18 September 2024, Wednesday
KSFE Galaxy Chits Banner 2

സുനക് പ്രതിനിധാനം ചെയ്യുന്നത് ഒരു ചതുരശ്ര മൈല്‍ ചതുരത്തെ

Janayugom Webdesk
October 28, 2022 5:00 am

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടത് ആ രാജ്യത്തോടൊപ്പം ഇന്ത്യൻ സമൂഹത്തെയും കൂടുതൽ ഭിന്നിപ്പിലേക്കാണ് നയിക്കുന്നത്. സുനക് ഒരു ഹിന്ദു ആണെന്നതാണ് ഇന്ത്യയില്‍ രാഷ്ട്രീയ അധികാരം കയ്യാളുന്ന ഹിന്ദുത്വ ശക്തികൾ ആഘോഷമാക്കുന്നത്. ബ്രിട്ടനിലെ ന്യൂനപക്ഷ മതമായ ഹിന്ദുമതത്തിലെ ഒരംഗത്തെ പ്രധാനമന്ത്രി പദത്തിൽ അവരോധിക്കാൻ ആകുമെങ്കിൽ ഇന്ത്യയിലെ പ്രമുഖ മതന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിൽനിന്നും ഒരാളെ എപ്പോഴാണ് നാം പ്രധാനമന്ത്രിയാക്കുക എന്ന മറുചോദ്യമാണ് കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ ഉന്നയിക്കുന്നത്. അത് ഫലത്തിൽ ഇതിനകം വിഭജിതമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭിന്നിപ്പിന്റെ ആഴം വർധിപ്പിക്കാൻ കാരണമായാൽ അത്ഭുതപ്പെടേണ്ടതില്ല. ഇത്തരം വിവാദങ്ങളിൽ ഉൾപ്പെട്ടവർ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും ആയിരുന്ന മതന്യൂനപക്ഷത്തിൽപ്പെട്ട പൂർവികരെ സൗകര്യപൂർവം വിസ്മരിച്ചുകൊണ്ടാണ് തങ്ങളുടെ ഭിന്നിപ്പിക്കൽ അജണ്ട പുറത്തെടുക്കുന്നത്. അവർ ഏറ്റക്കുറച്ചിലോടെ ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകങ്ങളും ആയിരുന്നു. ഏതെങ്കിലും രാജ്യത്ത് ഇന്ത്യൻ വംശജരായ ഹിന്ദുമതത്തിൽപ്പെട്ടവർ പ്രധാനമന്ത്രിമാരോ പ്രസിഡന്റുമാരോ ആയി തെരഞ്ഞെടുക്കപ്പെടുന്നത് ഇത് ആദ്യമല്ല. അന്നൊന്നും അത് ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിട്ടില്ല. കാരണം, അവരാരും ബ്രിട്ടനെപ്പോലെ ഒരു സാമ്രാജ്യത്വ ശക്തി ആയിരുന്നില്ല. അവരിൽ പലരും അടിമസമാന പശ്ചാത്തലത്തിൽനിന്നും രാഷ്ട്രീയ പ്രക്രിയയിലൂടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്നവരാണ്. സുനക് ആകട്ടെ അർത്ഥപൂർണമായ ഒരു രാഷ്ട്രീയ ആദേശത്തിന്റെ ഫലമായി അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുക ആയിരുന്നില്ല. ഒരുകാലത്ത് സൂര്യൻ അസ്തമിക്കാത്ത ആഗോള സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ബ്രിട്ടന്റെ രാഷ്ട്രീയ, സാമ്പത്തിക കുഴപ്പങ്ങളുടെ ഉപോല്പന്നമാണ് റിഷി സുനക്.


