18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 8, 2025
April 7, 2025
April 2, 2025
April 2, 2025
March 30, 2025
March 23, 2025
March 22, 2025
March 21, 2025
March 21, 2025

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോഡിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2022 10:18 pm

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളൊന്നുമില്ലാതെ പാഴ്‌വാക്കായി മാറി. കര്‍ഷകരുടെ വരുമാനത്തില്‍ കാലാനുസൃതമായ മാറ്റം പോലും വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്ര സര്‍ക്കാരെന്നും 2016 ഫെബ്രുവരി 28ന് നടത്തിയ പ്രഖ്യാപനത്തില്‍ മോഡി അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. 2022ലെ ബജറ്റിലും ധനമന്ത്രിയുടെ പ്രസംഗത്തിലും സുപ്രധാനമായ വാഗ്ദാനത്തെക്കുറിച്ചുള്ള പരാമര്‍ശമൊന്നുമുണ്ടായില്ല.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏപ്രില്‍ അഞ്ചിന് ഈ വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ എംപിമാര്‍ ചോദ്യമുന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച്, 2016ലെ 8,059 രൂപയില്‍ നിന്ന് നാണ്യപ്പെരുപ്പം ഉള്‍പ്പെടെ കണക്കിലെടുത്ത് 2022ല്‍ 21,146 രൂപയായി കര്‍ഷകരുടെ പ്രതിമാസ വരുമാനം വര്‍ധിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി പ്രദ്യുത് ബര്‍ദോലോയ് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഈ ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം അകലെയാണെന്ന് ലോക്‌സഭയിലെ ചോദ്യത്തിന് ലഭിച്ച മറുപടിയിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ കര്‍ഷകരുടെ ശരാശരി പ്രതിമാസ വരുമാനം ഇപ്പോള്‍ 10,281 രൂപ മാത്രമാണെന്ന്, നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാവായ യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കി കണക്കുകൂട്ടിയാലും, വരുമാനം ഇരട്ടിയായില്ലെന്ന് മാത്രമല്ല, വെറും 20 ശതമാനത്തോളം മാത്രമാണ് വര്‍ധനവുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലാ സ്രോതസുകളില്‍ നിന്നുമുള്ള വരുമാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ആദായം കുറയുകയാണുണ്ടായതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. 

കിസാന്‍ സമ്മാന്‍ നിധിയിലൂടെ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കുന്ന 6,000 രൂപ വരുമാനത്തിലെ വര്‍ധനവായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍, കര്‍ഷകര്‍ക്ക് നല്‍കുന്ന തുക പെട്രോള്‍, ഡീസല്‍, വളം, വൈദ്യുതി എന്നിവയുടെ വില വര്‍ധിപ്പിച്ചുകൊണ്ട് തിരിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികളില്‍ വിഘാതമുണ്ടാക്കിയെന്നാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ന്യായീകരണം. 

Eng­lish Sum­ma­ry: Mod­i’s announce­ment that he would dou­ble the income of farm­ers was in vain
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.