23 December 2024, Monday
KSFE Galaxy Chits Banner 2

പരാജയം സമ്മതിക്കുന്ന മോഡിയുടെ നന്ദിപ്രമേയ പ്രസംഗം

പ്രത്യേക ലേഖകന്‍
February 10, 2022 6:00 am

രാജ്യസഭയിലും ലോക്‌സഭയിലും രാഷ്ട്രപതിയും സംസ്ഥാന നിയമസഭകളിൽ ഗവർണർമാരും സഭാസമ്മേളനത്തിൽ നടത്തുന്നത് അതാത് സർക്കാരുകളുടെ നയപ്രഖ്യാപനമാണ്. അതിന് നന്ദി രേഖപ്പെടുത്തിയുള്ള പ്രമേയത്തിന്മേൽ നടക്കുന്ന ചർച്ചകൾ തികച്ചും രാഷ്ട്രീയ നിബദ്ധമാകാറാണ് പതിവ്. പ്രതിപക്ഷം ഭരണത്തെയും ഭരണ പക്ഷം പ്രതിപക്ഷത്തെയും നിശിതമായി വിമർശിക്കുകയും ചെയ്യും. അപ്പോൾപോലും ഭരണനയങ്ങളെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ ഭരണപക്ഷം തങ്ങളുടെ സർക്കാരിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും അവതരിപ്പിക്കുവാനും ശ്രമം നടത്തും. അതിൽ ഊന്നുമെന്ന് പറഞ്ഞാലും തെറ്റാവില്ല. നന്ദിപ്രമേയ ചർച്ചയ്ക്ക് സഭാനേതാവെന്ന നിലയിലുള്ള മറുപടിപ്രസംഗത്തിൽ എതിരാളികളുടെ വിമർശനങ്ങൾക്ക് ആവശ്യമായ സംശയ ദൂരീകരണം വരുത്തുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുവാനും സമയം കണ്ടെത്തും. എന്നാൽ, നരേന്ദ്രമോഡിയുടെ പല നന്ദിപ്രമേയ ചർച്ചകളും വെറും വാചാടോപങ്ങൾ മാത്രമായാണ് നാം കേൾക്കേണ്ടിവന്നത്. ഇത്തവണ പതിവ് തെറ്റിച്ചില്ലെന്നു മാത്രമല്ല പ്രതിപക്ഷത്തെയും അതിന്റെ പൂർവിക നേതാക്കളെയും കുറ്റപ്പെടുത്തി സമയം കളയുകയാണ് പ്രസംഗത്തിലൂടെ മോഡി ചെയ്തത്. മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവർ, സ്വന്തമായി നേട്ടങ്ങളൊന്നുമില്ലാത്തവരാണെന്നു മാത്രമല്ല സ്വന്തം കുറ്റങ്ങളെ മറയ്ക്കാനുള്ള വഴിയായി അതിനെ ഉപയോഗിക്കുന്നവരാണെന്നും പൊതുവേ പറയാറുണ്ട്. അതിലൂടെ അവർ അറിയാതെ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്. ഇവിടെ തന്റെ സർക്കാരിന്റെ പരാജയങ്ങളും ബജറ്റ് മുന്നോട്ടുവയ്ക്കുന്ന ജനവിരുദ്ധമായ നിർദേശങ്ങളും തുറന്നുകാട്ടപ്പെടുന്നുവെന്ന് വ്യക്തമായപ്പോൾ അതിന് കൃത്യമായ മറുപടി പറയാനില്ലാതെ പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുകയാണ് മോഡി ചെയ്തത്. ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മറ്റൊരു തലത്തിലാണ് ചർച്ചാ വിഷയമായത്. സഭയിലെ ഈ പ്രസംഗ മത്സരത്തിൽ ആരാണ് വിജയിയെന്ന ചോദ്യമാണ് സമൂഹമാധ്യമതലത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇരുസഭകളിലും മോഡി തന്റെ പ്രസംഗത്തിലൂടെ, നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗമാണ് നടത്തിയതെന്നാണ് പൊതു വിലയിരുത്തൽ. അത് പൂർണമായി ശരിയല്ല. എട്ടുവർഷത്തോളമായി കേന്ദ്രവും വിവിധ കാലയളവുകളിലായി പല സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നേതാവായ പ്രധാനമന്ത്രിയാണ് താനെന്ന കാര്യം മറന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്നതുതന്നെ കാരണം. വെറും തെരുവ് തെരഞ്ഞെടുപ്പ് പ്രസംഗത്തിലായാൽ പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തന്റെയും അതാത് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളാണ് എടുത്തുപറയേണ്ടിയിരുന്നത്. മോഡി പക്ഷേ കോൺഗ്രസിനെയും അതിന്റെ മുൻകാല നേതാക്കളെയും കടന്നാക്രമിക്കുന്നതിനും പരിഹസിക്കുന്നതിനും മറ്റു വിഷയങ്ങൾ ഉന്നയിക്കുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിച്ചത്. പ്രതിപക്ഷത്തിന്റെ നിർണായകമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനുള്ള അവസരം ഉപയോഗിക്കുന്നതിലായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കാം; വിശ്വാസ്യത ചോദ്യംചെയ്യുന്ന സ്ഥിതിവിവരകണക്കുകള്‍


യുപിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പരാമർശിച്ച് അവിടത്തെയും ഗോവ വിമോചനത്തിന്റെ വാർഷികം പരാമർശിച്ച് അവിടത്തെയും വോട്ടർമാരെയാണ് യഥാർത്ഥത്തിൽ ഇരുസഭകളിലും നടത്തിയ പ്രസംഗത്തിലൂടെ മോഡി അഭിമുഖീകരിക്കാൻ ശ്രമിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ നടപ്പിലാക്കിയപ്പോൾ കുടിയേറ്റ തൊഴിലാളികളുടെ പേരിൽ പരിഭ്രാന്തി സൃഷ്ടിക്കുവാൻ പ്രതിപക്ഷം ശ്രമിച്ചുവെന്ന് ആരോപിച്ച മോഡി പക്ഷേ അവർക്കുവേണ്ടി ചെയ്ത കാര്യങ്ങൾ എന്തായിരുന്നുവെന്നത് ബോധപൂർവം മറച്ചുവച്ചു. പ്രചരിപ്പിക്കപ്പെട്ട ദുരിതങ്ങൾ വസ്തുതയായിരുന്നില്ലെന്ന് സമർത്ഥിക്കുവാനെങ്കിലും ചില കാര്യങ്ങൾ അദ്ദേഹത്തിന് പറയാമായിരുന്നു. അതുണ്ടായില്ല. സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ സംഘങ്ങൾ പടച്ചുവിടുന്ന ട്രോളുകളെ ആശ്രയിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോഡി അവിടെയും താൻ എന്താണ് പറയാനുദ്ദേശിച്ചതെന്നത് മറന്നതുപോലെയാണ് നിലകൊണ്ടത്. തുക്ഡെ-തുക്ഡെ ഗ്യാങ്ങ്, നഗര നക്സലുകൾ എന്നിങ്ങനെയുള്ള പരാമർശങ്ങൾ അതാണ് വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഘട്ടത്തിൽ ഉപയോഗിക്കപ്പെട്ടതും പിന്നീട് സംഘപരിവാർ ട്രോളന്മാർ പ്രചരിപ്പിച്ചതുമായിരുന്നു തുക്ഡെ-തുക്ഡെ ഗ്യാങ്ങ് എന്ന പ്രയോഗം. ആഭ്യന്തര മന്ത്രി അമിത്ഷായും ഈ പ്രയോഗം അന്ന് നടത്തിയിരുന്നു. പക്ഷേ ഈ പേരുകളിൽ സംഘപരിവാർ കടന്നാക്രമിക്കുന്ന വിഭാഗങ്ങളെ ജയിലിൽ അടച്ചതിനെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെയും ബോധപൂർവം മോഡി മറച്ചുവച്ചു. ഒരു ഭരണാധികാരിയെന്ന നിലയിൽ അത്തരം നടപടികളെ ന്യായീകരിക്കുവാനുള്ള അവസരം പോലും ഉപയോഗിച്ചില്ല. നന്ദിപ്രമേയ ചർച്ചകളിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾക്ക് മറുപടി പറയുന്നതിന് തന്റെ ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹം തയാറായതുമില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള കുറേ വിഷയങ്ങൾ അന്തരീക്ഷത്തിലേയ്ക്ക് എടുത്തിടുകയായിരുന്നു മോഡി ചെയ്തത്. ഗോവൻ വിമോചന സമരത്തെ കുറിച്ചും ജാതീയതയെയും പ്രാദേശികവാദത്തെയും തന്തൂരി അടുപ്പിൽ തീയിട്ട് കൊല്ലപ്പെട്ട സംഭവത്തെയും ഓർത്തെടുത്ത മോഡി ഹത്രാസിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലചെയ്ത് തീയിട്ട സംഭവം മറന്നുപോയതാകുവാൻ വഴിയില്ല. കശ്മീരിൽ പഴയകാലത്തുണ്ടായ പലായനത്തെയും ഡൽഹിയിലുണ്ടായ സിഖ് കൂട്ടക്കൊലയും പരാമർശിച്ചുവെങ്കിലും ഗുജറാത്ത് വംശഹത്യയും രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയും ജനാധിപത്യലംഘനങ്ങളും അദ്ദേഹം മറന്നുപോയി. എന്തിന് തനിക്കുതന്നെ മാപ്പുപറയേണ്ടിവന്ന കർഷക പ്രക്ഷോഭത്തെ ഒരുവാക്കിൽ പോലും പരാ‍മർശിക്കുവാൻ മോഡിക്ക് മനസുണ്ടായില്ല. 60 വർഷം മുമ്പത്തെ ഗോവ വിമോചനത്തെ ഓർത്തെടുത്ത മോഡി, കർഷകരുടെ വരുമാനം ഈ വർഷം ഇരട്ടിയാക്കുമെന്ന തന്റെ തന്നെ കുറച്ചുമാത്രം വർഷങ്ങൾക്ക് മുമ്പത്തെ വാഗ്ദാനത്തിനെന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചുപോലുമില്ല. യഥാർത്ഥത്തിൽ തന്റെ ഭരണപരാജയങ്ങളെ പൂർണമായും അറിഞ്ഞുകൊണ്ട് മറച്ചുപിടിക്കുവാനുള്ള പാഴ്‌വേലയാണ് മോഡിയുടെ ഇരുസഭകളിലെയും നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗമായി നാം കേട്ടത്. അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വെല്ലുവിളി നേരിടുന്നൊരു നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമായി അത് ചുരുങ്ങിപ്പോവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.