26 April 2024, Friday

പ്രപഞ്ചമനുഷ്യൻ

അജിത് എസ് ആർ
September 26, 2021 11:12 am

പ്രപഞ്ചോൽപ്പത്തിയിലെ ആദ്യത്തെ 3 മിനിറ്റിന് ശേഷം ‘സൃഷ്ടിക്കപ്പെട്ട പ്രപഞ്ച’ത്തിന്റെ കഥ പറയുന്ന പുസ്തകം 1998ല്‍ പുറത്തിറക്കുമ്പോള്‍ അത് സ്വന്തം മകള്‍ ഹംസത്തിനാണ് താണു പദ്മനാഭന്‍ സമര്‍പ്പിച്ചത്. ‘പുസ്തകങ്ങളെഴുകുന്നതിനേക്കാള്‍ അവളോടൊപ്പം എപ്പോഴും കളിച്ചുകൊണ്ടിരിക്കണമെന്ന് വാശി പിടിക്കുന്ന മകള്‍ക്കൊപ്പം കളിക്കാന്‍ വേണ്ടിയെഴുതിയ പുസ്തക’ മെന്നാണ് പദ്മനാഭന്‍ അതിന്റെ ആമുഖത്തില്‍ കുറിച്ചത്. കഠിന ശാസ്ത്രത്തിന്റെ പടുഭാഷകളൊന്നുമില്ലാതെ അതീവഹൃദ്യവും ലളിതവുമായി പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും വികാസവും ശാസ്ത്രയുക്തിയും പരിചയപ്പെടുത്തുന്ന പുസ്തകമാണത്. ‘ഭൗതികശാസ്ത്രത്തിന്റെ കഥ’ കോമിക് ചിത്രകഥാ രൂപത്തില്‍ അവതരിപ്പിച്ചതും ലോകം ഉറ്റുനോക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ താണു പദ്മനാഭന്‍ തന്നെയായിരുന്നു. ശാസ്ത്രീയയുക്തിയാണ് ആധുനികമാനവികതയുടെ അടിത്തറയെന്ന് ഉറക്കെപ്പറയുന്ന ഈ സവിശേഷതകള്‍ തന്നെയാണ് ഇന്ത്യൻ ശാസ്ത്രബോധം കെട്ടുകെട്ടി കാശിക്കുപോകുന്ന പുത്തൻകാലത്ത് താണു പദ്മനാഭനെ വ്യത്യസ്തനാക്കിയതും.

തിരുവനന്തപുരം കരമനയിലെ ഒരു സാധാരണ സര്‍ക്കാര്‍സ്‌കൂളിലും കോളേജിലും പഠിച്ച് ഇന്ത്യയിലെ തന്നെ ഗവേഷണസ്ഥാപനങ്ങളില്‍ ഗവേഷണമാരംഭിച്ച് പദ്മനാഭന്‍ ആര്‍ജിച്ചെടുത്ത ശാസ്ത്രബോധത്തിന് മാനവികമായ ഒരടിത്തറയും സംസ്‌കാരവുമുണ്ടായിരുന്നു. എങ്കിലും പദ്മനാഭന്‍ ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകളും കണ്ടെത്തിയ നിരീക്ഷണങ്ങളും അത്രകണ്ട് ലളിതവും സാധാരണജനങ്ങള്‍ക്ക് എളുപ്പത്തിൽ പെട്ടെന്ന് പിടികിട്ടുന്നതുമായിരുന്നില്ല,

