6 May 2024, Monday

Related news

May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024

മോഡി സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിക്കായി ചെലവഴിച്ചത് 302 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2024 10:21 pm

നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം നല്‍കിയത് 302 കോടി രൂപ. 44 മന്ത്രാലയങ്ങളില്‍ നിന്നായി 1,499 സ്വകാര്യ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. സാങ്കേതിക വിദഗ്ധര്‍, സ്വതന്ത്ര കണ്‍സള്‍ട്ടസി സ്ഥാപനങ്ങള്‍, ഇന്റര്‍ നെറ്റ് വിദഗ്ധര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സേവനത്തിന് നല്‍കിയ തുകയുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ധനകാര്യ വകുപ്പിന്റെ എക്സ്പെന്‍ഡിച്ചര്‍ വിഭാഗമാണ് ഇതു സംബന്ധിച്ച വിവരം അപേക്ഷകന് നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ 76 വകുപ്പുകളാണ് സ്വകാര്യ ഏജന്‍സികളുടെ സേവനം തേടിയത്. നാല് പ്രധാന കണ്‍സള്‍ട്ടസി ഭീമന്‍മാരായ ഏണസ്റ്റ് ആന്റ് യങ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍, ഡിലോയിറ്റ്, കെപിഎംജി എന്നീ സ്ഥാപനങ്ങളാണ് കരാറുകളില്‍ ഏറെയും കരസ്ഥമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലത്ത് 450 കോടി രൂപയാണ് നാല് കമ്പനികള്‍ക്കുമായി കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചത്. ഈ കാലയളവില്‍ 305 കരാറുകള്‍ പ്രകാരം ഏകദേശം 500 കോടി രൂപ വിവിധ വകുപ്പുകളില്‍ നിന്നായി കമ്പനികള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറമെ 1,037 സാങ്കേതിക വിദഗ്ധര്‍, 539 സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാര്‍, 354 ഇന്റര്‍നെറ്റ് വിദഗ്ധര്‍, 1,481 വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 20,376 കുറഞ്ഞ വേതന നിരക്കിലോ, കരാര്‍ വ്യവസ്ഥയിലോ നിയമിച്ചവരുടെ സേവനവും മോഡി സര്‍ക്കാര്‍ തേടി.

76 വകുപ്പുകളില്‍ ഏറ്റവുമധികം കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ചത് ആരോഗ്യ വകുപ്പാണ്, 203. ഗ്രാമീണ മന്ത്രാലയം 166, കാര്‍ഷിക‑കര്‍ഷകക്ഷേമ വകുപ്പ് 149, നഗര വികസന മന്ത്രാലയം 147, വനിതാ ശിശു വികസന മന്ത്രാലയം 112, ഉപരിതല ഗതാഗത മന്ത്രാലയം 99 എന്നിങ്ങനെയും കണ്‍സള്‍ട്ടസി സേവനം തേടി. യുവ സാങ്കേതിക വിദഗ്ധരുടെ സേവനം നിതി ആയോഗിലാണ് ഏറ്റവും കൂടുതലുള്ളത്. നിലവില്‍ 95 പേരാണ് കരാര്‍ വ്യവസ്ഥയില്‍ ഇവിടെ സേവനം ചെയ്യുന്നത്. കാര്‍ഷിക‑കര്‍ഷകക്ഷേമ വകുപ്പില്‍ 86, ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ 41 പേരും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കായി പ്രതിമാസം ഒരുലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വേതനമായി നല്‍കുന്നുണ്ട്.

ഗ്രൂപ്പ് ഡി നിയമനം നിരോധിച്ചതിനെത്തുടര്‍ന്ന് പ്യൂണ്‍, ഡാറ്റ എന്‍ട്രി, ഹൗസ് കീപ്പിങ് തുടങ്ങിയ ജോലികള്‍ക്കും പുറം കരാര്‍ വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്ന നയത്തിനെതിരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജോലികള്‍ ചെയ്യാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ നിയമിക്കുന്നത് ഭരണ രംഗത്ത് മൂല്യചൂതി വരുത്തുമെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുകയും മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥാപനങ്ങളും ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം കണ്‍സള്‍ട്ടന്‍സി രാജ് നോട്ട് ക്യൂര്‍ ഫോര്‍ ഗവണ്‍മെന്റ് ഇല്‍സ് എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Summary:Modi gov­ern­ment spent 302 crores on con­sul­tan­cy Modi gov­ern­ment spent 302 crores on consultancy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.