29 May 2024, Wednesday

മനുഷ്യ നന്മയുടെ പ്രതീകം

കാനം രാജേന്ദ്രൻ
November 27, 2022 4:00 am

എംഎൻ എന്ന രണ്ടക്ഷരത്തിന് കണിയാപുരം രാമചന്ദ്രൻ നൽകിയ വിശേഷണം മനുഷ്യനന്മ എന്നാണ്. അതെ, മനുഷ്യനന്മയുടെ പ്രതീകമായിരുന്നു എംഎൻ ഗോവിന്ദൻനായർ. അദ്ദേഹം വിട പറഞ്ഞിട്ട് ഇന്ന് 38 വർഷം പിന്നിടുന്നു. തികഞ്ഞ ദേശീയവാദിയും ദേശാഭിമാനിയുമായിരുന്നു എംഎൻ. പൊതുപ്രവർത്തനത്തിന് രണ്ടുതരം ശൈലികൾ ഉണ്ടെന്ന് താൻ പഠിച്ചതായി എംഎൻ പറയുന്നു. “ഒന്ന്, സ്വന്തം ശക്തിയും പ്രതാപവും സ്വാധീനവും ഉപയോഗിച്ച് ബഹുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. ഉദ്ധാരകനില്ലെങ്കിൽ പ്രവർത്തനമില്ലെന്നതാണ് ദോഷം. അവശജനവിഭാഗങ്ങളുടെ നിസഹായതാ ബോധത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. നിസഹായതാ ബോധത്തിൽ കഴിയുന്ന ഒരു ജനവിഭാഗത്തിനും പുരോഗതിയുടെ പാതയിലേക്ക് എത്താനാവില്ല. രണ്ടാമത്തെ സമീപനം അവശജന വിഭാഗങ്ങളുടെ കഴിവുകൾ തട്ടിയുണർത്തുകയും യോജിച്ച പ്രവർത്തനം കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവരെ സഹായിക്കുകയുമാണ്. അതിന്റെ ഫലമായി ഒരോ പ്രശ്നം കൈകാര്യം ചെയ്തു കഴിയുമ്പോഴും അവരുടെ ആത്മവിശ്വാസം വർധിക്കുകയും പരസഹായം കൂടാതെ സ്വന്തം കാര്യം നോക്കാൻ കുറേക്കഴിയുമ്പോൾ കഴിവുള്ളവരായി അവർ മാറുകയും ചെയ്യും. ബോധപൂർവമല്ലെങ്കിലും സാഹചര്യങ്ങൾ രണ്ടാമത്തെ മാർഗം പിൻതുടരുന്നതിനാണ് എന്നെ പ്രേരിപ്പിച്ചത്.” കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പല വഴിത്തിരിവുകളിലും പാർട്ടിയെ നേർവഴിക്ക് തിരിക്കാൻ എംഎൻ വിലപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. അതിന് കഴിയുംവിധം അനുഭവജ്ഞാനവും രാഷ്ട്രീയമായ ഉൾക്കാഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ജീവിച്ച കാലഘട്ടത്തിന്റെ അന്തഃസത്ത മനസിലാക്കുകയും ആ കാലഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ കാലവും ദേശവും ചുമത്തുന്ന പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും സാരവത്തായ പങ്ക് വഹിക്കുകയും ചെയ്ത ചുരുക്കം ചില കേരളീയരിൽ ഒരാളായിരുന്നു എംഎൻ. കാറ്റിന്റെ ഗതിക്കനുസരിച്ച് തോണി തുഴയുന്ന ഭിക്ഷാംദേഹികളിൽ നിന്ന് ഭിന്നമായി പലപ്പോഴും ഒഴുക്കിനെതിരെ നീന്തിയ നേതാവായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ സാഹസികമായ ജീവിതത്തിൽ വിജയങ്ങളെപ്പോലെ പരാജയങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ ഏതു കൊടുങ്കാറ്റിലും നിലയുറപ്പിക്കാനും നീങ്ങാനുമുള്ള പ്രത്യയശാസ്ത്ര ദാര്‍ഢ്യവും ആദർശധീരതയും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ദുഃഖത്തിന്റെ കയ്പുനീർ ധാരാളം കുടിച്ചു. എങ്കിലും ഒടുങ്ങാത്ത ശുഭപ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു. അദ്ദേഹം മനുഷ്യന്റെ കേവലനന്മയിൽ വിശ്വസിച്ചു. മനുഷ്യൻ ഏതു കക്ഷിക്കാരനായിരുന്നു, ഏതുതരം വിശ്വാസ പ്രമാണം കൊണ്ടുനടക്കുന്ന ആളായിരുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ല. 1970ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ് പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്താക്കിയപ്പോഴാണ് എംഎന്നുമായി അടുത്ത് പ്രവർത്തിക്കാൻ എനിക്ക് അവസരം ഉണ്ടായത്. യുവജന‑വിദ്യാർത്ഥി രംഗത്ത് പുതിയ കേഡർമാരെ കണ്ടെത്താൻ എംഎൻ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. എംഎന്ന് നാട്യമുണ്ടായിരുന്നില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. നന്നേ ചെറുപ്പത്തിലേ ഹരിജനോദ്ധാരണ പ്രവർത്തനവുമായി പൊതുജീവിതത്തിലിറങ്ങിയിരുന്നില്ലെങ്കിൽ അദ്ദേഹം ഒന്നാംതരം ഒരു കൃഷിക്കാരനായി തീരുമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഭരണത്തിന്റെയും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്ന് സ്നേഹത്തിന്റെയും അനൗപചാരികതയുടേതുമായ വിശ്രമസുഖം അനുഭവിക്കാൻ അദ്ദേഹം പലപ്പോഴും അടുത്തു പെരുമാറാറുള്ളവരുടെ വീടുകളിലേക്ക് പോകുമായിരുന്നു. നിയമസഭയിലും പാർലമെന്റിലും പലവട്ടം അംഗമായിരുന്ന എംഎൻ പ്രഗത്ഭനായ പാർലമെന്റേറിയനായിരുന്നു. കേരളത്തിന്റെ ഫ്യൂഡൽ മനഃസാക്ഷിയെ കീറിമുറിച്ച കെപിഎസിയുടെ ”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം നിരോധിച്ച ഭീരുക്കളുടെ നേരെ 1952ൽ നിയമസഭയിൽ എംഎൻ എയ്തുവിട്ട വാഗ്ശരങ്ങൾ ശ്ര ദ്ധേയമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തനായ വക്താവായിരുന്നു എംഎൻ. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശില്പിയെന്ന് എംഎന്നെ വിളിക്കാം. പാവങ്ങളുടെ, ദുരിതക്കയങ്ങളിലെ ജീവിതം അദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: കൈരളിക്ക് ഇന്ദ്രധനുസ് തീര്‍ത്ത വയലാര്‍