എല്ലാ വസ്തുക്കളും പരസ്പരം ആകര്‍ഷിക്കുന്നുവെന്ന് ഈ ലോകത്തോട് പറഞ്ഞത് സര്‍ ഐസക്‌ന്യൂട്ടൻ ആ ആകര്‍ഷണബലത്തിന് ഇട്ട പേര് ഗ്രാവിറ്റി എന്നായിരുന്നു. ഏതാണ്ട് രണ്ട് നൂറ്റാണ്ടിന് ശേഷം 1905ല്‍ മഹാപ്രതിഭയായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ന്യൂട്ടനെ തിരുത്തി. ഗ്രാവിറ്റി ഒരു യാഥാർഥ്യമാണെന്നും എന്നാൽ അതൊരു ബലമേ അല്ല എന്നും തന്റെ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐൻസ്റ്റീൻ സ്ഥാപിച്ചു. ഒരു വലിച്ചുകെട്ടിയ വലയില്‍ ഒരു വസ്തു വീഴുമ്പോള്‍ അതിന്റെ കേന്ദ്രഭാഗം വളഞ്ഞുണ്ടാകുന്ന കുഴി പോലെ ഈ പ്രപഞ്ചത്തിലെ ഏതൊരുവസ്തുവും അതിനുചുറ്റും ഒരു ചുഴിയുടെ മേഖല സൃഷ്ടിക്കുന്നു. ആ വക്രതയിൽ മറ്റൊരു വസ്തു പെടുമ്പോൾ അത് ആദ്യവസ്തുവിന്റെ ചുഴിമേഖലയിൽ അകപ്പെട്ട് ആകര്ഷിക്കപ്പെടുകയാണ് ചെയ്യുന്നത് എന്ന സങ്കല്‍പനം മനസിലാകുന്നത്ര ലളിതമായിരുന്നില്ല. എന്നാല്‍ ഐന്‍സ്റ്റീന്‍ അതിലൂടെ ഉന്നയിച്ച ഒരു കാര്യം സ്ഥലത്തിന്റെയും സമയത്തിന്റെയും ഒരു നെറ്റ്വർക്കാണ് ഈ പ്രപഞ്ചമെന്നും അതിന്റെ സ്വഭാവം മാത്രമാണ് ഗ്രാവിറ്റിയെന്നുമാണ്. അഥവാ ഒരു വസ്തുവിന് സ്വന്തമായൊരു സ്ഥലം മാത്രമല്ല സ്വന്തമായൊരു സമയം കൂടിയുണ്ടെന്ന് വന്നു. ഒരുവസ്തുവിനും പൊതുവായൊരു സമയമില്ലെന്ന വാദം ന്യൂട്ടോണിയൻ പ്രപഞ്ച സങ്കൽപ്പത്തെത്തന്നെ തകിടം മറിക്കുന്നതായിരുന്നു. ഇവിടെയാണ് താണു പദ്മനാഭന്‍ എന്ന പ്രതിഭയുടെ സംഭാവനകള്‍ അതിന്റെ ആഴംകൊണ്ട് ശ്രദ്ധേയമായത്.

 

ഐന്‍സ്റ്റീന്‍, സ്ഥലം സംബന്ധിച്ച ത്രിമാനം(3D ) എന്ന ആശയത്തെ സമയം എന്ന ഘടകം കൂടി ചേര്‍ത്ത് ചതുര്‍മാനം(4D ) ആക്കുകയായിരുന്നു. വലപോലെ നിറഞ്ഞുനിൽക്കുന്ന സ്‌പേസും ടൈമും ചേര്‍ന്നുള്ള അനന്തമായ തുടര്‍ച്ചയാണ് ഈ പ്രപഞ്ചം എന്ന് ഐന്‍സ്റ്റീൻ കണക്കുനിരത്തി സ്ഥാപിച്ചു. സ്ഥലത്തിനോ കാലത്തിനോ പ്രത്യേക രൂപമൊന്നുമുണ്ടായിരുന്നില്ല.എന്നാൽ ആ ശൂന്യസ്ഥലങ്ങളില്‍ ആറ്റത്തിന് സമാനമായ സൂക്ഷമവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞുവെന്നതാണ് പദ്മനാഭന്റെ കണ്ടെത്തല്‍. പൂനെയിലെ യുണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സിലെ ഒരു സംഘം ഗവേഷകര്‍ പദ്മനാഭന്റെ നേതൃത്വത്തില്‍ കണ്ടെത്തിയ ഈ കണികാസാന്നിധ്യത്തെ ആറ്റംസ് ഓഫ് സ്‌പെയ്‌സ് എന്നാണ് ആദ്യകാലത്ത് വിളിച്ചുവന്നത്. വിശ്രമരഹിതമായ പഠനത്തിനൊടുവില്‍ ഒരു സെന്റീമിറ്റര്‍ നീളവും വീതിയുമുള്ള ഒരു പ്രതലത്തില്‍ ഒന്ന് എഴുതി 66 പൂജ്യം വലതുഭാഗത്ത് ഇട്ടാല്‍ കിട്ടുന്നത്രയും എണ്ണം ‘പേരില്ലാക്കണങ്ങള്‍’ ഐൻസ്റ്റീൻ വെറുതെവിട്ട ശൂന്യസ്ഥലങ്ങളിലുണ്ടാവും എന്നും പദ്മനാഭന് കണ്ടെത്താനായി .ഇവയുടെ സാന്നിധ്യം ആത്യന്തികമായി തെളിയിക്കപ്പെട്ടിരുന്നുവെങ്കിൽ അത് ഐന്‍സ്റ്റീനുള്ള തിരുത്തലും നിലവിലെ പ്രപഞ്ചസങ്കല്പങ്ങളുടെ നവീകരിക്കലുമാകുമായിരുന്നു . രണ്ടുനൂറ്റാണ്ടിന്റെ അകലമുള്ള ന്യൂട്ടന്റെയും ഐൻസ്റ്റീനിന്റെയും പ്രപഞ്ചസങ്കല്പങ്ങൾക്കിടയിലെ ഏറ്റവും ബലമുള്ള പാലവും പദ്മനാഭന്റേതാകുമായിരുന്നു.