ഇതുംകൂടി വായിക്കു;റിഷി സുനകിന്റെ വിജയവും ഇന്ത്യക്കാരുടെ വംശബോധവും


ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഒരു ഇന്ത്യൻ വംശജൻ നിയോഗിക്കപ്പെട്ടു എന്നതിൽ കാവ്യനീതി കണ്ടെത്തുന്നവരുടെ വൈകാരികതയ്ക്ക് അപ്പുറം അതിന്റെ രാഷ്ട്രീയമാണ് വിലയിരുത്തപ്പെടേണ്ടത്. സുനക് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഗോൾഡ്‌മാൻ സാക്സ് എന്ന യുഎസ് നിക്ഷേപ ബാങ്കിലാണ്. ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആഗോളതലത്തിൽ നിക്ഷേപ ബാങ്കിങ് രംഗത്ത് പതിനാലുവർഷം പ്രവർത്തിക്കുകയുണ്ടായി. അത്തരമൊരാൾ ബ്രിട്ടനിലെ യാഥാസ്ഥിതിക പാർട്ടിയിലും അതിന്റെ നേതൃത്വത്തിലും എത്തിച്ചേരുക എന്നത് തികച്ചും സ്വാഭാവികം മാത്രം. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് നിയോഗിക്കപ്പെട്ടു എന്നതില്‍നിന്ന് വമ്പൻ മൂലധന ശക്തികൾ ആ രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക രംഗം പൂർണമായി കയ്യടക്കിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. മാർഗരറ്റ് താച്ചർ തുടങ്ങിവച്ച വലതുപക്ഷ രാഷ്ട്രീയ ദൗത്യമാണ് സുനകിലൂടെ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ലണ്ടൻ നഗരത്തിലെ വൻകിട ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ‘ഒരു ചതുരശ്രമൈൽ ചതുരത്തെയാണ്’ സുനക് പ്രതിനിധാനം ചെയ്യുന്നത്. താച്ചറിസം എന്ന് ചരിത്രത്തിൽ സ്ഥാനംപിടിച്ച ഉദാരീകരണ സാമ്പത്തികനയത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൂടുതൽ തീവ്രമായ പതിപ്പായിരിക്കും ബ്രിട്ടീഷ് ജനതയെയും ലോകത്തെയും കാത്തിരിക്കുന്നത്. അത് കേവലം നികുതിയിളവുകളുടെയോ നികുതിവർധനവിന്റെയോ പ്രശ്നമല്ല, ബ്രിട്ടനിലെ സാമാന്യജനങ്ങളുടെ ജീവിതത്തിന്റെയും നിലനില്പിന്റെയും പ്രശ്നമാണ് ഉയർത്തുന്നത്.


ഇതുംകൂടി വായിക്കു; റിഷി സുനക്: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍..


മുൻ കോളനി രാജ്യമായിരുന്ന ഇന്ത്യ ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയായി മാറി എന്ന് അഭിമാനിക്കുന്നവർ നാം ലോകത്തെ പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ 107-ാം സ്ഥാനത്താണെന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു. അഡാനി ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയതും ഇക്കാലയളവിലാണ്. സമാനമായി ബ്രിട്ടനിലെ അതിശക്തമായിരുന്ന പൊതുമേഖലയെ അപ്പാടെ വിഴുങ്ങിയാണ് അവിടെ സുനക് പ്രതിനിധാനം ചെയ്യുന്ന കോർപറേറ്റ് മൂലധന ശക്തികൾ കരുത്താർജിച്ചതും തൊഴിലാളികളും സാമാന്യജനങ്ങളും കൊടിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതും. പ്രധാനമന്ത്രി സുനകിന് കാര്യങ്ങൾ തെല്ലും എളുപ്പമായിരിക്കില്ല എന്നാണ് ബ്രിട്ടനിൽനിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. സുനകിന്റെ ഡൗണിങ് തെരുവിലെ പത്താംനമ്പറിലേക്കുള്ള ഗൃഹപ്രവേശം രാജ്യത്താകെ വളർന്നുവരുന്ന കലുഷിത അന്തരീക്ഷത്തിലാണ്. വംശീയ യാഥാസ്ഥിതികത്തമാണ് അമ്പതുദിവസങ്ങൾക്കപ്പുറം ആ ഗൃഹപ്രവേശം തടഞ്ഞതെങ്കിൽ ഇപ്പോൾ അത് ശമിക്കുകയല്ല കൂടുതൽ തീഷ്ണത കൈവരിക്കുകയാണ്. റയിൽ, തപാൽ തൊഴിലാളികൾ മുതൽ നഴ്സുമാർ വരെ സാമ്പത്തിക അനീതികൾക്കും നയങ്ങൾക്കുമെതിരെ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. അവയോടും രാജ്യത്തുനിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടും സുനക് എന്ത് സമീപനമാണ് സ്വീകരിക്കുക എന്നത് ബ്രിട്ടൻ മാത്രമല്ല ലോകമാകെ ഉറ്റുനോക്കുകയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.