ഗാന്ധിജിയുടെ വാർധാ ആശ്രമത്തിലെ ജീവിതവും സ്വന്തം നാട്ടിലെ ദളിതരുടെ സ്കൂളിലെ പ്രവർത്തനവും എംഎന്റെ ജീവിതത്തിൽ സാരമായ മാറ്റം വരുത്തി. പാവപ്പെട്ട മനുഷ്യരുടെ ജീവിതവ്യഥ മാറ്റിയെടുക്കുവാൻ സ്വന്തം പരിശ്രമവും, സമരവീര്യവും, പിൽക്കാലത്ത് അധികാര സ്ഥാനത്തെത്തിയപ്പോൾ അതും പൂർണമായി ഉപയോഗപ്പെടുത്തി. വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിലെ ഊർജ പ്രതിസന്ധിയെ നേരിടേണ്ടിവന്നത്. പഴമക്കാരുടെ സങ്കല്പമായ കുറവൻപാറയും കുറത്തിപ്പാറയും സംയോജിപ്പിച്ച് ഇടുക്കി ജലസേചന പദ്ധതി യാഥാർത്ഥ്യമായത് എംഎന്റെ കർമ്മശേഷിയുടെ മറ്റൊരു ഉദാഹരണം. പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു എംഎൻ. നമ്മുടെ കൃഷിയിടങ്ങളെ സംരക്ഷിക്കുവാനും, പുതുതലമുറയ്ക്ക് കാർഷിക ബോധം വളർത്തിയെടുക്കുവാനും ഉയർത്തിയ ”ഓണത്തിന് ഒരുപറ നെല്ല്” എന്ന മുദ്രാവാക്യം വിദ്യാർത്ഥികളിൽ ആവേശം ഉണർത്തി. അതേവരെ അവഗണിക്കപ്പെട്ടിരുന്ന കൃഷി വകുപ്പിന് ജനശ്രദ്ധ ഉണ്ടായത് എംഎൻ മന്ത്രിയായിരുന്ന കാലത്താണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധി എംഎന്റെ വിജയമാണ്. സവർണ മേധാവിത്തത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരെ ധീരമായ പോരാട്ടം നടത്തി വിജയം വരിച്ച കേരളത്തിലെ നവോത്ഥാന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ശക്തമായി നിലകൊണ്ട്, നേതൃത്വപരമായ പങ്കുവഹിച്ച എംഎന്റെ ഓർമ്മ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു വലിയ മാതൃക ആയിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി എംഎന്റെ വിപ്ലവ വീര്യവും ജനസേവന പാരമ്പര്യവും ത്യാഗോജ്ജ്വലവും നിസ്വാർത്ഥവുമായ പൊതുപ്രവർത്തനവും ജീവിത ലാളിത്യവും മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്ന് ഈ സന്ദർഭത്തിൽ പ്രതിജ്ഞ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.