21 May 2024, Tuesday

അഴിമതിക്കെതിരായ മോഡിയുടെ വാക്കുകള്‍ കാപട്യം

Janayugom Webdesk
August 22, 2023 5:00 am

ഒരാഴ്ച മുമ്പ് രാജ്യതലസ്ഥാനത്ത്, ചെങ്കോട്ടയിലെ പ്രസംഗ ചത്വരത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലും അഴിമതിയോട് സന്ധിയില്ലെന്ന വായ്ത്താരിയുണ്ടായിരുന്നു. ഒമ്പതു വര്‍ഷത്തിനിടെ എത്രയോ തവണ കേട്ടു തഴമ്പിച്ച വാചകമാണത്. അഴിമതിയോട് സന്ധി ചെയ്യാത്ത ഒരു സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയാകേണ്ടത് സുതാര്യവും സത്യസന്ധവുമായ ഭരണ നടപടികളാണ്. ഇക്കാലത്തിനിടയില്‍ അത് നമുക്ക് ഒരു തരി പോലും കണ്ടെത്താനായിട്ടില്ലെന്നത് പോകട്ടെ, അഴിമതിയുടെ കൂത്തരങ്ങായി ഉദ്യോഗസ്ഥ‑ഭരണ രംഗം മാറിയിരിക്കുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുകയുമാണ്. സാമൂഹ്യ‑ജീവിത നിലവാരങ്ങളെകുറിച്ച് രാജ്യത്തിന്റെ പരിതാപകരവും പിന്നാക്കവുമായ അവസ്ഥ വ്യക്തമാക്കുന്ന വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും സര്‍വേകളും പുറത്തുവന്നിരുന്നു. അവ വിശ്വസനീയമല്ലെന്നും ശാസ്ത്രീയമല്ലെന്നും മറുവാദമുന്നയിച്ച് ബിജെപിയും കേന്ദ്ര സര്‍ക്കാരും നേരിടുന്നത് പതിവാണ്. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നവയെല്ലാം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നാണ് എന്നുള്ളതിനാല്‍ അവര്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ല. ലോക്‌സഭയില്‍ സമര്‍പ്പിക്കപ്പെട്ട കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറ(സിഎജി)ലിന്റെ 12 റിപ്പോര്‍ട്ടുകളിലൂടെയാണ് വിവിധ വകുപ്പുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥ അഴിമതിയെ സംബന്ധിച്ച പരാതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാകട്ടെ വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെയും.