പദ്മനാഭന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് മാക്‌സ്പ്ലാങ്കിന്റെ ക്വാണ്ടം തിയറി പൊതുമണ്ഡലത്തിൽ കൂടുതല്‍ ചർച്ചയാകുന്നത് . അതിസൂക്ഷ്മ കണങ്ങളിൽ പ്രവർത്തിക്കുന്ന ബലത്തെയും ചലനത്തെയും കുറിച്ചുള്ള നിയമങ്ങളാണ് ക്വാണ്ടംതിയറി മുന്നോട്ട് വെച്ചത്. അതാകട്ടെ ന്യൂട്ടന്റെ ഗ്രാവിറ്റി നിയമങ്ങളെയും എന്‍സ്റ്റീന്റെ ആപേക്ഷികപരികല്‍പ്പനകളെയും അത്രകണ്ട് അനുസരിക്കാത്തതുമായിരുന്നു.സൂക്ഷ്മചലനങ്ങളെയും ഊര്‍ജ്ജതനിമയെയും നന്നായി വിശദീകരിച്ച പ്ലാങ്കിന്റെ സിദ്ധാന്തങ്ങൾ ന്യൂട്ടന്റെയും ഐൻസ്ടീന്റെയും കല്പനകൾക്കുണ്ടാക്കിയ സങ്കീർണ്ണത ഒട്ടും ചെറുതായിരുന്നില്ല, അതുകൊണ്ടുതന്നെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒറ്റനിയമമെന്നത് ഒരു കീറാമുട്ടിയായി.വലുതും ചെറുതുമായ സര്‍വപ്രാപഞ്ചികവസ്തുക്കള്‍ക്കും ബാധകമാകാവുന്ന ഒരു പൊതുനിയമത്തിനായുള്ള ശാസ്ത്രത്തിന്റെ മുറവിളി കേട്ടാണ് താണുപദ്മനാഭന്‍ ക്വാണ്ടംതിയറിയില്‍ ആകൃഷ്ടനാവുന്നത്. ക്വാണ്ടം തിയറിയ്ക്കനുബന്ധമായി പദ്മനാഭൻ തയ്യാറാക്കിയ ഒരു വിലപ്പെട്ട പ്രബന്ധം ഇന്ത്യൻ സയൻസ് അക്കാദമിയുടെ ജേർണലിൽ അച്ചടിച്ചുവരുമ്പോൾ അദ്ദേഹം ഇരുപതാം വയസ്സിലേക്ക് കടക്കുന്നെ ഉണ്ടായിരുന്നുള്ളൂ. ക്വാണ്ടം ഗ്രാവിറ്റിയെക്കുറിച്ചുള്ള പ്രായത്തിന് ചേരാത്ത വിജ്ഞാനസമ്പത്ത് നിരന്തരം ക്ളാസുകളിൽ കണ്ടും കേട്ടും കോളേജ്‌സുഹൃത്തുക്കള്‍ പദ്മനാഭന് ഇട്ട പേരാണ് ‘ക്വാണ്ടം സ്വാമി’ എന്നത്.

