27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 10, 2024
June 28, 2024
June 15, 2024
June 13, 2024
June 6, 2024
May 24, 2024
May 23, 2024
May 21, 2024
May 18, 2024

രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം
December 2, 2022 3:34 pm

സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ വര്‍ഷം കാസ്പ് പദ്ധതിയിലൂടെ ചെലവായിട്ടുള്ളത് 1400 കോടി രൂപയാണ്. അതില്‍ 138 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഏതാണ്ട് ഇരട്ടിയോളം ആള്‍ക്കാര്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചു. കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ കാസ്പ് ചികിത്സാ പദ്ധതി നടപ്പിലാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കായി രൂപം നല്‍കിയ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാള്‍ക്ക് രോഗമുണ്ടാകുമ്പോഴുള്ള പ്രതിസന്ധിയാണ് ഭാരിച്ച ചികിത്സ ചെലവ്. ഈ ഭാരിച്ച ചികിത്സാ ചെലവ് ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സാ പിന്തുണാ പദ്ധതി സര്‍ക്കാര്‍ ആലോചിച്ചതും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയും. മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിനാല്‍ കൂടുതല്‍ ആള്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് പോകുന്നത്. 11 ജില്ലകളില്‍ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഏതാനും ദിവസത്തിനുള്ളില്‍ ഇത് സജ്ജമാകും. വയനാടും കാത്ത്‌ലാബ് സജ്ജമാകുന്നതാണ്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വികേന്ദ്രീകൃതമാക്കി താഴെത്തട്ട് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യ പരിരക്ഷ ഉറപ്പ് വരുത്തി. രാജ്യത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള ഈ സംരഭം. പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുള്ള കാഴ്ച പരിമിതരായ കാസ്പ് ഗുണഭോക്താക്കള്‍ക്ക് ബ്രയില്‍ ഭാഷയില്‍ തയ്യാറാക്കിയതാണ് കാര്‍ഡ്. ഏത് കാര്‍ഡിലൂടെയും ഇതുപോലെ കാഴ്ച പരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള മറ്റൊരു ഇടപെടല്‍ നടത്തിയിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് തന്നെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞു. ഇതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ടീമിനെ മന്ത്രി അഭിനന്ദിച്ചു.

ഇനിയും ധാരാളം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. അത് തടയാനുള്ള ഏത് ശ്രമുണ്ടായാലും പിന്നോട്ട് പോകില്ല. മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി വ്യക്തമാക്കി.

32 ആശുപത്രികളില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഹോര്‍ഡിങ്ങുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം, ബ്രയില്‍ ഭാഷയില്‍ തയ്യാറാക്കിയ കാസ്പ് കാര്‍ഡ് ബ്രോഷര്‍ പ്രകാശനം, സൈന്‍ ഭാഷയില്‍ തയ്യാറാക്കിയ പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രകാശനം, കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

എസ്.എച്ച്.എ. എക്‌സി. ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഹൈദരാബാദ് എഎസ്.സി.ഐ. ഡയറക്ടര്‍ ഡോ. സുബോധ് കണ്ടമുത്തന്‍, എസ്.എച്ച്.എ. ജോ. ഡയറക്ടര്‍ ഡോ. ബിജോയ്, മാനേജര്‍ സി. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Min­is­ter Veena George released the coun­try’s first dis­abil­i­ty friend­ly mem­ber­ship card

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.