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 12 സിഎജി റിപ്പോര്‍ട്ടുകളിലെയും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രമുഖമായ എല്ലാ വകുപ്പുകളിലും ബജറ്റിനും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനുമനുസരിച്ച് നടത്തേണ്ട ചെലവുകളില്‍ ക്രമക്കേടുകളും വകമാറ്റലുകളും നടന്നുവെന്നാണ് സിഎജി റിപ്പോ‍ര്‍ട്ടുകള്‍ അടിവരയിടുന്നത്. റെയില്‍വേയിലും ദേശീയപാത നിര്‍മ്മാണത്തിലുമാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ പദ്ധതിത്തുക വകയിരുത്താറുള്ള മൂന്നില്‍ രണ്ട് വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മൂന്നാമത്തേത് പ്രതിരോധ വകുപ്പാണ്. റെയില്‍വേയില്‍ 2021–22 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അനുമതിയില്ലാത്ത 1937 പദ്ധതികള്‍ക്കായി 23,885.47 കോടി രൂപ വക മാറ്റി. 2020–21ല്‍ 2,775 കേസുകളിലായി 8,127 കോടി രൂപയാണ് അനുമതിയില്ലാത്ത പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. 2018, 19 വര്‍ഷങ്ങളിലും ഇതേ രീതിയിലുള്ള കണ്ടെത്തലുകള്‍ ഉണ്ടായെങ്കിലും പരിഹാര നടപടികള്‍ ഉണ്ടായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. അനുമതിയില്ലാത്ത പദ്ധതികള്‍ക്ക് തുക വിനിയോഗിക്കുക എന്നതിനര്‍ത്ഥം അഴിമതി തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ്. ദേശീയപാത നിര്‍മ്മാണത്തില്‍ കാലവിളംബം മൂലം സംഭവിച്ച സാമ്പത്തിക നഷ്ടവും ഭാരത് മാല പദ്ധതിയില്‍ ദേശീയപാതകള്‍ അനുവദിക്കുന്നതിലെ ക്രമവിരുദ്ധതയുമാണ് പ്രധാനമായും എടുത്തുപറഞ്ഞിരിക്കുന്നത്. മന്ത്രിതല സമിതി അംഗീകരിച്ച കിലോമീറ്ററിന് 13.89 കോടിയെന്ന തുകയ്ക്ക് പകരം 23.89 കോടി വരെ ചെലവിടേണ്ടിവന്നു. 1.39 കോടിക്ക് പകരം 8.28 കോടി ചെലവഴിക്കേണ്ടി വന്ന സാഹചര്യവുമുണ്ടായി. ഇങ്ങനെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം വലിയ നഷ്ടമുണ്ടായതിന്റെ വിവരങ്ങളാണ് സിഎജി റിപ്പോര്‍ട്ടുകളിലുള്ളത്. രാജ്യത്തെ ബഹുഭൂരിപക്ഷത്തെയും ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് എന്ന പേരില്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നടന്ന വ്യാപകമായ ക്രമക്കേടുകളും  അഴിമതിയോടുള്ള അസഹിഷ്ണുതയല്ല വെളിപ്പെടുത്തുന്നത്. സാമൂഹ്യ ക്ഷേമവിഭാഗത്തില്‍ വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക പരസ്യത്തിനായി വിനിയോഗിച്ചതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനങ്ങള്‍ മുഖേന നല്‍കുന്ന പെന്‍ഷന്‍ തുകയ്ക്കുള്ള വിഹിതം കുടിശികയായി നില്‍ക്കെയാണ് പ്രസ്തുത തുക വക മാറ്റിയത്.
ഇതിന് പുറമേയാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷ(സിവിസി)ന് ലഭിച്ച പരാതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഴിമതിപ്പരാതികളില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2022ല്‍ 1,15,203 പരാതികളാണ് സിവിസിക്ക് ലഭിച്ചത്. അതില്‍ 46,643 എണ്ണം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ കുറിച്ചുള്ളതാണ്. 10,580 എണ്ണം റെയില്‍വേ മന്ത്രാലയം ഉദ്യോഗസ്ഥരുടെയും 8,129 ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ അഴിമതികളെ കുറിച്ചുള്ളവയുമാണ്. ഡല്‍ഹി നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി, നഗര വികസനം, ഡല്‍ഹി വികസന അതോറിട്ടി, ഡല്‍ഹി മെട്രോ റെയില്‍, ഹിന്ദുസ്ഥാന്‍ പ്രീഫാബ്, ഖനി, തൊഴില്‍, പെട്രോളിയം മന്ത്രാലയങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥ അഴിമതിയെക്കുറിച്ചുള്ള പരാതികളും ലഭിച്ചുവെന്നാണ് സിവിസി റിപ്പോര്‍ട്ടിലുള്ളത്. നാഴികയ്ക്ക് നാല്പതുവട്ടം അഴിമതിക്കെതിരാണെന്ന് പറയുന്ന നരേന്ദ്ര മോഡിയുടെ ഭരണത്തിലാണ് ഇതുവരെയില്ലാത്തവിധം അഴിമതികളും അതുസംബന്ധിച്ച പരാതികളും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അഴിമതിക്കെതിരായ നിലപാടുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ സിഎജി ചൂണ്ടിക്കാട്ടിയ പരാതികള്‍ പരിഹരിക്കുവാനോ ആവര്‍ത്തിക്കാതിരിക്കുവാനോ ശ്രമിക്കുമായിരുന്നു. അതിന് തയ്യാറായില്ലെന്നതുകൊണ്ടാണ് വീണ്ടുംവീണ്ടും സിഎജിയുടെ റിപ്പോര്‍ട്ടുകളില്‍ അഴിമതിയും വകമാറ്റലുകളും കണ്ടെെത്തുന്നത്. അതുകൊണ്ടുതന്നെ അഴിമതിക്കെതിരായ മോഡിയുടെ പ്രഖ്യാപനങ്ങളും കേവലം വാചാടോപങ്ങള്‍ തന്നെയാണെന്ന് തെളിയുകയാണ് ഈ റിപ്പോര്‍ട്ടുകളിലൂടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.