ബഹിരാകാശസഞ്ചാരവും ഭൂമിയിലിരുന്നുകൊണ്ട് കൂടുതല്‍ കൃത്യതയോടെ അവയെ കാണുന്നതിനുള്ള ടെലസ്‌കോപ്പിക് സംവിധാനങ്ങളും കൂടുതല്‍ കൃത്യതയാര്‍ന്ന കണക്കുകൂട്ടല്‍ സൗകര്യങ്ങളുമൊക്കെ വര്‍ദ്ധിച്ചുവന്ന ‘90’കളാണ് പ്രപഞ്ചവിജ്ഞാനമെന്ന ഭൗതികശാസ്തരശാഖയുടെ സുവര്‍ണകാലമായിരുന്നത്. അസ്‌ട്രോഫിസിക്സിൽ ഹരം കയറിയ പദ്മനാഭന്‍ അവിടേയും തന്റെ സാന്നിധ്യമറിയിച്ചു. മനുഷ്യന് കാണാനാവുന്ന പ്രപഞ്ചം എന്നത് അവന് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത വിധത്തില്‍ വ്യാപിച്ചുകിടക്കുന്ന മുഴുവന്‍ പ്രപഞ്ചവലിപ്പത്തിന്റെ വെറും നാലോ അഞ്ചോ ശതമാനം മാത്രമാമെന്നുള്ള തിരിച്ചറിവ് പദ്മനാഭന് അമ്പരപ്പിനേക്കാള്‍ ആവേശമായിരുന്നു നല്‍കിയത്. ഏത് വിദൂരപ്രപഞ്ചവസ്തുക്കളെയും നാം കാണുന്നത് അവയില്‍ നിന്ന് എപ്പോഴോ പുറപ്പെടുന്ന പ്രകാശത്തിലൂടെതന്നെയാണ്. അവയുടെ അകലമനുസരിച്ച് നമുക്കവയെ അവയെ കാണാനാകുന്ന സമയവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോൾ നാം കാണുന്ന സൂര്യരശ്മി 8 മിനിറ്റു മുന്പുള്ളതായിരിക്കും. നാം കാണുന്ന വ്യാഴം മുക്കാൽ മണിക്കൂർ മുന്പുള്ളതായിരിക്കും. കേട്ടാലും പറഞ്ഞാലും വിശ്വസിക്കാൻ പ്രയാസമുള്ള മായാജാലങ്ങൾ ഗണിതസമവാക്യങ്ങളിലൂടെ യാഥാർഥ്യമായും അനുഭവമായും പെയ്തിറങ്ങുന്നത് ഒട്ടൊന്നുമല്ല പദ്മനാഭൻ കൊതിപ്പിച്ചത്. ജനിമൃതികളെപ്പറ്റിയുള്ള വീമ്പുകൾ ഇനിയും മതിയാക്കിയിട്ടില്ലാത്ത മനുഷ്യന്റെ സമയചക്രങ്ങളെ ഖഗോളങ്ങൾ കശക്കിയെറിയുന്നത് കണ്ടുചിരിച്ച പദ്മനാഭന്‍ പറഞ്ഞത് “ഒരുകണക്കിന് ഭാഗ്യമുള്ളവരാണ് കോസ്‌മോളജിസ്റ്റുകള്‍ കാരണം അവർ ഭൂതകാലം നേരിട്ട് കാണുന്നവരാണ്’ എന്നാണ്.

പ്രപഞ്ച രഹസ്യങ്ങൾക്ക് പിന്നിലും പദ്മനാഭൻ നിരന്തര സാധനയോടെ സഞ്ചരിച്ചു. അനവരതം വികസ്വരമായികൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വികാസഗതി നിർണ്ണയിക്കുന്ന ഏകകമായി ഐന്‍സ്റ്റീന്‍ കണ്ടെത്തിയതാണ് കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്. ഗൂഢദ്രവ്യവും ഗൂഢമായ ഊര്‍ജ്ജവും സംബന്ധിച്ച പഠനങ്ങളുടെ ഭാഗമായി ഐന്‍സ്റ്റീന്‍ പിന്നീട് ഇതില്‍ നിന്നും പിന്‍മാറി എന്നതാണ് ചരിത്രം. പക്ഷേ അതില്‍ വിശ്യവാസമര്‍പ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയ ചുരുക്കം ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു പദ്മനാഭന്‍. പ്രപഞ്ചത്തിൽ ബഹുഭൂരിഭാഗം വരുന്ന ഗൂഢ‑ദ്രവ്യ‑ഊര്‍ജ്ജത്തെയും പദ്മനാഭൻ വിടാതെ അനുഗമിച്ചു. പ്രപഞ്ചവികാസത്തില്‍ സ്ഥിരമായി തുടരുന്നതെന്ന് താൻ കരുതിയ ആ സംഖ്യയെത്രയെന്ന് കണ്ടെത്താനാവാത്തതുകൊണ്ടു കൂടിയായിരുന്നു ഐന്‍സറ്റീന്‍ അത് അവഗണിച്ചത്. എന്നാല്‍ അതിന്റെ മൂല്യം സമവാക്യത്തിലൂടെ കണ്ടെത്താന്‍ പദ്മനാഭൻ നടത്തിയ ശ്രമം വലിയൊരു പരിധിവരെ വിജയം കണ്ടിരുന്നു . ഐൻസ്റ്റീന്റെ സ്ഥിരാംഗത്തിലുള്ള വിശ്വാസം മൂത്ത് ഒരു കൗതുകത്തിനുവേണ്ടി പന്തയം പോലും വച്ചിട്ടുണ്ട് പദ്മനാഭൻ. വിദേശ സഹപ്രവർത്തകനുമായുള്ള പന്തയം വിജയിച്ചെങ്കിലും പദ്മാനാഭന്റെ കണ്ടെത്തലിന് നമ്മുടെ രാജ്യാതിർത്തി ഭേദിക്കാനായില്ല. ഇന്ത്യയിലായതുകൊണ്ട് മാത്രമാണത് തന്റെ കണ്ടത്തൽ ശ്രദ്ധിക്കപ്പെടാതെ പോയതെ‘ന്ന് പദ്മനാഭൻ പലരോടും സാൿഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യംകൂടി ഇവിടെ ചേർത്തുവായിക്കുന്നത് ശാസ്ത്രരംഗത്തെ മറ്റൊരു മൂല്യവിചാരമാണ്. നിമിഷംപ്രതി വികസിക്കുന്ന അതിവിശാലമായ പ്രപഞ്ചത്തെ ധിഷണകൊണ്ട് താലോലിക്കുന്ന മനസ്സുകൾപോലും സങ്കുചിതത്വത്താൽ ചുരുങ്ങി മുറുകുന്നത് ഇതേഗൂഢപ്രപഞ്ചത്തിന്റെ മറ്റൊരു മായാജാലമാകാം. ഇതൊക്കെനടക്കുമ്പോഴും പൂനെയിലെ അസ്ട്രോണമിക്കും അസ്‌ട്രോഫിസിക്സിനുമായുള്ള യൂണിവേഴ്സിറ്റി സെന്ററിലെ സഹപ്രവര്‍ത്തകര്‍ ‘പാഡി’ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ക്വാണ്ടം സ്വാമി ഒട്ടും നിരാശപ്പെടാതെയും പൊട്ടിത്തെറിക്കാതെയും സൗമ്യമായിച്ചിരിച്ച് അവർക്കൊപ്പം ഗവേഷണങ്ങളിൽ മുഴുകി.

