൂയയും അസഹിഷ്ണുതയും പെരുകുന്നു, മലീമസമായ വാക്കുകളുടെ, പ്രവർത്തികളുടെ അണമുറിയാത്ത പ്രവാഹം, അരക്ഷിതാവസ്ഥ വർധിക്കുന്നു, അക്രമങ്ങൾ വർധിക്കുന്നു. ഇന്ന് പലർക്കും ജീവിതം പ്രദർശനമാണ് ആഘോഷമാണ്. പക്ഷെ ഉള്ളിൽ ആധിയാണ്. ഈ അവസ്ഥ സൃഷ്ടിക്കുന്നതിൽ മത, രാഷ്ട്രീയ, സാമൂഹ്യ നേതൃത്വം വിജയിക്കുന്നു.

വിഭാഗീയതയുടെ താല്പര്യങ്ങൾക്ക് പ്രാധാന്യമുള്ള വില കുറഞ്ഞ അനേകം വേലിക്കെട്ടുകൾ, പരസ്പരം വേർതിരിക്കുന്ന ഈ രാജ്യത്ത് വിശാലമായ ജീവിത സങ്കല്പം അസംതൃപ്തമായി നിലകൊള്ളുന്നു. യഥാർത്ഥ ജീവിതവുമായി വിനിമയത്തിനുള്ള അവസരം ഛിദ്രശക്തികൾ, വികൃത മനസുകൾ നമുക്ക് നിഷേധിക്കുന്നു. ഇന്നത്തെ മത, സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വില കുറഞ്ഞ ലഹരിയോടാണ് പലർക്കും ഇഷ്ടം. സാമൂഹ്യ, രാഷ്ട്രീയ, മത പ്രസ്ഥാനങ്ങളുടെ എല്ലാം ഉന്നതങ്ങളിൽ, സുന്ദരമായ സത്യവും. സ്നേഹവും ധർമ്മവും നിലനിൽക്കുന്നു. അതൊന്നും കാണാൻ ആർക്കും താല്പര്യമില്ല. ഇവിടെ വക്രബുദ്ധികൾ വിഹരിക്കുന്നു.


ഇതുകൂടി വായിക്കൂ: വ്യക്തിത്വ വികസനവും സാമൂഹ്യ ജീവിതവും


ആശയങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ ആളുകളെ നശിപ്പിക്കുക എന്നാണ് മൂഢസ്ത്രം. അത്തരക്കാർ വിഡ്ഢിത്തം വിളമ്പി മനസ് വികൃതമാക്കും. അവരുടെ ആത്മീയത തലകുത്തി വീഴും. ഭീരുത്വത്തിന്റെ വഴി അവർ സ്വീകരിക്കുന്നു. വിഷംകൊടുത്ത് ഒരു സോക്രട്ടീസിനെ കൊല്ലാമെന്ന് കരുതിയവരുടെ പാരമ്പര്യം. ഒരു വെടിയുണ്ടകൊണ്ട് ഗാന്ധിജിയെ വധിക്കാമെന്ന് കരുതിയവരുടെ പാരമ്പര്യം.

സ്നേഹമില്ലാതെ വരുമ്പോൾ സ്നേഹമൊരു സ്വപ്നവും ഭക്ഷണമില്ലാതെ വരുമ്പോൾ ഭക്ഷണം ഒരു സ്വപ്നവും സ്വാതന്ത്ര്യമില്ലാതെ വരുമ്പോൾ സ്വാതന്ത്ര്യം ഒരു സ്വപ്നവുമായി തീരും. അതാണ് മനസിൽ സൗന്ദര്യമില്ലാത്തവർ ആഗ്രഹിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയവന്റെ സ്വപ്നം സ്വാതന്ത്ര്യമല്ല എന്നു പറയാനുള്ള സ്വാതന്ത്ര്യ ബോധം, തീർച്ചയായിട്ടും സ്വാതന്ത്ര്യം കിട്ടിയ ജനങ്ങൾക്കുണ്ടാകേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.