23 June 2024, Sunday

ചരിത്ര നിയോഗത്തിൽ നിശ്ചയദാര്‍ഢ്യത്തോടെ പങ്കാളികളാകുക

Janayugom Webdesk
April 25, 2024 5:00 am

18-ാമത് ലോക്‌സഭയിലെ 20 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ കേരളത്തിലെ 2.77 കോടിയിലധികം വോട്ടർമാർ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ച് അനിതരസാധാരണമായ നിർണായകത്വമാണ് ഈ വോട്ടെടുപ്പിനുള്ളത്. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളെയും അതിലംഘിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, ജീവിത വിഷയങ്ങളും വെല്ലുവിളികളുമാണ് ഇത്തവണ നാം ചർച്ച ചെയ്തത്. 2014ൽ അധികാരത്തിലേറിയ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ 10 വർഷക്കാലയളവിനിടയിൽ ഫാസിസ്റ്റ് ശക്തികളുടെ ഭീകര ഭാവങ്ങളെല്ലാം പ്രകടമായി. ആദ്യമായി പാർലമെന്റിലേക്ക് പ്രവേശിക്കുമ്പോൾ പടിക്കെട്ടുകളിൽ മുഖംപൂഴ്ത്തിയിരുന്ന് കണ്ണീർ പൊഴിച്ച്, ദൃശ്യവിരുന്നായി ആഘോഷിച്ച നരേന്ദ്രമോഡിയുടെ കാർമ്മികത്വത്തിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെല്ലാം തകർക്കപ്പെട്ടു. നൂറ്റാണ്ടോളം പഴക്കമുണ്ടായിരുന്നതും സ്വാതന്ത്ര്യാനന്തരം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെട്ടതുമായ പാർലമെന്റ് മന്ദിരംതന്നെ ഉപേക്ഷിച്ചു. സ്വയം സ്വീകരിച്ച ജനാധിപത്യം വിപുലീകരിക്കപ്പെട്ട, മനുഷ്യാവകാശങ്ങൾ ഉറപ്പിക്കപ്പെട്ട, മതേതരമൂല്യങ്ങൾ പാടിപ്പതിഞ്ഞ മന്ദിരത്തിന്റെ എല്ലാ നന്മകളെയും കടപുഴക്കിപ്പണിത പുതിയ സമുച്ചയം വെറും കെട്ടിടം മാത്രമായി. അവിടെ രാജാധികാരത്തിന്റെ ജീർണാവശിഷ്ടങ്ങളായ ചെങ്കോലും പ്രതിഷ്ഠിക്കപ്പെട്ടു. മതേതരത്വത്തിന്റെ വാഴ്ത്തുപാട്ടുകൾക്കു പകരം സന്യാസിമാരുടെ മതസൂക്തങ്ങൾ ഉയർന്നപ്പോൾ മതസാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കേദാരമെന്ന സൽപ്പേര് കളങ്കപ്പെട്ടു. ധനികരുടെ കേന്ദ്രമായി പാർലമെന്റ് പരിണമിച്ചു. ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു തെരഞ്ഞെടുപ്പുകളെങ്കിൽ കഴിഞ്ഞ രണ്ടുതവണയും സംഭവിച്ച വലിയ കൈപ്പിഴവിന്റെ ഫലമായി സ്വേച്ഛാധിപത്യത്തിന്റെ തേർവാഴ്ചയാണ് നമ്മുടെ നേർക്കാഴ്ച. മതേതര, ഭരണഘടനാ അടിത്തറ കൂടുതൽ ദുർബലമായി.