പദ്മനാഭൻ ബാക്കിവച്ചുപോയത് പ്രപഞ്ചം ഒളിപ്പിച്ചുവച്ച ഇരുണ്ടിടങ്ങളിൽ നിന്ന് ചിന്തയുടെ മൂർച്ചയുള്ള വെളിച്ചം കൊണ്ട് മഹാപ്രതിഭകൾ ചുരണ്ടിപുറത്തിട്ട മഹാസത്യങ്ങളുടെ പാദ പൂരണമാണ്. പദ്മനാഭന്റെ ആഴമേറിയ പഠനങ്ങള്‍ അസ്‌ട്രോഫിസിക്‌സിന്‍രെയും കോസ്‌മോളജിയുടെയും ആധുനിക ഇന്ത്യന്‍ ചരിത്രം കൂടിയാണ്. മനുഷ്യത്വത്തിലൂന്നിയുള്ള പ്രപഞ്ചവീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത് ബന്ധപ്പെടുന്ന വിഷയങ്ങള്‍ അതീവഗാഢമായിരുന്നപ്പോഴും അവയെ ലളിതമായും സരസമായും അവതരിപ്പിക്കാനുള്ള ശേഷിയാണ് പദ്മനാഭനെ ജനകീയ ശാസ്ത്രപ്രതിഭയാക്കിമാറ്റിയത്. . മനുഷ്യന് നേരിട്ട് ഭൗതികനേട്ടങ്ങള്‍ നല്‍കുന്നതും എളുപ്പത്തിൽ മനസ്സിലാകുന്നതുമായ ശാസ്തരമേഖലയല്ല പദ്മനാഭന്റേതെങ്കിലും ഈ രംഗത്തെ പുത്തനറിവുകളെയും സംഭാവനകളെയും ജനങ്ങളിലേക്കെത്തിക്കുക എന്നതിന് പിന്നിലെ മാനവികബോധമാണ് പദ്മനാഭനെ ഒരു പ്രതിഭയാക്കിയത്..

‘മറ്റുള്ളവരുടെ വിശ്വാസത്തില്‍ എനിക്ക് സന്തോഷമേയുള്ളു. ക്ഷേത്രവും വിശ്വാസവും ഒരിക്കലും എനിക്കൊരു ബലമേയായിത്തോന്നിയിട്ടേയില്ല’ എന്ന നിലപാടിലെ കരുത്താണ് പദ്മനാഭനെ ഒരു പച്ചമനുഷ്യനാക്കിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.