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെങ്കിലും സ്വേച്ഛാധിപത്യഭരണം നിലനില്ക്കുന്നു എന്ന പഠനങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തെ വിലങ്ങണിയിക്കുകയും തടവിലാക്കുകയും ചെയ്യുന്നതിന്റെ അനുഭവങ്ങളും ലോകത്തിന് മുന്നിൽ ഇന്ത്യക്ക് തലകുനിക്കേണ്ടിവന്ന നാണക്കേടുകളായി. പ്രതിപക്ഷത്തെ പുറത്താക്കിയാണ് എല്ലാ കരിനിയമങ്ങളും മോഡി സർക്കാർ പാസാക്കിയെടുത്തത്. അതുകൊണ്ട് പാർലമെന്റിന്റെ ജനാധിപത്യസ്വഭാവവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനും ധനികരുടെ ക്ലബ്ബെന്ന അപഖ്യാതി ഇല്ലാതാക്കുന്നതിനും ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം വർധിപ്പിക്കേണ്ടതുണ്ട്.
ഇലക്ടറൽ ബോണ്ട് എന്ന സംവിധാനത്തിലൂടെ മോഡി ഭരണകാലത്ത് അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടു. നീതിപീഠം ഭരണഘടനാ വിരുദ്ധമെന്ന് വിധിക്കുന്നതുവരെ ബോണ്ടിന്റെ പേരിലുള്ള കൊടുക്കൽ വാങ്ങലുകൾ നിർബാധം തുടർന്നു. ഇടനിലക്കാർ പോലും മടിക്കുന്ന വിലപേശലാണ് അതുപയോഗിച്ച് നടത്തിയതെന്ന യാഥാർത്ഥ്യം വെളിപ്പെട്ടപ്പോഴും മോഡി, മടിയില്ലാതെ അതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങി സർക്കാരിന്റെ വളർത്തുജീവികളായി അധഃപതിച്ച ഏജൻസികളെ വിട്ട് ഭീഷണിപ്പെടുത്തുകയും ഇടനാഴികളിൽ വിലപേശുകയും ചെയ്യുന്ന നരേന്ദ്രമോഡിയെന്ന ഇടനിലക്കാരന്റെ തനിരൂപമാണ് ഇപ്പോൾ പുറത്തുവന്നത്. ഈ ഏജൻസികളെ ഉപയോഗിച്ച് നടക്കുന്ന പ്രതിപക്ഷവേട്ട നരഭോജികളായ പ്രാകൃത ഭരണാധികാരികളുടെ കാലത്തുപോലും ഉദാഹരണങ്ങൾ ഇല്ലാത്തതായിരുന്നു. മോഡിയുടെ വാലാട്ടിജീവികളെപ്പോലെ അവ എല്ലായിടത്തും മണത്തുനടന്നു. മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മുൻമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ബ്ലാക്ക് മെയിൽ ചെയ്ത് ബിജെപി പാളയത്തിലെത്തിക്കാനുള്ള ഏജൻസികളായി അവ തരംതാണു. വഴങ്ങിയവർ വിശുദ്ധരായി വാഴ്‌ത്തപ്പെട്ടതിന്റെയും അല്ലാത്തവർ കുറ്റാരോപിതരായി ജയിലിൽ അടയ്ക്കപ്പെട്ടതിന്റെയും ഉദാഹരണങ്ങൾ ധാരാളമാണ്.


ഇതുകൂടി വായിക്കൂ:കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ 


രാജ്യത്തിന്റെ പ്രാഥമിക നന്മകളിലൊന്നായ മതേതരത്വം ഹീനമായും മൃഗീയമായും ബലാത്കാരം ചെയ്യപ്പെട്ട ദശകമായിരുന്നു കടന്നുപോയത്. ന്യൂനപക്ഷങ്ങളും ദളിത് — ആദിവാസി വിഭാഗങ്ങളും കൂടുതൽ കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടു. അതിക്രമങ്ങൾ എല്ലാ അതിരുകളും കടന്ന് രൗദ്രഭാവം പൂണ്ടു. പൗരത്വത്തിന് മതം മാനദണ്ഡമാക്കി. മണിപ്പൂരിൽ വംശീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ടവരും നഗ്നരായി പ്രദർശിപ്പിക്കപ്പെട്ട സഹോദരിമാരും പലായനം ചെയ്ത പതിനായിരങ്ങളും ഡൽഹിയിലെ വംശഹത്യയിൽ ജീവനും ജീവിതവും നഷ്ടമായവരും മോഡി ഭരിച്ച ഇന്ത്യയുടെ ഒരിക്കലുമുണങ്ങാത്ത മുറിവുകളായി പുകഞ്ഞുകൊണ്ടേയിരിക്കും. പീഡിപ്പിക്കപ്പെട്ട ഗുസ്തി താരങ്ങളുടെ കണ്ണൂനീർ പുതച്ചാണ് ചില ബിജെപി എംപിമാർ നാണം മറയ്ക്കുന്നത്.
വർധിച്ച പണപ്പെരുപ്പം, രൂക്ഷമായ വിലക്കയറ്റം, ഉയർന്നുകൊണ്ടേയിരിക്കുന്ന തൊഴിലില്ലായ്മ, തൊഴിൽ നഷ്ടങ്ങൾ, ന്യൂനപക്ഷ അതിക്രമങ്ങൾ, കർഷക ആത്മഹത്യകൾ, കൂട്ടബലാത്സംഗങ്ങൾ, അഭിപ്രായങ്ങൾക്ക് വിലക്കും തടവറയും, വർഗീയ സംഘർഷങ്ങളുടെ പരമ്പരകൾ, തഴച്ചുവളർന്ന കോർപറേറ്റുകൾ… മോഡി ഭരിച്ച ഇന്ത്യയുടെ പത്തുവർഷങ്ങളെ ഒറ്റവാചകത്തിൽ ഇങ്ങനെ സംക്ഷിപ്തപ്പെടുത്താം. കുറഞ്ഞ അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ബിജെപിയുടെ എല്ലാ ജനവിരുദ്ധ നയങ്ങളെയും നേരെനിന്ന് ചോദ്യം ചെയ്യുന്നതിൽ പാർലമെന്റിലും പുറത്തും ഉയർന്നു മുഴങ്ങിയത് ഇടതുപക്ഷ ശബ്ദമായിരുന്നു. എന്നാൽ യഥാർത്ഥ വിഷയങ്ങൾ മറയ്ക്കപ്പെടുകയും ജീവൽ പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയും വിവാദങ്ങളും വൈകാരികതയും വിദ്വേഷവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും അരങ്ങുവാഴുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്.


ഇതുകൂടി വായിക്കൂ: സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുക, മുന്നോട്ട് നയിക്കുക


അതേസമയം കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ബദലൊരുക്കി പ്രതിരോധിക്കുക മാത്രമല്ല, സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് പ്രത്യേക പരിപ്രേക്ഷ്യമൊരുക്കുകയും ചെയ്തതായിരുന്നു കേരളത്തിന്റെ കഴിഞ്ഞുപോയ എട്ടുവർഷം. എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തിയ എട്ടുവർഷങ്ങൾ. സി അച്യുതമേനോന് ശേഷം തുടർസർക്കാരുണ്ടായത് ആ ബദലിനും വികസനനയങ്ങൾക്കും കേരളം നൽകിയ അംഗീകാരമായിരുന്നു. വാഗ്ദാനം നൽകിയ രണ്ടുകോടി തൊഴിൽ നൽകാതെയും ദശലക്ഷക്കണക്കിന് തസ്തികകൾ ഇല്ലാതാക്കിയുമുള്ള യുവജന വഞ്ചനയായിരുന്നു ബിജെപി സർക്കാരിന്റെ മുഖമുദ്ര. അതേസമയം ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകി യുവജനാഭിമുഖ്യം പ്രഖ്യാപിക്കുകയായിരുന്നു എൽഡിഎഫ് സർക്കാർ ചെയ്തത്. കേന്ദ്രത്തിന്റെ കടുത്ത അവഗണനയിലും കടന്നാക്രമണങ്ങളിലും തളർന്നുനിൽക്കാതെ മുന്നേറിയ എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ മികവ്, കാർഷിക വിപ്ലവം, ആരോഗ്യ മുന്നേറ്റം, അധഃസ്ഥിത ജനവിഭാഗങ്ങളുടെ മുൻനിര പ്രവേശം, സ്ത്രീ ശാക്തീകരണം, അതിദാരിദ്ര്യ നിർമ്മാർജനം, ലൈഫ് ഭവന നിർമ്മാണം, ഭൂരഹിതർക്ക് ഭൂമിയും പട്ടയവും എന്നിങ്ങനെ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനും ക്ഷേമവും സമാധാനവും സാഹോദര്യവും നിലനിർത്താനും അടിയുറച്ചുനിന്നു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് ശക്തമായ വിപണിയിടപെടലുകൾ നടത്തിയും ക്ഷേമപെൻഷൻ വർധിപ്പിച്ച് നൽകിയും കരുതലിന്റെ പേരുകൂടിയായി എൽഡിഎഫ്. ആർദ്രം, കാരുണ്യ, ഹൈടെക് സ്കൂളുകൾ, ജനകീയ ഹോട്ടലുകൾ, സഞ്ചരിക്കുന്ന റേഷൻ കടകൾ, വയോമധുരം, കർഷക പെൻഷൻ, കെ റൈസ്, സംരംഭകവർഷം, സ്മാർട്ട് സേവനങ്ങൾ അങ്ങനെ ജനസേവനത്തിന്റെ പട്ടിക നീണ്ടുപോകുന്നു. വിവേചനവും അവഗണനയും കാട്ടിയും സാമ്പത്തിക ഉപരോധമേർപ്പെടുത്തിയും ശ്വാസം മുട്ടിക്കാനുള്ള മോഡി സർക്കാരിന്റെ നടപടികളെ സാമ്പത്തിക അച്ചടക്കവും ധനമാനേജ്മെന്റിന്റെ പ്രാഗൽഭ്യവും വഴി മറികടന്നാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഈ പ്രതിസന്ധിഘട്ടത്തിലും കേരളത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാതെ, പിന്നിൽ നിന്ന് കുത്തുകയും ബിജെപിയുടെ പ്രതികാര നടപടികളെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു യുഡിഎഫ്. സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയെയോ ശത്രുതാപരമായ സമീപനങ്ങളെയോ ഒരുവാക്കിൽ പോലും ചോദ്യം ചെയ്യാൻ യുഡിഎഫ് എംപിമാർ തയ്യാറായതുമില്ല.
ബിജെപി സർക്കാർ പടർത്തിവിട്ട വെറുപ്പിന്റെയും ഇതരമത വിദ്വേഷത്തിന്റെയും കനലുകളിൽ ഒന്നുപോലും ആളിക്കത്താൻ അവസരമില്ലാതെ കെടുത്തിക്കളഞ്ഞ കേരളം, പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹാഗാഥകൾ രചിച്ച് വേറിട്ടുനിന്നു. ഒരുസമുദായത്തെ ഒന്നടങ്കം കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും പ്രാകൃതരുമെന്ന് വിശേഷിപ്പിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ വിദ്വേഷ വിഷംചീറ്റലിന് നേതൃത്വം നൽകുമ്പോൾ നമുക്ക് കാഴ്ചക്കാരായിരിക്കുക സാധ്യമല്ല. എൽഡിഎഫ് ഭരിക്കുന്നു എന്നതുകൊണ്ട്, ബിജെപിയും യുഡിഎഫും ഇരട്ടസഹോദരങ്ങളായി നിന്ന് കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന, രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ മുദ്രാവാക്യം നാമെല്ലാവരും ഏറ്റെടുക്കണം. അങ്ങനെ ചരിത്ര നിയോഗത്തിന്റെ ഭാഗമായി 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഓരോ സമ്മതിദായകരും ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.